ന്യൂഡല്‍ഹി: ആദ്യഘട്ടം തിരഞ്ഞെടുപ്പില്‍ വോട്ടിങ് ശതമാനം കുറഞ്ഞതാണ്, ബിജെപി തിരഞ്ഞെടുപ്പു പ്രചാരണ തന്ത്രത്തില്‍ പൊടുന്നനെ മാറ്റം കൊണ്ടുവരാന്‍ കാരണമെന്നു വിലയിരുത്തപ്പെടുന്നു. വികസനം, മോദി ഗാരന്റി തുടങ്ങിയ മുദ്രാവാക്യങ്ങളില്‍നിന്ന് വര്‍ഗീയ വിഭജനമെന്ന തന്ത്രത്തിലേക്കുള്ള മാറ്റത്തിനു പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ നേതൃത്വം നല്‍കുകയും ചെയ്തു.
കോണ്‍ഗ്രസും മറ്റു പ്രതിപക്ഷ കക്ഷികളും ശക്തമായി രംഗത്തുവരികയും തിരഞ്ഞെടുപ്പു കമ്മിഷന് ഒട്ടേറെ പരാതികള്‍ ലഭിക്കുകയും ചെയ്തിട്ടും മൂന്നാംദിവസവും പറഞ്ഞത് ഉച്ചത്തില്‍ ആവര്‍ത്തിക്കുകയാണു മോദി ചെയ്തത്. അംബേദ്കര്‍ കൊണ്ടുവന്ന സംവരണം ഒരു സമുദായത്തിനു വേണ്ടി കോണ്‍ഗ്രസ് അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന പുതിയ ആരോപണം കൂടി ഇന്നലെ ഉന്നയിച്ചു. ബിജെപിയിലെ മറ്റു നേതാക്കള്‍ അത് ഏറ്റെടുക്കുകയും ചെയ്തു.
കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ യുപിയില്‍ ശരീഅത്ത് നിയമം നടപ്പാക്കുമെന്നു മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇന്നലെ പ്രസംഗിച്ചു. പൗരത്വ നിയമം റദ്ദാക്കുമെന്ന കോണ്‍ഗ്രസ് വാഗ്ദാനം ഭരണഘടനാ വിരുദ്ധമാണെന്നു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായും പ്രതികരിച്ചു.
മൂന്നാം തവണയും മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ ഭരണഘടന മാറ്റുമെന്ന് യുപിയില്‍ സമാജ്വാദി പാര്‍ട്ടി നടത്തുന്ന പ്രചാരണം ചെറുചലനമുണര്‍ത്തിയിരുന്നു. കോണ്‍ഗ്രസ് ഭരണഘടനയെ അവഹേളിക്കുന്നുവെന്ന ഊന്നലിനു കാരണം അതാണ്. ബിജെപി കൂടുതല്‍ സീറ്റ് പ്രതീക്ഷിക്കുന്ന സംസ്ഥാനത്ത് രജപുത്രര്‍, സൈനി, ലോധി തുടങ്ങിയ വിഭാഗങ്ങള്‍ പാര്‍ട്ടിക്കെതിരെ പരസ്യ നിലപാടെടുക്കുകയും ചെയ്തിരുന്നു. ഇതെല്ലാം മറികടക്കാന്‍ ഹിന്ദു-മുസ്ലിം വിഭജനതന്ത്രത്തിലൂടെ കഴിയുമെന്നാണു കണക്കുകൂട്ടല്‍.
ആദ്യഘട്ട വോട്ടെടുപ്പില്‍ ബിജെപി പ്രതീക്ഷവച്ച പടിഞ്ഞാറന്‍ യുപിയിലും മറ്റും വോട്ടിങ് വലിയതോതില്‍ കുറഞ്ഞു. ബിഹാര്‍, രാജസ്ഥാന്‍, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലും 2019 നെ അപേക്ഷിച്ച് പോളിങ്ങില്‍ ഗണ്യമായ കുറവുണ്ടായി. ഉത്തരാഖണ്ഡില്‍ 2019 ല്‍ 61.48% ഉണ്ടായിരുന്നത് ഇത്തവണ 55.89% ആയി.
മൂന്നാം വട്ടവും മോദി സര്‍ക്കാര്‍ തന്നെയെന്ന പ്രചാരണത്തെത്തുടര്‍ന്ന് ഉറച്ച വോട്ടര്‍മാരിലെ അലസതയും അതിനു കാരണമായിട്ടുണ്ടാകാമെന്നാണ് പാര്‍ട്ടി നേതാക്കള്‍ കരുതുന്നത്. രാമക്ഷേത്ര വിഷയം ഒന്നാംഘട്ടത്തില്‍ സജീവമാക്കിയിരുന്നെങ്കിലും അതിലുമേറെ വോട്ടര്‍മാരെ ഇളക്കാന്‍ പറ്റിയ വിഷയം ന്യൂനപക്ഷ പ്രീണനാരോപണമാണെന്നു ഹിന്ദി ഹൃദയഭൂമിയില്‍ മുന്‍ തിരഞ്ഞെടുപ്പുകളിലും തെളിഞ്ഞതാണ്.