
വയനാട്: കാട്ടാന ആക്രമണത്തില്‍ വയനാട്ടില്‍ വീണ്ടും ആദിവാസി യുവാവ് കൊല്ലപ്പെട്ടു. അട്ടമല ഏറാട്ടുകുണ്ട് കോളനിയിലെ ആദിവാസി യുവാവ് ബാലകൃഷ്ണന്‍ (27) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് കാട്ടാന ആക്രമിച്ചതെന്നാണ് വിവരം. മേപ്പാടി ഉരുള്‍പൊട്ടല്‍ ദുരന്തബാധിത മേഖലയാണ് അട്ടമല. ചൂരല്‍മലയില്‍ നിന്നുമാണ് അട്ടമലയിലേക്ക് പോകുന്നത്.
ദുരന്തത്തിനു ശേഷം അട്ടമലയില്‍നിന്ന് ആളുകളെ മാറ്റിപ്പാര്‍പ്പിച്ചിരുന്നു. ഏതാനും ആദിവാസി കുടുംബങ്ങള്‍ മാത്രമാണ് ഇവിടെ താമസിക്കുന്നത്. ഇന്നലെയും വയനാട്ടില്‍ ബത്തേരിയില്‍ ആദിവാസി യുവാവിനെ കാട്ടാന കുത്തിക്കൊന്നിരുന്നു. ഉരുള്‍പൊട്ടലിനു ശേഷം പ്രദേശത്ത് കാട്ടാന ശല്യം രൂക്ഷമാണെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.
