തിരുവനന്തപുരം: റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന കെ.എസ്.ആര്‍.ടി.സി.ബസ് പുറപ്പെടാന്‍ വൈകിയെന്നാരോപിച്ച് യുവാവ് ബസിന്റെ ഗ്ലാസ് അടിച്ച് തകര്‍ത്തു. തുടര്‍ന്ന് മറ്റൊരാളുടെ ബൈക്കില്‍ കയറി രക്ഷപ്പെട്ട യുവാവിനെ നാട്ടുകാര്‍ നല്‍കിയ സൂചനയനുസരിച്ച് പോലീസ് പിന്തുടര്‍ന്ന് പിടികൂടി. തിരുവല്ലം മേനിലം സ്വദേശി വിപിനെ (30) ആണ് തിരുവല്ലം എസ്. ഐ ഗോപകുമാര്‍, ഉണ്ണികൃഷ്ണന്‍ എന്നിവരുള്‍പ്പെട്ട പോലീസ് സംഘം അറസ്റ്റുചെയ്തത്.
മേനിലം- നെല്ലിയോട് ഭാഗത്ത് ഉത്സവഘോഷയാത്ര കടന്നുപോകുന്നതിനെ തുടര്‍ന്ന് ബസ് റോഡരികില്‍ ഒതുക്കി നിര്‍ത്തിയിരുന്നു ഇത് വിപിന്‍ ചോദ്യംചെയ്യുകയും ഡ്രൈവറുമായി തര്‍ക്കമുണ്ടാക്കുകയും ചെയ്തു. തുടര്‍ന്ന് ഡ്രൈവര്‍ സീറ്റിന്റെ മുന്നിലെ ഗ്ലാസ് അടിച്ച് തകര്‍ക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. ബുധനാഴ്ച രാത്രി 7.30-ഓടെയാണ് സംഭവം.
തിരുവല്ലം ഭാഗത്തുനിന്ന് പുഞ്ചക്കരിയിലേക്ക് പോയ ബസിന്റെ ചില്ലാണ് തകര്‍ത്തത്. ഡ്രൈവറുടെ പരാതി പ്രകാരം പോലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതിയായ യുവാവിനെതിരെ തിരുവല്ലം പോലീസ് കേസെടുത്തു.