കൊച്ചി: ലോക്സഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ നാട്ടിലെത്തുന്ന കന്നി വോട്ടര്‍മാര്‍ക്ക് 19 ശതമാനം കിഴിവില്‍ ടിക്കറ്റൊരുക്കി എയര്‍ ഇന്ത്യ എക്സ്പ്രസ്. 18നും 22നും ഇടയില്‍ പ്രായമുള്ള വോട്ടര്‍മാര്‍ക്ക് അവരുടെ നിയോജകമണ്ഡലത്തിന് ഏറ്റവും അടുത്തുള്ള എയര്‍പോര്‍ട്ടിലേക്ക് എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ വെബ്സൈറ്റിലൂടെയോ മൊബൈല്‍ ആപ്പിലൂടെയോ ജൂണ്‍ ഒന്ന് വരെ ഇളവോടെ ടിക്കറ്റ് ബുക്ക് ചെയ്യാം. എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ19ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായാണ് ഈ ഓഫര്‍.
ജനാധിപത്യ ബോധത്തെ വളര്‍ത്താനും രാജ്യത്തിന്റെ ഭാവി രൂപപ്പെടുത്തുന്നതില്‍ അവരെ പങ്കാളികളാക്കാനുമാണ്’വോട്ട് അസ് യൂ ആര്‍’ പ്രചാരണമെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ ചീഫ് കൊമേഴ്സ്യല്‍ ഓഫീസര്‍ ഡോ.അങ്കുര്‍ ഗാര്‍ഗ് പറഞ്ഞു.
കാത്തിരുന്ന പ്രഖ്യാപനം
അവധിക്കാലത്ത് കേരളത്തില്‍ നിന്ന് അധിക വിമാന സര്‍വീസുകള്‍ അടുത്തിടെ എയര്‍ ഇന്ത്യ എക്സ്പ്രസ് പ്രഖ്യാപിച്ചിരുന്നു. സംസ്ഥാനത്തെ നാല് വിമാനത്താവളങ്ങളില്‍ നിന്നും കൂടുതലായും ആഭ്യന്തര – വിദേശ സര്‍വീസുകള്‍ നടത്താനാണ് പുതിയ തീരുമാനം. എയര്‍ ഇന്ത്യയുടെ സര്‍വീസുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി വരുന്ന ഓരോ മാസവും മൂന്ന് പുതിയ വിമാനങ്ങള്‍ പുറത്തിറക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.
കൊച്ചി വിമാനത്താവളത്തില്‍ നിന്ന് ആദ്യസമയങ്ങളില്‍ എയര്‍ ഇന്ത്യയുടെ ആഴ്ചതോറുമുളള സര്‍വീസുകള്‍ 93 ആയിരുന്നു. ഇത് 104ആയി ഉയര്‍ത്തിയിട്ടുണ്ട്, ഗള്‍ഫ് രാജ്യങ്ങളിലേക്ക് നടത്തുന്ന സര്‍വീസുകള്‍ക്ക് പുറമേ ബഹ്റൈന്‍, ദമാം തുടങ്ങിയ സ്ഥലങ്ങളിലേക്കും എയര്‍ ഇന്ത്യ സര്‍വീസുകള്‍ ആരംഭിച്ചിട്ടുണ്ട്. ഹൈദരാബാദിലേക്കും കൊല്‍ക്കത്തയിലേക്കും അധിക സര്‍വീസുകള്‍ ആരംഭിച്ച് കഴിഞ്ഞിട്ടുണ്ട്.
കോഴിക്കോട് വിമാനത്താവളത്തില്‍ ആഴ്ചതോറും നടത്തുന്ന സര്‍വീസുകള്‍ എയര്‍ഇന്ത്യ 77ല്‍ നിന്നും 87 ആക്കി ഉയര്‍ത്തിയിട്ടുണ്ട്. ഇവിടെ നിന്നും റാസല്‍ഖൈമ, ദമാം തുടങ്ങിയ സ്ഥലങ്ങളിലേക്കും ബംഗളൂരുവിലേക്കും പുതിയതായി സര്‍വീസുകള്‍ ആരംഭിച്ചു. കണ്ണൂരില്‍ നിന്നും 12 അധിക സര്‍വീസുകളും എയര്‍ ഇന്ത്യ ആരംഭിക്കാന്‍ പോകുന്നുണ്ട്.