KeralaNEWS

കേരളം തുലച്ചത് കോടികളുടെ കേന്ദ്ര ഫണ്ട്; നേട്ടമുണ്ടാക്കി തമിഴ്നാടും കര്‍ണാടകയും

തിരുവനന്തപുരം: കേന്ദ്ര നാളികേര വികസന ബോര്‍ഡ് നാളികേരവികസന പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തിന് അനുവദിച്ച തുകയില്‍ 8.73 കോടി രൂപ കേരളം പാഴാക്കി. തെങ്ങ് പുനരുദ്ധാരണത്തിനും പ്രദര്‍ശനത്തോട്ടം ഒരുക്കാനുമായുള്ള പദ്ധതിക്കായി 2017 മുതല്‍ 2022 വരെ അനുവദിച്ച 39.14 കോടിയില്‍ 30.41 കോടി മാത്രമാണ് കേരളം ചെലവഴിച്ചത്.

ഈ കാലയളവില്‍ തൊട്ടടുത്ത സംസ്ഥാനമായ തമിഴ്‌നാട് 77.49 കോടിയും കര്‍ണാടകം 62.43 കോടിയും ആന്ധ്രപ്രദേശ് 41.62 കോടിയും ചെലവഴിച്ചതായാണ് കണക്കുകള്‍. സംസ്ഥാനത്ത് 7,65,440 ഹെക്ടറിലാണ് നാളികേരക്കൃഷി. കര്‍ണാടകയില്‍ 6,04,230 ഹെക്ടറിലും തമിഴ്‌നാട്ടില്‍ 4,46,150 ഹെക്ടറിലും ആന്ധ്രയില്‍ 1,06,000 ഹെക്ടറിലും നാളികേരക്കൃഷിയുണ്ട്. കേര ഗ്രാം എന്ന പേരിലാണ് കേരളത്തില്‍ പദ്ധതി നടപ്പാക്കുന്നത്.

രൂപരേഖ തയ്യാറാക്കിയ പദ്ധതികള്‍ക്ക് തുക ചെലവഴിച്ചെന്നും സംസ്ഥാനത്തെ സാഹചര്യത്തിന് യോജിക്കാത്ത മാനദണ്ഡങ്ങളും വ്യവസ്ഥകളും ഉള്‍പ്പെടുത്തിയിരുന്നതിനാലാണ് തുക പൂര്‍ണമായി ചെലവഴിക്കാനാവാതെ വന്നതെന്നുമാണ് അധികൃതരുടെ വിശദീകരണം. കൊവിഡ് കാലത്തും പ്രളയ കാലത്തും പദ്ധതിനടത്തിപ്പിന് തടസം നേരിടുകയും ചെയ്തിരുന്നു.

പദ്ധതികളും ഫണ്ടും നേടിയെടുക്കുന്നതിലും നാളികേരക്കൃഷി വ്യാപിപ്പിക്കുന്നതിലും കേരളം ഒഴികെയുള്ള മറ്റ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ മുന്നിലാണ്. ഇവര്‍ ഉത്പാദിപ്പിക്കുന്ന നാളികേരത്തില്‍ വലിയൊരു ഭാഗം ഇളനീരായാണ് വിറ്റഴിക്കുന്നത്. കേരളത്തിലെ വിപണികളില്‍പ്പോലും ഇവ എത്തുന്നു. നാളികേരം പൊതിച്ചും തൊണ്ടോടുകൂടിയും കേരളത്തിലേക്ക് എത്തുന്നുണ്ട്. വെളിച്ചെണ്ണയും തേങ്ങാപ്പാലും മറ്റ് ഉത്പന്നങ്ങളും സംസ്ഥാനത്തേക്ക് എത്തുമ്പോള്‍ വിലയിടിവും ഉത്പാദനക്കുറവും മൂല്യവര്‍ദ്ധിത ഉത്പന്നങ്ങള്‍ നിര്‍മ്മിക്കാനുള്ള പദ്ധതിയില്ലാതെയും പ്രതിസന്ധി നേരിടുകയാണ് ഇവിടത്തെ കര്‍ഷകര്‍.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: