തിരുവനന്തപുരം: സംസ്ഥാനത്തെ താപനില റെക്കോഡിലേക്ക്. അഞ്ചുവർഷത്തെ ഇടവേളയ്ക്കുശേഷം പാലക്കാട് ജില്ലയിലാണ് ശനിയാഴ്ച 41.5 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തിയത്.
2016 (41.9 ഡിഗ്രി), 2019 (41.1 ഡിഗ്രി), എന്നീ വർഷങ്ങളിലാണ് സംസ്ഥാനത്ത് സമീപകാലത്ത് 41 ഡിഗ്രി രേഖപ്പെടുത്തിയത്.
അതേപോലെ അഞ്ചുവർഷത്തിനിടെ ഏറ്റവും കുറവ് വേനല്‍മഴ ലഭിച്ച കാലയളവിലൂടെയാണ് സംസ്ഥാനം കടന്നുപോകുന്നത്.
മാർച്ച് ഒന്നുമുതല്‍ ഏപ്രില്‍ ആറുവരെയുള്ള കണക്ക് പ്രകാരം സംസ്ഥാനത്ത് ഇതുവരെ ലഭിച്ചത് 16.8 മില്ലിമീറ്റർ മഴ മാത്രമാണ്. 49.7 മില്ലിമീറ്ററാണ് ഇക്കാലയളവില്‍ ലഭിക്കേണ്ട ശരാശരി മഴ. 66 ശതമാനം കുറവ്. 2022-ലെ 65 മില്ലിമീറ്ററാണ് ഇക്കാലയളവില്‍ ഏറ്റവുംകൂടുതല്‍ മഴ ലഭിച്ച വേനല്‍മഴക്കാലം.
സംസ്ഥാനത്തെ മൂന്ന് ജില്ലകളിലൊഴികെ മറ്റെല്ലാ ജില്ലകളിലും അഞ്ചുവർഷത്തിനിടെയുള്ള ഏറ്റവുംകുറവ് മഴയാണ് ഈ സീസണില്‍ രേഖപ്പെടുത്തിയത്. തിരുവനന്തപുരം, ആലപ്പുഴ, തൃശ്ശൂർ ജില്ലകളിലാണ് ആശ്വാസമഴ ലഭിച്ചത്. തിരുവനന്തപുരത്ത് ഇത്തവണ 51 മില്ലിമീറ്റർ മഴ ലഭിച്ചു. തൃശ്ശൂരില്‍ 6.6 മില്ലിമീറ്ററും ആലപ്പുഴയില്‍ 36 മില്ലിമീറ്ററുമാണ് ലഭിച്ചത്.
അടുത്തയാഴ്ചയോടെ കൂടുതല്പ്രദേശങ്ങളില് വേനല്‍മഴ ലഭിച്ചേക്കുമെന്നാണ് കേന്ദ്ര കാലവസ്ഥാവകുപ്പിന്റെ പ്രവചനം.