IndiaNEWS

നീണ്ട പത്തുവർഷത്തിനുശേഷവും ബിജെപിക്ക്  വോട്ടുനേടാൻ മുസ്ലിങ്ങൾ വേണമെങ്കിൽ നിങ്ങളോട് സഹതാപം മാത്രം: നരേന്ദ്രമോദിക്കെതിരെ കോണ്‍.എംഎല്‍എ

ബെംഗളൂരു: മുസ്ലിങ്ങളെ പേരെടുത്തു പറഞ്ഞ് പ്രധാനമന്ത്രി മോദി നടത്തിയ പ്രസംഗത്തിനെതിരേ കർണാടക ശിവാജി നഗറിലെ എംഎല്‍എ റിസ്വാൻ അർഷാദിന്റെ മറുപടി ചർച്ചയാകുന്നു.
നീണ്ട പത്തുവർഷത്തിനുശേഷവും ബിജെപിക്ക്  വോട്ടുനേടാൻ മുസ്ലിങ്ങൾ വേണമെങ്കിൽ നിങ്ങളോട് സഹതാപം മാത്രം എന്നായിരുന്നു റിസ്വാൻ പറഞ്ഞത്.രാജ്യത്തെ മുസ്ലിങ്ങളെല്ലാം മരിച്ചു എന്ന് സങ്കല്‍പിക്കുക. എങ്കില്‍ നിങ്ങളിനി ആരുടെ പേര് പറഞ്ഞ് വോട്ടു തേടുമെന്നും റിസ്വാൻ ചോദിച്ചു.

“പ്രധാനമന്ത്രി പറഞ്ഞത് അതിരുകടന്നതും നാണം കെട്ടതുമായ പരാമർശമാണ്. പ്രധാനമന്ത്രിയോട് സഹതാപം തോന്നുന്നു. 10 നീണ്ട വർഷത്തെ ഭരണത്തിനു ശേഷം നിങ്ങള്‍ക്കൊരു നേട്ടവും ചൂണ്ടിക്കാണിക്കാനില്ല. അധികാരത്തിലേറാൻ മുസ്ലിങ്ങളെ വെറുപ്പിലൂടെ ലക്ഷ്യം വെക്കുകയാണ്. അങ്ങനെയെങ്കില്‍ ഈ പത്ത് വർഷവും നിങ്ങള്‍ എന്ത് ചെയ്യുകയായിരുന്നു. രാജ്യത്തെ മുസ്ലിങ്ങളെല്ലാം മരിച്ചു എന്ന് സങ്കല്‍പിക്കുക. എങ്കില്‍ നിങ്ങളിനി ആരുടെ പേര് പറഞ്ഞ് വോട്ടു തേടും.

സ്ത്രീകള്‍ അവരുടെ താലിവില്‍ക്കുന്നുവെന്ന് പറഞ്ഞു. അങ്ങനെയൊരു ഗതികേടിലേക്ക് ജനങ്ങളെത്തിയത് നിങ്ങളുടെ സർക്കാർ അധികാരത്തില്‍ വന്നതിനു ശേഷമുണ്ടായ പണപ്പെരുപ്പം കാരണമാണ്, പെട്രോള്‍ ഡീസല്‍ വിലവർധനവ് മൂലമാണ്, ഭക്ഷ്യ ധാന്യങ്ങളുടെ വില കൂടിയത് കാരണമാണ്”, റിസ്വാൻ അർഷാദ് പറഞ്ഞു

ഈ പത്ത് വർഷത്തെ നിങ്ങളുടെ പ്രധാനനേട്ടമെന്താണെന്ന ഒരേയൊരു ചോദ്യമേ തനിക്ക് പ്രധാനമന്ത്രിയോട് ചോദിക്കാനുള്ളൂ എന്നും റിസ്വാൻ എംഎല്‍എ പറഞ്ഞു. ” പത്ത് വർഷത്തെ നിങ്ങളുടെ പ്രധാനനേട്ടമെന്താണ്.അങ്ങിനെ വലിയൊരു നേട്ടമുണ്ടെങ്കില്‍ നിങ്ങളെന്തു കൊണ്ട് അതേക്കുറിച്ച്‌ സംസാരിക്കുന്നില്ല. എന്ത് കൊണ്ട് ഇപ്പോഴും മുസ്ലിം സമുദായത്തിന്റെ പേര് വലിച്ചിഴക്കുന്നു. ഗുജറാത്ത് ദിനങ്ങള്‍ക്ക് ശേഷം നിങ്ങളെന്തു കൊണ്ട് മാറിയില്ല. പാർട്ടിക്കതീതമായി നിങ്ങള്‍ വളർന്നെന്ന് പറയുന്നു. അങ്ങനെ വളർന്ന വ്യക്തിക്ക് ഇത്രതരം താണ് സംസാരിക്കാനാവുമോ. ഇതാണോ നിങ്ങളുടെ സബ്കാ സാഥ് സബ്കാ വികാസ്.. നിങ്ങളുടെ എല്ലാ മുദ്രാവാക്യങ്ങളും പൊള്ളയാണ്.”

ഇത്രവലിയൊരു രാജ്യത്തിന്റെ ഇത്ര പരമോന്നത പദവിയിലിക്കുന്ന ഒരാള്‍ ഇത്രത്തോളം തരംതാഴുന്നത് താനാദ്യമായാണ് കാണുന്നതെന്നും റിസ്വാൻ അർഷാദ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: