വികസനം, സുരക്ഷ, വിശ്വാസ സംരക്ഷണം; തിരുവനന്തപുരത്ത് മോദിയുടെ പ്ലാന്‍ മാറ്റിമറിച്ച് പുതിയ അധ്യക്ഷന്‍; ചുമതലയേറ്റതിനു പിന്നാലെ കരുനീക്കി നിതിന്‍ നബീന്; പരമ്പരാഗത സങ്കല്പങ്ങള് പൊളിച്ചെഴുതുമോ? കോണ്‍ഗ്രസിനെ മലര്‍ത്തിയടിച്ച തന്ത്രങ്ങള്‍ കേരളത്തിലും പരീക്ഷിക്കും

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തിരുവനന്തപുരം സന്ദര്‍ശനത്തില്‍ റോഡ് ഷോ ഉള്‍ക്കൊള്ളിച്ചത് ബിജെപിയുടെ പുതിയ ദേശീയ അധ്യക്ഷന്‍ നിതിന്‍ നബീന്റെ നിര്‍ദേശപ്രകാരം. ബിജെപിയുടെ 12-ാമത് ദേശീയ അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെയാണു ബിഹാറില്‍നിന്നുള്ള നിതിന്‍ നബീന് കേരളം ലക്ഷ്യമാക്കിയുള്ള നീക്കത്തിനു കരുക്കള്‍ നീക്കുന്നത്. ബിഹാറിനു പുറത്ത് പരിചിതനോ ക്രൗഡ് പുള്ളറോ അല്ലെങ്കിലും തന്ത്രങ്ങള്‍ മെനയുന്നതില്‍ ഈ 45 കാരന്റെ കഴിവു തിരിച്ചറിഞ്ഞാണ് നിര്‍ണായക സ്ഥാനത്തേക്ക് എത്തിക്കുന്നത്.
തിരുവനന്തപുരത്ത് എത്തുന്ന മോഡി, കോര്‍പറേഷന്റെ വികസന രേഖ മാത്രമല്ല നിയമസഭാ തെരഞ്ഞെടുപ്പിനും തുടക്കം കുറിക്കും. പുത്തരിക്കണ്ടം മൈതാനത്ത് ചേരുന്ന സമ്മേളത്തിന് ഇരുപത്തയ്യായിരം പേരെ പങ്കെടുപ്പിക്കാനാണ് ബി.ജെ.പി ശ്രമം. നിതിന്‍ നബീന് ബിജെപി ദേശീയ അധ്യക്ഷനായി ചുമതലയേറ്റവേളയിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവനന്തപുരത്ത് ബിജെപി മേയര്‍ അധികാരത്തിലെത്തിയതിനെക്കുറിച്ച് പറഞ്ഞത്. നേരത്തെ അസം, പശ്ചിമബംഗാള്‍ എന്നിവിടങ്ങളിലെ യോഗങ്ങളിലും മോദി തിരുവനന്തപുരത്തെക്കുറിച്ചു പരാമര്‍ശിച്ചിരുന്നു.
ഈ വിജയത്തിന്റെ പ്രതിഫലനം നിയമസഭാ തിരഞ്ഞെടുപ്പിലും ബിജെപി ലക്ഷ്യമിടുന്നു. അതുകൊണ്ടുതന്നെ പ്രധാനമന്ത്രി യോഗത്തില്‍ പ്രസംഗിച്ചാല്‍ മാത്രം പോര. റോഡ് ഷോയും വേണമെന്ന് നിതിന്‍ നബീന് നിര്‍ദേശിച്ചു. ഇതേത്തുടര്‍ന്നാണ് നേരത്തെ അജന്‍ഡയിലില്ലാത്ത റോഡ് ഷോ കൂടി ഉള്‍പ്പെടുത്തിയത്. വിമാനത്താവളത്തില്‍ നിന്ന് പുത്തരിക്കണ്ടത്തെ വേദിയില്‍ എത്തുന്നതിന് മുമ്പായിരിക്കും പ്രധാനമന്ത്രി റോഡ് ഷോ തിരുവനന്തപുരം കോര്‍പറേഷന്റെ വികസന രേഖ മേയര്‍ വി.വി. രാജേഷിന് നല്കി പ്രകാശനം ചെയ്യുന്നതോടൊപ്പം തിരഞ്ഞെടുപ്പ് പ്രചാരണത്തിനും പ്രധാനമന്ത്രി തുടക്കമിടും. തെക്കന്‍ ജില്ലകളില്‍ നിന്ന് 25,000 പ്രവര്‍ത്തകര്‍ പങ്കെടുക്കും. ‘വികസനം, സുരക്ഷ, വിശ്വാസ സംരക്ഷണം’ എന്നതാണ് മുദ്രാവാക്യം
ഈമാസം അവസാനം അന്‍പത് സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനാണ് ബി.ജെ.പി ഒരുങ്ങുന്നത്. സ്ഥാനാര്‍ഥിത്വം ഉറപ്പായ രാജീവ് ചന്ദ്രശേഖര്‍, വി. മുരളീധരന്, പി.കെ. കൃഷ്ണദാസ് തുടങ്ങിയവര്‍ പ്രധാനമന്ത്രിയ്ക്കൊപ്പം വേദിയിലുണ്ടാകും. ദേശീയ അധ്യക്ഷന്‍ നിതിന്‍ നബീനും വൈകാതെ കേരളത്തിലെത്തിക്കാനാണ് ബി.ജെ.പി സംസ്ഥാന നേതൃത്വത്തിന്റെ നീക്കം
സ്ഥാനമൊഴിഞ്ഞ അധ്യക്ഷന്‍ ജെ.പി. നഡ്ഡ, കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, ആഭ്യന്തര മന്ത്രി അമിത് ഷാ, ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി എന്നിവരുടെ പിന്തുണയോടെയാണു നിബിന് അധികാരത്തിലേക്ക് എത്തുന്നത്. നബിന് അനുകൂലമായി 37 സെറ്റ് നാമനിര്‍ദ്ദേശ പത്രികകളാണ് ലഭിച്ചത്. പ്രധാനമന്ത്രിയും നിലവിലെ ദേശീയാധ്യക്ഷന്‍ ജെ.പി.നഡ്ഡയും അമിത് ഷായടക്കമുള്ള കേന്ദ്രമന്ത്രിമാരും നിതിനായി നാമനിര്‍ദേശ പത്രിക നല്കി. കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ നേതാക്കളും നിതിനെ നാമനിര്‍ദേശം ചെയ്തു. ഒരു മാസം മുമ്പാണ് നിതിന്‍ നബീന് ദേശീയ വര്‍ക്കിങ് പ്രസിഡന്റായി ചുമതലയേറ്റത്.
ആറുവര്‍ഷം പാര്‍ട്ടിയെ നയിച്ച ജെ.പി.നഡ്ഡയ്ക്ക് പകരക്കാരനായി ബിഹാറില്‍ നിന്നുള്ള ഈ 45 കാരനെ ബി.ജെ.പി ചുമതലയേല്‍പ്പിക്കുന്നത് കൃത്യമായ കണക്കുകൂട്ടലോടെയാണ്. മുന്നിലുള്ള വെല്ലുവിളികളും ഏറെയാണ്. ബിഹാറിന് പുറത്ത് പരിചിതനല്ല, വാഗ്മിയോ ക്രൗഡ് പുള്ളറോ അല്ല, ബിഹാര്‍ ജനസംഖ്യയില്‍ 0.6 ശതമാനം മാത്രം വരുന്ന, ജാതി സമവാക്യങ്ങളില്‍ നിര്‍ണായകമല്ലാത്ത കയസ്ത വിഭാഗക്കാരന്.
പരമ്പരാഗത സങ്കല്പങ്ങളെല്ലാം പൊളിച്ചെഴുതിയാണ് നിതിന്‍ നബീന് രാജ്യം ഭരിക്കുന്ന പാര്‍ട്ടിയെ നയിക്കാന്‍ എത്തുന്നത്. ബി.ജെ.പി നല്കുന്ന സന്ദേശം വ്യക്തം. പാരമ്പര്യവും പ്രായവും വ്യക്തിപ്രഭാവവുമല്ല, പ്രവര്‍ത്തനമികവാണ് അംഗീകാരങ്ങള്‍ക്കുള്ള മാനദണ്ഡം. ഒപ്പം പാര്‍ട്ടിയില്‍ രണ്ടാംതലമുറ നേതൃത്വത്തെ ഉയര്‍ത്തിക്കൊണ്ടുവരിക എന്ന ലക്ഷ്യവും. 2023 ലെ ഛത്തീസ്ഗഡ് നിയമസഭാ തിരഞ്ഞെടുപ്പിലാണ് ഈ ബിഹാറുകാരന് സംഘടനാപാടവം ശ്രദ്ധിക്കപ്പെട്ടത്.
ഭൂപേഷ് ഭാഗേലിന്റെ നേതൃത്വത്തില്‍ ഭരണത്തുടര്‍ച്ച പ്രതീക്ഷിച്ച കോണ്‍ഗ്രസിനെ മലര്‍ത്തിയടിച്ചത് ബി.ജെ.പിയുടെ കോ ഇന്‍ചാര്‍ജ് ആയിരുന്ന നിതിന്‍ നബീന്റെ തന്ത്രങ്ങളായിരുന്നു. ഒന്നരവര്‍ഷത്തോളം സംസ്ഥാനത്ത് താമസിച്ച് പ്രവര്‍ത്തിച്ചു. മുതിര്‍ന്ന നേതാക്കളെയും താഴെത്തട്ടിലുള്ള പ്രവര്‍ത്തകരെയും ഒരുപോലെ ഏകോപിപ്പിച്ചു. 2024 ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോ ഇന്‍ചാര്‍ജില്‍ നിന്ന് ഇന്‍ ചാര്‍ജ് ആയി പ്രമോഷന്.
ഛത്തീസ്ഗഡിലെ 11 ല്‍ 10 സീറ്റും നേടിയാണ് ബിജെപി വിജയിച്ചത്. യുവമോര്‍ച്ച ദേശീയ ജനറല്‍ സെക്രട്ടറിയും, ബിഹാര്‍ സംസ്ഥാന അധ്യക്ഷനും ആയിരുന്നു. രണ്ടുപതിറ്റാണ്ടായി എംഎല്‍എയാണ്. മന്ത്രിയെന്ന നിലയില്‍ പല വകുപ്പുകള്‍ കൈകാര്യം ചെയ്തു. സംഘടനാ പാടവം, ഭരണമികവ് എന്നിവ ഒരുപോലെ തെളിയിച്ചാണ് പാര്‍ട്ടിയിലെ ഒന്നാമനാവുന്നത്. യുവതലമുറയെ ആകര്‍ഷിക്കാന്‍ നിതിന്‍ നബീനെ പോലൊരാള്‍ക്ക് സാധിക്കും എന്ന് ബി.ജെ.പി കണക്കുകൂട്ടുന്നു. ആത്മാര്‍ഥമായി പ്രവര്‍ത്തിച്ചാല്‍ അംഗീകാരം ലഭിക്കുമെന്ന വിശ്വാസം അണികളിലുമുണ്ടാക്കാം.
കേരളം അടക്കം അഞ്ചു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പാണ് നിതിന്‍ നബീന് മുന്നിലെ ആദ്യ വെല്ലുവിളി. 2029 ലെ ലോക്സഭാ തിരഞ്ഞെടുപ്പാവുമ്പോഴേക്കും മോദി അമിത് ഷാ ദ്വയത്തിന് പിന്നില്‍ അണിനിരക്കാന്‍ പുതിയൊരു നേതൃനിരയെ ഒരുക്കുകയെന്നത് വിശാലലക്ഷ്യം.






