Breaking NewsCrimeKeralaLead NewsNEWSNewsthen Specialpolitics

രാഹുല്‍ ക്രൂരനായ ലൈംഗിക കുറ്റവാളി; മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്ത് ആദ്യ പരാതിക്കാരി; ‘ഗര്‍ഭിണിയായിരിക്കേ മൃഗീയമായി പീഡിപ്പിച്ചു, നഗ്നദൃശ്യങ്ങള്‍ പകര്‍ത്തി, ദൃശ്യങ്ങള്‍ പുറത്താകുമെന്നും ഭയം’

കൊച്ചി:  പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്ത് ആദ്യ ബലാല്‍സംഗക്കേസിലെ പരാതിക്കാരി. രാഹുല്‍ ക്രൂരനായ ലൈംഗിക കുറ്റവാളിയെന്ന് ആരോപണം. ഗര്‍ഭിണിയായിരിക്കെ മൃഗീയമായി പീഡിപ്പിച്ചു. ഭീഷണിപ്പെടുത്തിയാണ് ഗര്‍ഭച്ഛിദ്രം നടത്തിയത് . നഗ്‌ന വിഡിയോ ചിത്രീകരിച്ചുവെന്നും, പ്രതിക്ക് മുന്‍കൂര്‍ ജാമ്യം നല്‍കിയാല്‍ നഗ്‌ന ദൃശ്യങ്ങള്‍ പുറത്താകുമെന്ന് ഭയമെന്നും പരാതിക്കാരി ചൂണ്ടിക്കാട്ടുന്നു.

ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കാനിരിക്കെയാണ് എതിര്‍പ്പുമായി പെണ്‍കുട്ടി രംഗത്തെത്തിയത്. ഒന്നാം പരാതിയിലെടുത്ത കേസില്‍ മുന്‍കൂര്‍ ജാമ്യം നിഷേധിച്ച തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധിക്കെതിരെ നല്‍കിയ അപ്പീലാണ് സിംഗിള്‍ ബെഞ്ച് പരിഗണിക്കുക.

Signature-ad

മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്ത് പ്രത്യേക അന്വേഷണ സംഘം ഹൈക്കോടതിയില്‍ വിശദമായ റിപ്പോര്‍ട്ട് നല്‍കും. രാഹുല്‍ മാങ്കൂട്ടത്തില്‍ സ്ഥിരം കുറ്റവാളിയാണെന്നും സമാന സ്വഭാവമുള്ള രണ്ട് കേസുകള്‍ കൂടി റജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും എസ്ഐടി ഹൈക്കോടതിയെ അറിയിക്കും. ജസ്റ്റിസ് സി.എസ്.ഡയസിന്റെ ബെഞ്ച് ആണ് മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത്.

മൂന്നാം പീഡന പരാതിയില്‍ എംഎല്‍എയുടെ ജാമ്യാപേക്ഷ തിരുവല്ല ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതി നിരസിച്ചിരുന്നു. കഴിഞ്ഞ 11ന് ആണ് രാഹുലിനെ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്. സമാന കുറ്റകൃത്യങ്ങള്‍ മുന്‍പും രാഹുലിനെതിരെ ആരോപിക്കപ്പെട്ടിട്ടുണ്ടെന്നും ജാമ്യം ലഭിച്ചാല്‍ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ചു പരാതിക്കാരിയെ ഭീഷണിപ്പെടുത്താനും തെളിവു നശിപ്പിക്കാനും സാധ്യതയുണ്ടെന്നും വാദമുയര്‍ന്നു. ഇതേ കേസില്‍ അതിജീവിതയ്‌ക്കെതിരേ സൈബര്‍ ആക്രമണം നടക്കുന്നതായുള്ള വാദവും കോടതി പരിഗണിച്ചു.

ശാരീരികബന്ധം ഉഭയസമ്മതപ്രകാരമായിരുന്നുവെന്ന രാഹുലിന്റെ വാദം കോടതി തള്ളി. പരാതിക്കാരി വിവാഹിതയാണെന്ന് അറിയില്ലായിരുന്നുവെന്ന നിലപാടും നിരാകരിച്ചു. പ്രതിക്കെതിരായ ആരോപണങ്ങള്‍ അതീവഗുരുതരമാണെന്ന് ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് അരുന്ധതി ദിലീപ് നിരീക്ഷിച്ചു. വിവാഹജീവിതത്തിലെ പ്രശ്‌നങ്ങളില്‍ പിന്തുണ നല്‍കിയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ അതിജീവിതയുടെ വിശ്വാസം നേടിയത്. തിരുവല്ലയിലെ ഹോട്ടലില്‍ കൂടിക്കാഴ്ചയ്‌ക്കെത്തിയപ്പോള്‍ റസ്റ്ററന്റില്‍ ഇരുന്ന് സംസാരിക്കാമെന്നുപറഞ്ഞ പരാതിക്കാരിയെക്കൊണ്ട് തന്ത്രത്തില്‍ മുറിയെടുപ്പിക്കുകയും ഹോട്ടലിലെ റജിസ്റ്ററില്‍ പേര് തിരിച്ചറിയാന്‍ ബുദ്ധിമുട്ടുള്ള തരത്തില്‍ എഴുതിക്കുകയും ചെയ്തു. മുറിയില്‍ പ്രവേശിച്ചയുടന്‍ രാഹുല്‍ യുവതിയെ ബലാല്‍സംഗം ചെയ്യുകയാണുണ്ടായത്. അടിക്കുകയും മുഖത്ത് തുപ്പുകയും ചെയ്തു. ഈ സംഭവങ്ങളെത്തുടര്‍ന്നാണ് അതിജീവിത ഗര്‍ഭിണിയായത്. പിന്നീട് പല കാരണങ്ങള്‍ പറഞ്ഞ് രാഹുല്‍ അവരെ ഭീഷണിപ്പെടുത്തുകയും ചെയ്തു.

പ്രഥമവിവരറിപ്പോര്‍ട്ടില്‍ പരാതിക്കാരി മൂന്നുദിവസത്തിനകം ഒപ്പുവച്ചില്ല, മെഡിക്കല്‍ പരിശോധന വൈകി, അറസ്റ്റ് മാനദണ്ഡങ്ങള്‍ പാലിച്ചല്ല തുടങ്ങിയ രാഹുലിന്റെ വാദങ്ങളും സുപ്രീംകോടതി ഉത്തരവുകള്‍ ഉദ്ധരിച്ച് കോടതി തള്ളി. എഫ്.ഐ.എസില്‍ മൂന്നുദിവസത്തിനകം ഒപ്പുവയ്ക്കാതിരുന്നാലുള്ള പ്രത്യാഘാതങ്ങള്‍ ഭാരതീയ ന്യായ സംഹിതയില്‍ പറഞ്ഞിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. അറസ്റ്റ് ചെയ്യുന്ന സമയത്ത് രേഖാമൂലം കാരണങ്ങള്‍ അറിയിച്ചില്ലെന്ന വാദവും നിലനില്‍ക്കില്ല. കോടതിയില്‍ ഹാജരാക്കുന്നതിന് രണ്ട് മണിക്കൂര്‍ മുന്‍പ് രേഖാമൂലം കാരണങ്ങള്‍ നല്‍കിയാല്‍ മതിയെന്ന് സുപ്രീംകോടതി വിധിയുണ്ട്.

പ്രതി എംഎല്‍എയാണ്. സമാനമായ കുറ്റകൃത്യങ്ങള്‍ നേരത്തേയും ചെയ്തതായി ആരോപണമുണ്ട്. പ്രതി സാക്ഷികളെ ഭീഷണിപ്പെടുത്താനും സ്വാധീനിക്കാനും സാധ്യതയുണ്ടെന്ന് കോടതി നിരീക്ഷിച്ചു. തെളിവുനശിപ്പിക്കാനും അന്വേഷണം അട്ടിമറിക്കാനും ശ്രമിച്ചേക്കാം. ഈ സാഹചര്യത്തില്‍ ജാമ്യം അനുവദിക്കാന്‍ കോടതി തയാറല്ലെന്നും മജിസ്‌ട്രേറ്റ് ഉത്തരവില്‍ വ്യക്തമാക്കി.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: