
കോട്ടയം: ഗാന്ധിനഗര്‍ നഴ്‌സിങ് കോളജില്‍ റാഗിങ്ങുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതികള്‍ ഒന്നാം വര്‍ഷ വിദ്യാര്‍ഥികളുടെ നഗ്‌ന ചിത്രങ്ങള്‍ പകര്‍ത്തിയതിലും കേസ്. ഇടുക്കി ഏലപ്പാറ സ്വദേശിയായ ഒന്നാം വര്‍ഷ വിദ്യാര്‍ഥിയുടെ പരാതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. റാഗിങ് ദൃശ്യങ്ങള്‍ പൊലീസിനു ലഭിച്ചിട്ടുണ്ട്. മാസങ്ങളോളം സീനിയര്‍ വിദ്യാര്‍ഥികള്‍ ഇത് തുടര്‍ന്നുവെന്നാണ് വിവരം.
റാഗിങ് നടത്തിയ 5 സീനിയര്‍ വിദ്യാര്‍ഥികളുടെ അറസ്റ്റ് പൊലീസ് ഇന്ന് പുലര്‍ച്ചെയോടെയാണ് രേഖപ്പെടുത്തിയത്. കോട്ടയം മൂന്നിലവ് സ്വദേശി സാമുവല്‍, കോരുത്തോട് സ്വദേശി വിവേക്, വയനാട് നടവയല്‍ സ്വദേശി ജീവ, മലപ്പുറം മഞ്ചേരി സ്വദേശി റിജില്‍ ജിത്ത്, വണ്ടൂര്‍ സ്വദേശി രാഹുല്‍ രാജ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരെ കോളജില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു.

ക്രൂരമായി റാഗിങ് നടത്തിയെന്ന ഒന്നാം വര്‍ഷ വിദ്യാര്‍ഥികളുടെ പരാതിയിലാണ് മൂന്നാം വര്‍ഷ വിദ്യാര്‍ഥികളായ 5 പേരെ പൊലീസ് പിടികൂടിയത്. 3 മാസത്തോളം നീണ്ടുനിന്ന റാഗിങ്ങിനൊടുവില്‍ മൂന്ന് ഒന്നാം വര്‍ഷ വിദ്യാര്‍ഥികള്‍ പരാതി നല്‍കിയതോടെയാണ് ഗാന്ധിനഗര്‍ പൊലീസ് കേസെടുത്തത്. കഴിഞ്ഞ നവംബര്‍ മുതല്‍ റാഗിങ്ങിന് ഇരയായെന്നാണ് പരാതി. വിദ്യാര്‍ഥികളെ നഗ്‌നരാക്കി നിര്‍ത്തിയതായും വെയ്റ്റ് ലിഫ്റ്റിങ്ങിന് ഉപയോഗിക്കുന്ന ഡംബല്‍ ഉപയോഗിച്ച് ക്രൂരത കാട്ടിയതായും പരാതിയില്‍ പറയുന്നു.
കോംപസ് അടക്കമുള്ളവ ഉപയോഗിച്ച് ശരീരത്തില്‍ മുറിവേല്‍പിക്കുകയും മുറിവില്‍ ലോഷന്‍ തേക്കുകയും ചെയ്തതു. ഇതു കൂടാതെ മുഖത്തും തലയിലും വായിലും അടക്കം ക്രീം തേച്ചതായും പരാതിയുണ്ട്. ഞായറാഴ്ചകളില്‍ കുട്ടികളില്‍ നിന്ന് പണം പിരിച്ച് സീനിയര്‍ വിദ്യാര്‍ഥികള്‍ മദ്യപിച്ചിരുന്നതായും സ്ഥിരമായി ജൂനിയര്‍ വിദ്യാര്‍ഥികളെ മര്‍ദിച്ചിരുന്നതായും പരാതിയില്‍ പറയുന്നു.