
കോട്ടയം: പാലാ ബിഷപ്പ് ഹൗസിൻ്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് ശിവലിംഗവും ക്ഷേത്രാവശിഷ്ടങ്ങളും കണ്ടെത്തി. ഈ സംഭവം വലിയ ചർച്ചകൾക്ക് തിരികൊളുത്തി. ഇവിടെ പ്രത്യേക പൂജയും പ്രാർഥനകളും നടത്തുകയും വിശ്വഹിന്ദു പരിഷത്ത് ജില്ലാ ഭാരവാഹി മോഹനൻ പനയ്ക്കൽ അടക്കമുള്ള നേതാക്കൾ സ്ഥലം സന്ദർശിക്കുകയും ചെയ്തതാണ് സംഭവത്തിന് കൂടുതൽ ശ്രദ്ധ ലഭിക്കാൻ ഇടയാക്കിയത്.
പാലാ അരമനയുടെ ഉടമസ്ഥതിയിലുള്ള ഭൂമിയിൽ മരച്ചീനി കൃഷിക്കായുള്ള തയ്യാറെടുപ്പുകൾക്കിടയിലാണ് രണ്ട് വിഗ്രഹങ്ങളും കല്ലുകളും പ്രത്യക്ഷപ്പെട്ടത്. പിന്നാലെ ഇത് ശിവലിംഗമാണെന്ന് വെള്ളാപ്പാട് ഭഗവതി ക്ഷേത്രം ഭാരവാഹികൾ അവകാശപ്പെട്ടു. പാലാ വെള്ളാപ്പാട് ഭഗവതി ക്ഷേത്രത്തിന് വടക്ക്-പടിഞ്ഞാറ് മാറി അരമനവക സ്ഥലത്താണ് വിഗ്രഹങ്ങൾ കണ്ടെത്തിയത്. ഈ വിഗ്രഹവും സോപാനക്കല്ലും ശിവലിംഗവും പാർവതി വിഗ്രഹവുമാണെന്നും വിഗ്രഹത്തിന് നൂറ്റാണ്ടുകൾ പഴക്കമുണ്ടെന്നും സ്ഥലം സന്ദർശിച്ച വെള്ളാപ്പാട് ഭഗവതി ക്ഷേത്രം മേൽശാന്തി പ്രദീപ് നമ്പൂതിരി പറഞ്ഞു.

നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ഈ പ്രദേശത്ത് ക്ഷേത്രമുണ്ടായിരുന്നതായാണ് ക്ഷേത്രഭാരവാഹികൾ പറയുന്നത്. തുടർന്നാണ് ക്ഷേത്രഭാരവാഹികളുടെ നേതൃത്വത്തിൽ പ്രദേശത്ത് പ്രത്യേക പൂജയും പ്രാര്‍ത്ഥനകളും നടത്തിയത്. വിഗ്രഹം കണ്ടെടുത്ത സ്ഥലത്ത് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് തണ്ടളത്ത് തേവര്‍ എന്നറിയപ്പെട്ടിരുന്ന ക്ഷേത്രവും ആരാധനയും നടന്നിരുന്നതായാണ് ഇവർ പറയുന്നത്. ഇവിടെ ബലിക്കല്ലും പീഠവും കിണറും ഉണ്ടായിരുന്നതായി കാരണവന്മാർ പറഞ്ഞു കേട്ടിട്ടുള്ളതായി സമീപവാസികളും പറയുന്നു. ഇപ്പോൾ ഉള്ള താമസക്കാരുടെ മുത്തച്ഛന്റെ ചെറുപ്പത്തിൽ ക്ഷേത്രം ഉണ്ടായിരുന്നു എന്നും ‘തേവർ പുരയിടം’ എന്നാണ് അറിയപ്പെട്ടിരുന്നതെന്നും പറയുന്നു.
കൂത്താപ്പാടി ഇല്ലം വകയായിരുന്ന ഈ ക്ഷേത്രം ഇല്ലം ക്ഷയിച്ചതോടെ അന്യാധീനപ്പെടുകയായിരുന്നുവത്രെ. സമീപത്തുള്ള എല്ലാവര്‍ക്കും നേരത്തെ ഇവിടെയൊരു ക്ഷേത്രമുണ്ടായിരുന്ന വിവരം അറിയാമെന്നും നാമാവശേഷമായ രീതിയിലായിരുന്നു ക്ഷേത്രമുണ്ടായിരുന്നത് എന്നും ക്ഷേത്രഭാരവാഹികള്‍ പറയുന്നു.
ഇല്ലം ക്ഷയിച്ചതിന് പിന്നാലെ ഈ ഭൂമി ചില കുടുംബങ്ങള്‍ പാട്ടത്തിനെടുത്ത് എന്നും അവര്‍ പിന്നീട് കൈയേറ്റം നടത്തുകയും ചെയ്തു എന്നും ഇവർ ആരോപിക്കുന്നു. ഈ രീതിയില്‍ കൈയേറിയവരാണ് പാല ബിഷപ് ഹൗസിന് ഈ ഭൂമി വില്‍പന നടത്തിയത് എന്നുമാണ് ഇവരുടെ ആരോപണം. ആറ് മാസം മുമ്പ് വെള്ളാപ്പാട് ക്ഷേത്രത്തില്‍ നടന്ന താംബൂല പ്രശ്‌നത്തില്‍ ജ്യോതിഷി ചോറോട് ശ്രീനാഥ് പണിക്കര്‍ ഇതുപോലൊരു സംഭവമുണ്ടാകുമെന്ന് പറഞ്ഞിരുന്നതായും ക്ഷേത്രഭാരവാഹികള്‍ പറഞ്ഞു.
അതേസമയം, ഭൂമിയുടെ ഉടമസ്ഥാവകശം സംബന്ധിച്ച് നിലവില്‍ തര്‍ക്കങ്ങളൊന്നുമില്ലെന്ന് പൊലീസും റവന്യൂ അധികൃതരും പറഞ്ഞു. ഹൈന്ദവ ആചാര പ്രകാരം വിഗ്രഹം മാറ്റിസ്ഥാപിക്കുന്നതിന് സഹായം ചെയ്യുമെന്ന് പാല അരമന വ്യക്തമാക്കി. നേരത്തെ പലതവണ കൈമറിഞ്ഞ് ഈ ഭൂമി വെട്ടത്ത് കുടുംബം എന്ന കുടുംബത്തില്‍ നിന്നാണ് പാല അരമന ഈ ഭൂമി വാങ്ങിയത്.