CrimeNEWS

വീടുകളില്‍ വലിഞ്ഞുകയറും, വാതില്‍ തുറന്നുകിടന്നാലും ജനല്‍ പൊളിക്കും; ഇത് ‘സ്പൈഡര്‍മാന്‍ ബാഹുലേയന്‍’

തിരുവനന്തപുരം: നഗരത്തിലെ മോഷണക്കേസില്‍ കുപ്രസിദ്ധ മോഷ്ടാവ് ‘സ്പൈഡര്‍മാന്‍ ബാഹുലേയന്‍’ പിടിയില്‍. കേരളത്തിനകത്തും പുറത്തുമായി ഇരുന്നൂറിലേറെ മോഷണക്കേസുകളില്‍ പ്രതിയായ മുറിഞ്ഞപാലം സ്വദേശി ബാഹുലേയനെ(56) തമിഴ്നാട്ടില്‍നിന്നാണ് വഞ്ചിയൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തത്. തമിഴ്നാട് പോലീസ് പിടികൂടിയ ഇയാളെ വഞ്ചിയൂര്‍ പോലീസെത്തി കസ്റ്റഡിയിലെടുക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.

ഒരുവര്‍ഷം മുന്‍പ് ബാഹുലേയനെ വഞ്ചിയൂര്‍ പോലീസ് പിടികൂടിയിരുന്നു. തിരുവനന്തപുരം നഗരത്തില്‍ തുടര്‍ച്ചയായി 12-ഓളം മോഷണങ്ങള്‍ നടത്തിയതിന് 2023 ഏപ്രിലിലാണ് ഇയാള്‍ പോലീസിന്റെ പിടിയിലായത്. ഈ കേസില്‍ അറസ്റ്റിലായി ജയില്‍വാസം അനുഭവിച്ചിരുന്ന പ്രതി നാലുമാസം മുന്‍പ് ജയിലില്‍നിന്ന് പുറത്തിറങ്ങിയെന്നാണ് വിവരം. ഇതിനുപിന്നാലെയാണ് നഗരത്തിലെത്തി വീണ്ടും കവര്‍ച്ച നടത്തിയത്.

Signature-ad

സ്പൈഡര്‍മാന് സമാനമായ വേഷം ധരിച്ച് മോഷണം നടത്തുന്നതിനാലാണ് ബാഹുലേയന് ‘സ്പൈഡര്‍മാന്‍’ എന്ന വിളിപ്പേരുണ്ടായത്. സ്പൈഡര്‍മാനെപ്പോലെ വലിഞ്ഞുകയറി ജനാലക്കമ്പികള്‍ക്കിടയിലൂടെയും വെന്റിലേറ്ററുകള്‍ പൊളിച്ചും വീടുകള്‍ക്കുള്ളില്‍ കയറുന്നതാണ് ഇയാളുടെ രീതി. ഇനി വീടിന്റെ വാതില്‍ തുറന്നുകിടന്നാലും ‘സ്പൈഡര്‍മാന്‍’ ബാഹുലേയന്‍ അതുവഴി അകത്തുകടക്കില്ല. പകരം ജനല്‍കമ്പി ഇളക്കി അതിനിടയിലൂടെയാകും വീടിനുള്ളില്‍ പ്രവേശിക്കുക.

കേരളത്തിലുടനീളം മോഷണം നടത്തുന്നയാളാണ് ബാഹുലേയന്‍. തുടര്‍ച്ചയായ മോഷണത്തിന് ശേഷം തമിഴ്നാട്ടിലേക്ക് കടക്കുകയാണ് ഇയാളുടെ പതിവ്. തമിഴ്നാട്ടിലെ മധുരയിലും കന്യാകുമാരിയിലും ബാഹുലേയന് ഒളിയിടങ്ങളുണ്ട്. മോഷണമുതല്‍ തമിഴ്നാട്ടില്‍ വിറ്റഴിച്ചശേഷം ഇവിടങ്ങളില്‍ ആഡംബരജീവിതം നയിക്കും. പണം തീര്‍ന്നാല്‍ വീണ്ടും കേരളത്തിലെത്തി മോഷണം നടത്തി മടങ്ങും.

ബാഹുലേയന്റെ മോഷണരീതിയും വേഷവുമാണ് സ്‌പൈഡര്‍മാന്‍ എന്ന പേരു നേടിക്കൊടുത്തത്. സ്‌പൈഡര്‍മാന്റെ വേഷത്തോടു സാമ്യമുള്ള വസ്ത്രം ധരിച്ചാണ് മോഷണം. ഫുള്‍കൈ ടീ ഷര്‍ട്ട്, മുഖംമൂടി, കാലിലും കൈയിലും സോക്സ് എന്നിവ ധരിച്ചാണ് മോഷണത്തിനിറങ്ങുന്നത്. ഈ വേഷവിധാനം കാരണം ഇയാളുടെ വിരലടയാളം ഉള്‍പ്പെടെയുള്ള തെളിവുകള്‍ ലഭിക്കാറില്ല.

20-ഓളം കേസുകളില്‍ ഇയാള്‍ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. കുപ്രസിദ്ധ ക്രിമിനലുകളായ ബാറ്ററി നവാസിന്റെയും ബ്രൂസ്ലി ബിജുവിന്റെയും കൂട്ടാളിയാണെന്നും പോലീസ് പറയുന്നു.

 

 

Back to top button
error: