Breaking NewsKeralaLead NewsNEWSNewsthen Specialpolitics

നിങ്ങളില്‍ ചിലര്‍ മത്സരിച്ചേക്കാം, ചിലര്‍ മത്സരിച്ചേക്കില്ല; എല്‍ഡിഎഫ് യോഗത്തില്‍ മുന്നറിയിപ്പുമായി മുഖ്യമന്ത്രി; നേമത്ത് ശിവന്‍കുട്ടിയെന്ന് സൂചന; പ്രചാരണത്തിനു തുടക്കമായി നിക്ഷേപകരെ കണ്ടു

തിരുവനന്തപുരം: മണ്ഡലങ്ങളില്‍ ആരാകും മല്‍സരിക്കാന്‍ വരുന്നതെന്ന് നോക്കേണ്ടെന്നും ഇപ്പോഴത്തെ പ്രവര്‍ത്തനങ്ങളില്‍ സജീവമായി മുന്നോട്ട് പോകാനും എംഎല്‍എമാരോട് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയില്‍ ചേര്‍ന്ന എല്‍ഡിഎഫിന്റെ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് നിര്‍ദേശം.

നിങ്ങളില്‍ ചിലര്‍ മല്‍സരിച്ചേക്കാം, ചിലര്‍ മല്‍സരിച്ചേക്കില്ല. ഇപ്പോഴത്തെ പ്രവര്‍ത്തനങ്ങളെ അതൊന്നും ബാധിക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി ഇടത് എം.എല്‍.എമാരോട് പറഞ്ഞു. നിര്‍ണായകമായ തിരഞ്ഞെടുപ്പാണ് വരുന്നത്. മുന്നണിക്ക് വിജയമുണ്ടാകാനുള്ള പ്രവര്‍ത്തനങ്ങള്‍ എല്ലാവരുടെ ഭാഗത്തുനിന്നു വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Signature-ad

അതേസമയം, നേമത്ത് എല്‍ഡിഎഫിനായി ആരിറങ്ങുമെന്ന ചര്‍ച്ചയ്ക്കിടെ മന്ത്രി വി. ശിവന്‍കുട്ടി വീണ്ടും സ്ഥാനാര്‍ഥി ആയേക്കും. സിപിഎം ഭരണസമിതി വഴിയാധാരമാക്കിയ നേമം സര്‍വീസ് സഹകരണ ബാങ്കിലെ നിക്ഷേപകരുടെ ആശങ്ക അറിയാന്‍ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെ മന്ത്രി നേരിട്ടെത്തി. ബാങ്കിലെ ക്രമക്കേട് തുറന്ന് സമ്മതിച്ച മന്ത്രി നിക്ഷേപകര്‍ക്ക് ഒപ്പമാണെന്ന് ആവര്‍ത്തിച്ച്, പ്രാദേശിക സിപിഎം നേതാക്കളെയും കൂട്ടിയുള്ള ഇടപെടല്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ തുടക്കമെന്നാണ് വിലയിരുത്തല്‍. ബിജെപിയുടെ അക്കൗണ്ട് പൂട്ടിച്ചെന്ന് നിരന്തരം പറയുന്ന സിപിഎമ്മിന് നേമം നിലനിര്‍ത്തുക പ്രധാനമാണ്. അങ്ങനെയാവുമ്പോള്‍ സിറ്റിങ് എംഎല്‍എയും മന്ത്രിയുമായ വി.ശിവന്‍കുട്ടിയെ തന്നെ മല്‍സരരംഗത്ത് ഇറക്കണമെന്നാണ് പൊതുവികാരം.

മറ്റ് പല പേരുകളും ഉയര്‍ന്ന് വരുന്നുണ്ടെങ്കിലും ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ നേമത്ത് സീറ്റുറപ്പിച്ച സാഹചര്യത്തില്‍ ശിവന്‍കുട്ടിയിലൂടെ മല്‍സര രംഗത്ത് മുന്നേറാനാവുമെന്നാണ് എന്ന് എല്‍ഡിഎഫിന്റെ കണക്ക് കൂട്ടല്‍. വിജയ സാധ്യതയ്ക്ക് തടസം പറയുന്നതിലെ ഒരുഘടകം സിപിഎം ഭരണസമിതി ക്രമക്കേട് കാട്ടി കടുത്ത പ്രതിസന്ധിയിലാക്കിയ നേമം സര്‍വീസ് സഹകരണ ബാങ്കിലെ നിക്ഷേപകരുടെ ആശങ്കയാണ്. നൂറിലേറെ കോടി രൂപയുടെ തട്ടിപ്പാണ് നടന്നത്. വര്‍ഷങ്ങളായി സമരമുഖത്തുള്ള നിക്ഷേപകരെ കാണാന്‍ മന്ത്രി നേരിട്ടെത്തി. തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെ.

തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ നില്‍ക്കുന്ന സാഹചര്യത്തില്‍ എന്തെങ്കിലും നീക്കുപോക്കുണ്ടാകുമോ എന്ന് നിക്ഷേപകര്‍. എന്തായാലും മന്ത്രി വന്നു. സങ്കടക്കടലിലായ നിക്ഷേപകരെ അഭിസംബോധന ചെയ്തു. പണം നഷ്ടപ്പെട്ടതിന്റെ പേരില്‍ കലഹിച്ച് നില്‍ക്കുന്നവരെ ഒപ്പം കൂട്ടാന്‍ ശ്രമിക്കുന്ന സിപിഎമ്മിനും ശിവന്‍കുട്ടിക്കും നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇത് ആദ്യ പ്രചരണ കണ്‍വന്‍ഷന് സമാനം.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: