മലപ്പുറം: തലപ്പാറയില്‍ കെഎസ്ആര്‍ടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. ദേശീയ പാത നിര്‍മാണ പ്രവര്‍ത്തനം നടക്കുന്ന ഭാഗത്താണ് അപകടം ഉണ്ടായത്. 15ഓളം പേര്‍ക്ക് പരിക്കേറ്റു.
സര്‍വീസ് റോഡിലൂടെ പോകുകയായിരുന്ന ബസ് പത്തടിയിലേറെ താഴ്ചയിലേക്കാണ് മറിഞ്ഞത്. പരിക്കേറ്റവരെ നാട്ടുകാരും പൊലീസും അഗ്‌നിരക്ഷാ സേനാംഗങ്ങളും ചേര്‍ന്ന് പുറത്തിറക്കി വിവിധ ആശുപത്രികളിലേക്ക് മാറ്റി. ഇവര്‍ ആരുടെയും നില ഗുരുതരമല്ലെന്നാണ് ലഭിച്ച വിവരം. ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു അപകടം. കോഴിക്കോട് നിന്നും എറണാകുളത്തേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തില്‍ പെട്ടത്. ബസ് അമിതവേഗത്തിലായിരുന്നെന്ന് യാത്രക്കാര്‍ പറഞ്ഞു. പുറകില്‍ വന്ന ബസിലെ യാത്രക്കാരുടേയും നാട്ടുകാരുടേയും നേതൃത്വത്തിലായിരുന്നു രക്ഷാപ്രവര്‍ത്തനം.
അതേസമയം, മലപ്പുറം ചങ്ങരംകുളത്ത് കാര്‍ അപകടത്തില്‍ ഒരാള്‍ മരിച്ചു. ആനക്കര സ്വദേശി ചീനിക്കപ്പറമ്പില്‍ ശ്രീരാഗ് (23) ആണ് മരിച്ചത്. ചിറവല്ലൂരില്‍ നിന്നും വന്ന കാര്‍ എതിര്‍ദിശയിലൂടെ ചങ്ങരംകുളം ടൗണില്‍ നിന്നും വരികയായിരുന്ന കാറിനെ ഇടിച്ചാണ് അപകടമുണ്ടായത്. കാറിനെ ഇടിച്ച ശേഷം തൊട്ടടുത്ത ചപ്പാത്തി കടയിലേക്കും കാര്‍ ഇടിച്ചു കയറി. മരിച്ച ശ്രീരാഗ് ആയിരുന്നു കാര്‍ ഓടിച്ചിരുന്നത്.
അപകടത്തില്‍ ശ്രീരാഗിനൊപ്പം ഉണ്ടായിരുന്ന മറ്റ് നാല് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. അകലാട് സ്വദേശി വിനീത് (24), ആല്‍ത്തറ സ്വദേശികളായ രാഹുല്‍ (24), വിവേക് (22), ശ്രീരാഗ് (19) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവര്‍ നാല് പേരും ആശുപത്രിയില്‍ ചികിത്സയിലാണ്.