കൊൽക്കത്ത: ഇന്നും നാളെയും പശ്‌ചിമ ബംഗാളിലെ കൂച്ച് ബെഹാര്‍ സന്ദര്‍ശിക്കാനുള്ള നീക്കം റദ്ദാക്കണമെന്നു സംസ്‌ഥാന ഗവര്‍ണര്‍ സി.വി.ആനന്ദ ബോസിനു തെരഞ്ഞെടുപ്പ് കമ്മിഷന്‍ നിര്‍ദേശം നല്‍കി.
ആദ്യഘട്ട വോട്ടെടുപ്പ് നാളെയാണു നടക്കുന്നത്. 17 നു വൈകിട്ടു മുതല്‍ 48 മണിക്കൂര്‍ നിശബ്‌ദപ്രചാരണമായതിനാല്‍ ഈ സമയത്തുള്ള സന്ദര്‍ശനം തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാകുമെന്നു കമ്മിഷന്‍ ചൂണ്ടിക്കാട്ടി.
നിശബ്‌ദ പ്രചാരണ വേളയില്‍ അതതു മണ്ഡലത്തിലെ വോട്ടര്‍മാരല്ലാത്ത വി.ഐ.പികളും നേതാക്കളും രാഷ്‌ട്രീയ പ്രവര്‍ത്തകരും മണ്ഡലം വിടണമെന്നാണു കമ്മിഷന്റെ നിര്‍ദേശം. സ്വതന്ത്രവും നീതിയുക്‌തവുമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കാന്‍ വേണ്ടി മാത്രമല്ല, സുരക്ഷാ സേനകള്‍ക്കു മേലുള്ള അധികഭാരം ഒഴിവാക്കാന്‍ കൂടിയാണിത്.