ദമ്പതിമാരെന്ന വ്യാജേന താമസിച്ച് കഞ്ചാവ് വില്‍പ്പന നടത്തുകയായിരുന്ന യുവാവിനെയും യുവതിയെയും പൊലീസ് അറസ്റ്റ് ചെയ്തു.
കണ്ണൂർ തളിപ്പറമ്പ് കരിമ്പത്തെ വാടകവീട്ടില്‍ ദമ്പതിമാരെന്ന വ്യാജേന താമസിച്ച് കഞ്ചാവ് വില്‍പ്പന നടത്തി വന്ന യുവാവും യുവതിയുമാണ് പൊലീസ് വലയിൽ കുടുങ്ങിയത്. ഉത്തർപ്രദേശ് സിദ്ധാര്‍ഥ് നഗറിലെ അബ്ദുള്‍ റഹ്‌മാന്‍ അന്‍സാരി (21), അസം നാഗോണിലെ മോനറ ബീഗം (20) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്ന് 1.21 കിലോ കഞ്ചാവും പിടിച്ചെടുത്തു.
അന്യസംസ്ഥാനക്കാർ ഉള്‍പ്പെടെ ഒട്ടേറെപ്പേർ പകലും രാത്രിയിലും, ഈ വീട്ടിൽ സന്ദര്‍ശകരായി എത്തിയിരുന്നു. ഇതിൽ സംശയം തോന്നിയ പരിസരവാസികള്‍ പൊലീസിന്റെ ശ്രദ്ധയില്‍ പെടുത്തുകയായിരുന്നു. വ്യാഴാഴ്ച രാത്രിയാണ് പോലീസ് സംഘം വീട്ടിലെത്തിയത്.
തളിപ്പറമ്പ് ഡിവൈ.എസ്.പി പ്രമോദിൻ്റെ നിർദ്ദേശപ്രകാരം എസ്.ഐ, പി. റഫീഖ്, സി.പി.ഒ.മാരായ ഷാജു തോമസ്, ലതിക, ഡ്രൈവര്‍ മുജീബ് തുടങ്ങിയവരാണ് പ്രതികളെ കുടുക്കിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
സംസ്ഥാനത്തിൻ്റെ വിവിധ പ്രദേശങ്ങളിൽ ദമ്പതിമാർ എന്ന വ്യാജേന താമസിച്ച് യുവതികൾ ലഹരിമരുന്ന് വില്പനയും അനാശാസ്യ പ്രവർത്തനങ്ങളും നടത്തുന്നുണ്ട്. ഇക്കാര്യം ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും അന്യ സംസ്ഥാന തൊഴിലാളികൾക്ക് വീട് വാടകയ്ക്ക് നൽകുന്നവർ ജാഗ്രത പുലർത്തണമെന്നും പൊലീസ് അറിയിച്ചു.