Social MediaTRENDING

നല്ല ബുദ്ധിയും ദിവസവും കുളിച്ച്‌ ശരീരം സൂക്ഷിക്കുന്ന പ്രകൃതവും; കാക്ക വെറും കൂറപ്പക്ഷിയല്ല !

പൊതുവെ മനുഷ്യർക്ക് ഇഷ്ടമില്ലാത്ത ഒരു പക്ഷിയാണ് കാക്ക. എന്നാല്‍ എന്തിനാണ് ഇത്ര ദേഷ്യം എന്നു ചോദിച്ചാല്‍ കൃത്യം ഉത്തരമൊന്നും ഇല്ലാതാനും.കർക്കടക മാസത്തിൽ കൈകൊട്ടി വിളിക്കുന്ന ഇവരെ മറ്റുമാസങ്ങളിൽ ആട്ടിയോടിക്കുകയും ചെയ്യും.

കറുത്തനിറമായിപ്പോയി എന്ന ഒറ്റ കാര്യത്തിലാണ് ഈ അവഗണനയത്രയും. സത്യത്തില്‍ മഹാ ഉപദ്രവിയും വൃത്തികെട്ട ശബ്ദക്കാരുമായ മയിലിന്റെ മായിക കാഴ്ചഭംഗിയില്‍ സർവരും വീണുപോയി.കൂടെ മയിലിനെ പുകഴ്താൻ നൂറു നാവും കാണും. കറുത്തനിറമായിപ്പോയി എന്ന ഒറ്റ കാര്യത്തിലാണ് ഈ അവഗണനയത്രയും.ദിവസവും കുളിച്ച്‌ ഭംഗിയായി ശരീരം മിനുക്കി തടവി സൂക്ഷിക്കുന്ന പ്രകൃതമാണിവരുടേത്. കൂടാതെ  ബുദ്ധിയിൽ മനുഷ്യരെപ്പോലും വെല്ലുന്ന ഇനവും!

പണ്ടുമുതലേ കാക്കയെ പൊതു ശല്യക്കാരായാണ്  നമ്മൾ കാണുന്നത്.കൊപ്രാക്കളത്തിലും നെല്ലുണക്കാനിട്ട മുറ്റത്തും എന്നുവേണ്ട അന്നുമിന്നും ഇവരാണ് മനുഷ്യന്റെ ശത്രു.മുറ്റത്ത് വല്ലതും ഉണക്കാനിട്ടാൻ ഒറ്റക്ക് കൊത്തിത്തിന്നുന്നതും പോരാതെ ഇവിടെ സദ്ധ്യയുണ്ടേ, ഓടിവായോ എന്ന് ഉറക്കെ കരഞ്ഞ് കൂട്ടുകാരെ മൊത്തം വിളിച്ച്‌ വരുത്തുകയും ചെയ്യും.എല്ലാം ഒറ്റയ്ക്ക് വിഴുങ്ങാൻ നടക്കുന്ന മനുഷ്യനുണ്ടോ കാക്കകളുടെ ഈ സഹജീവി സ്നേഹം?

അയ്യപ്പന്റെ അമ്മ ചുട്ട നെയ്യപ്പം ചെക്കന്റെ കൈയ്യില്‍ നിന്ന് കൊത്തിപ്പാറുന്ന കാക്കയുടെ സ്വഭാവം അറിയുന്നതിനാല്‍ കുട്ടികളെ പോറ്റുന്ന , തീറ്റുന്ന എല്ലാ വീട്ടമ്മമാരുടെയും ശത്രു ആണിവർ. എത്ര സൂക്ഷിച്ചാലും മീൻ മുറിക്കുന്നതിനിടയില്‍ കണ്ണൊന്ന് തെറ്റിയാല്‍ ചട്ടിയില്‍ നിന്ന് കൊത്തിപ്പറക്കും.
‘കാത്തു സൂക്ഷിച്ചൊരു കസ്തൂരി മാമ്ബഴം കാക്ക കൊത്തി പോകും എന്നും അതുകൊണ്ടാണ് നമ്മൾ പാടുന്നത്.’കാക്ക തൂറി എന്നാ തോന്നുന്നത് ‘ എന്ന് ജഗദീഷ് പറയുമ്പോൾ തലയറഞ്ഞ് നാം ചിരിക്കുന്നതിന് പിന്നിലും മറ്റൊന്നല്ല!

കാക്കയില്ലാതെ ഒരു കഥ നമുക്കില്ല. നമുക്കൊപ്പം അല്ലാതെ കാക്കകള്‍ക്കും ജീവിതവും സാധ്യമല്ല. ഭാരതത്തില്‍ ഒരാളും ഈ പക്ഷിയെ അറിയാത്തവരായി ഉണ്ടാകുകയില്ല. എല്ലാ നഗരത്തിലും ആളുകളെ വിളിച്ചുണർത്തുന്നത് ഇപ്പഴും ഇവർ തന്നെയാണ്. തലക്ക് കൊത്തിയും, ഷോക്കടിച്ച്‌ ചത്ത സഹോദരരുടെ അനുശോചന യോഗം കൂടിയും, കൈയില്‍ നിന്നും കടയില്‍ നിന്നും വീട്ടിനുള്ളില്‍ നിന്നും കട്ടുപറന്നും  തലയിലും ഉടുപ്പിലും തൂറിവെച്ചും, കാലങ്ങളായി ഇവർ നമ്മോടൊപ്പം ജീവിക്കുന്നു.

കാരണം മറ്റൊന്നല്ല, ഭാരതം പോലൊരു രാജ്യത്ത്,ഇവരെകൊണ്ടുള്ള സഹായങ്ങള്‍ വളരെയേറെയാണ്. എന്തും തിന്നുന്ന ശീലക്കാരാണ് ഇവർ. ജീവനുള്ളതെന്നോ, ചത്തതെന്നോ അഴുകിയതെന്നോ പഴുത്തതെന്നോ ഉണങ്ങിയതെന്നോ ഒന്നും വ്യത്യാസമില്ല. പ്രാണികളും കീടങ്ങളും ചെറു ഉരഗങ്ങളും തുടങ്ങി എലി, തവള, ഒച്ച്‌, മണ്ണിര, മറ്റ് പക്ഷികളുടെ മുട്ടകള്‍ ധാന്യങ്ങള്‍ പഴങ്ങള്‍ ഒക്കെ ശാപ്പിടുന്ന ഇവർ സ്വന്തം ശരീര ഭാരത്തിന്റെ അത്രതന്നെ ഭാരം ഭക്ഷണവും ദിവസവും അകത്താക്കും.

നഗരങ്ങളിലെയൊക്കെ ജൈവ മാലിന്യങ്ങള്‍ തിന്നു തീർത്ത് വൃത്തിയാക്കുന്നതില്‍ കാക്കക്കൂട്ടങ്ങളുടെ പങ്ക് നിസാരമല്ല. ചില സർവേകള്‍ വഴി, ഇന്ത്യൻ നഗരങ്ങളിലെ പത്തൊൻപത് ദശലക്ഷവും ഗ്രാമ പ്രദേശങ്ങളിലെ പതിനഞ്ച് ദശലക്ഷവും ഉള്‍പ്പെടെ 34 ദശലക്ഷം കാക്കകള്‍ ഇന്ത്യയില്‍ ഉണ്ട് എന്നാണ് ഏകദേശ കണക്ക് . അവ തിന്നു തീർക്കുന്ന മാലിന്യത്തിന്റെ അളവ് വളരെയേറെയാണ്. ഇതുപ്രകാരം പ്രതിവർഷം എത്രയോ കോടി രൂപയുടെ  മാലിന്യ സംസ്‌കരണം ഇവർ ചെയ്യുന്നുണ്ട്.

ശല്യക്കാരായാണ് പൊതുവെ കാക്കകളെ കണക്കാക്കുന്നതെങ്കിലും മാലിന്യങ്ങള്‍ കൊത്തി തിന്ന് വൃത്തിയാക്കുന്നതില്‍ ഇവർ ഒന്നാം സ്ഥാനക്കാരാണ് . ആവശ്യം കഴിഞ്ഞുള്ള ഭക്ഷണം തന്ത്രപരമായി ഒളിവിടങ്ങളില്‍ സൂക്ഷിച്ചു വെക്കുന്ന ശീലമുണ്ട്.
പത്ത് ചതുരശ്ര കിലോമീറ്ററോളം വിസ്താരത്തില്‍ ഇരതേടി സഞ്ചരിക്കുന്ന കാക്കക്കൂട്ടങ്ങളില്‍ ഇരുന്നൂറ് മുതല്‍ ആയിരക്കണക്കിന് വരെ അംഗങ്ങള്‍ ഉണ്ടാവും. അംഗങ്ങളെല്ലാം വൈകുന്നേരമാകുമ്ബോള്‍ ഉയർന്ന ഒരു മരത്തിലോ മരക്കൂട്ടത്തിലോ ചേക്കേറാനായി പറന്നെത്തും. ചേക്കേറും മുമ്ബ് തൊട്ടടുത്തുള്ള മരങ്ങളിലോ മൈതാനത്തോ കൂട്ടമായി വന്നിരുന്ന് ഒരു കശപിശ സമ്മേളനം ഉണ്ടാവും. എല്ലാവരും ഒന്നിച്ച്‌ പ്രസംഗിക്കും. പിന്നെ സ്വിച്ചിട്ടപോലെ സമ്മേളനം പിരിച്ച്‌ വിടും.

‘കാക്കേ കാക്കേ കൂടെവിടെ കൂട്ടിനകത്തൊരു കുഞ്ഞുണ്ടോ’ എന്ന പാട്ട് നമ്മളെല്ലാവരും ചെറുപ്പത്തില്‍ പാടിപ്പഠിച്ചിട്ടുണ്ട്. പല പക്ഷികളേയും പോലെ ഇവരും കൂട് കെട്ടുന്നത് മുട്ടയിടാനും കുഞ്ഞുങ്ങളെ വളർത്താനും വേണ്ടി മാത്രമാണ്. അല്ലാതെ നമ്മളെപ്പോലെ സ്ഥിര വാസത്തിനുള്ളതല്ല. ഇവർ മരക്കൊമ്ബുകളില്‍ പലതരം വസ്തുക്കള്‍ കൊണ്ട് കൂടു കെട്ടും. ലഭ്യമായ എന്തും എന്നുവേണമെങ്കില്‍ പറയാം . ഇലക്‌ട്രിക്ക് വയറുകള്‍ ,നാരുകള്‍,ചുള്ളിക്കൊമ്ബുകള്‍, എന്നിവയൊക്കെ ഉപയോഗിക്കും.

ഇണ ചേരലും മുട്ടയിടലും ഒക്കെ ഡിസംബർ മുതല്‍ ജൂണ്‍ വരെയുള്ള കാലമാണ്. മൂന്നു മുതല്‍ ഒൻപത് മുട്ടകള്‍ വരെ ഇടും. ഇരുപത് വർഷം വരെയാണ് കാക്കയുടെ ആയുസ്സ്. എങ്കിലും സ്വാഭാവിക അയുസ്സ് എത്തി മരിച്ച കിടക്കുന്ന കാക്കകളെ അധികം കാണാറില്ല. ഷോക്കടിച്ചും അപകടത്തില്‍ പെട്ടും മരിക്കുന്ന കാക്കകളുടെ അനുശോചനവും പ്രതിഷേധവും ശബ്ദരൂക്ഷതയോടെ കേള്‍ക്കാം.

പല സംസ്‌കാരങ്ങളിലും കാക്ക പരേതാത്മാക്കളുമായി ബന്ധപ്പെട്ട ജീവിയാണ്. നമ്മുടെ നാട്ടിലും ബലിക്കാക്കകള്‍ മരിച്ച്‌ പോയ കാരണവന്മാരുടെയും പിതൃക്കളുടെയും ആത്മാണെന്ന് വിശ്വസിച്ച്‌ അവർക്ക് ചോറു നല്‍കുന്ന ചടങ്ങ് ഇപ്പോഴും വാവു ബലി എന്ന പേരില്‍ ഉണ്ട്. മരണത്തിന്റെയും അപശകുനത്തിന്റെയും ആത്മാവിന്റെയും ചിഹ്നമായി കഥകളികളിലും സിനിമകളിലും കാക്കകള്‍ വന്നുകൊണ്ടിരിക്കും.വാഴക്കൈയിൽ വന്നിരുന്ന് കാക്ക കരഞ്ഞാല്‍ വിരുന്നുകാർ വരുമെന്നൊക്കെയുള്ള നാട്ട് വിശ്വാസങ്ങള്‍ ഇപ്പോള്‍ ആരും കാര്യമാക്കാറില്ലെങ്കിലും ‘ബലിക്കാക്കകൾക്ക്’ ചോറു നല്‍കുന്ന ചടങ്ങ് ഇപ്പോഴും അഭംഗുരം തുടരുന്നുണ്ട്.

Back to top button
error: