KeralaNEWS

എന്‍.സി.പിയില്‍ പൊട്ടിത്തെറി; അധ്യക്ഷസ്ഥാനം രാജിവച്ച് ചാക്കോച്ചന്‍, ശശീന്ദ്രനും തോമാച്ചനും ഇനി ‘ഭായ് ഭായ്’

തിരുവനന്തപുരം: എന്‍സിപിയില്‍ തുടരുന്ന പ്രതിസന്ധികള്‍ക്കൊടുവില്‍ സംസ്ഥാന അധ്യക്ഷ പദവി രാജിവച്ച് പി.സി.ചാക്കോ. ദേശീയ അധ്യക്ഷന്‍ ശരദ് പവാറിന് പി.സി.ചാക്കോ രാജിക്കത്തു നല്‍കിയെന്നാണ് റിപ്പോര്‍ട്ട്. പാര്‍ട്ടിയുടെ ദേശീയ വര്‍ക്കിങ് പ്രസിഡന്റ് കൂടിയാണ് ചാക്കോ. എ.കെ.ശശീന്ദ്രനെ മാറ്റി തോമസ് കെ.തോമസിനെ മന്ത്രിയാക്കാന്‍ നടന്ന നീക്കങ്ങള്‍ മുഖ്യമന്ത്രിയുടെ ഇടപെടലിനെ തുടര്‍ന്ന് നടക്കാതെ പോയതിനു പിന്നാലെയാണ് അധ്യക്ഷപദവി ഉപേക്ഷിക്കാനുള്ള പി.സി.ചാക്കോയുടെ നീക്കം.

ഇതിനിടെ ശശീന്ദ്രനും തോമസ് കെ.തോമസും തമ്മില്‍ കൈകോര്‍ത്തതോടെയാണ് പി.സി.ചാക്കോയ്ക്കു സ്ഥാനം രാജിവയ്ക്കേണ്ടി വന്നതെന്നും സൂചനയുണ്ട്. തോമസ് കെ.തോമസ് സംസ്ഥാന അധ്യക്ഷ പദവിയിലേക്ക് എത്തുമോ എന്നതാണ് ഇനി കാത്തിരുന്നു കാണേണ്ടത്. ചാക്കോ അധ്യക്ഷ സ്ഥാനത്ത് എത്തിയതു മുതലാണ് പാര്‍ട്ടിയില്‍ പ്രശ്നങ്ങളും വിഭാഗീയതയും രൂക്ഷമായതെന്നാണ് എതിര്‍പക്ഷം ഉയര്‍ത്തിയിരുന്ന ആരോപണം.

Signature-ad

തോമസ് കെ.തോമസും പി.സി.ചാക്കോയും ചേര്‍ന്നാണ് എ.കെ.ശശീന്ദ്രനെ മന്ത്രിസ്ഥാനത്തുനിന്നു പുറത്താക്കാനുള്ള നീക്കങ്ങള്‍ നടത്തിയത്. ഇതിനിടെ കൂറുമാറ്റത്തിന് ഇടത് എംഎല്‍എമാര്‍ക്ക് കോടികള്‍ വാഗ്ദാനം ചെയ്‌തെന്ന ആരോപണം തോമസിന് എതിരെ ഉയര്‍ന്നു. ഇതേത്തുടര്‍ന്ന് മുഖ്യമന്ത്രി കടുത്ത നിലപാട് സ്വീകരിച്ചതോടെ മന്ത്രിസ്ഥാനം ലഭിക്കില്ലെന്ന് തോമസിന് ഏറെക്കുറേ ഉറപ്പായി.

ശരദ് പവാറിന്റെ പിന്തുണ ഉണ്ടായിട്ടും തനിക്കു മന്ത്രിസ്ഥാനം നേടിയെടുക്കാന്‍ പി.സി.ചാക്കോയ്ക്കു കഴിയാതിരുന്നതോടെ ശശീന്ദ്രന് ഒപ്പം നില്‍ക്കുന്നതാണ് നേട്ടമെന്ന് തോമസ് വിഭാഗവും തിരിച്ചറിഞ്ഞു. ശശീന്ദ്രന്‍ മന്ത്രിസ്ഥാനം ഉറപ്പിച്ചതോടെ മറുഭാഗത്തുനിന്ന പല ജില്ലാ ഭാരവാഹികളും ശശീന്ദ്രന്‍ പക്ഷത്തേക്കു മാറിയിരുന്നു. എന്‍സിപിയില്‍ കഴിഞ്ഞ കുറേ മാസങ്ങളായി തുടര്‍ന്ന നാടകീയമായ സംഭവവികാസങ്ങള്‍ക്കൊടുവിലാണ് പി.സി.ചാക്കോയുടെ രാജി.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: