
കോട്ടയം: കൃഷി ആവശ്യത്തിനായി പുരയിടത്തില്‍ മണ്ണിളക്കുന്നതിനിടെ ക്ഷേത്രാവശിഷ്ടങ്ങളും വിഗ്രഹവും കണ്ടെത്തി. പാലാ വെള്ളാപ്പാട് ഭഗവതി ക്ഷേത്രത്തിന് വടക്ക്-പടിഞ്ഞാറ് മാറി പാലാ അരമനവക സ്ഥലത്താണ് വിഗ്രഹങ്ങള്‍ കണ്ടെത്തിയത്.
കപ്പ കൃഷിക്കായി വലിയ മണ്‍കൂനകള്‍ ഉണ്ടാക്കുന്നതിന്റെ ഭാഗമായി സ്ഥലം മാന്തിയപ്പോഴാണ് രണ്ട് വിഗ്രഹവും സോപാനക്കല്ലും കണ്ടത്. കഴിഞ്ഞ ദിവസം വൈകിട്ടോടെയാണ് ഇവ കണ്ടെടുത്തത്. ശിവലിംഗവും പാര്‍വതി വിഗഹവുമാണെന്നും വിഗ്രഹത്തിന് നൂറ്റാണ്ടുകള്‍ പഴക്കമുണ്ടെന്നും സ്ഥലം സന്ദര്‍ശിച്ച വെള്ളാപ്പാട് ഭഗവതി ക്ഷേത്രം മേല്‍ശാന്തി പ്രദീപ് നമ്പൂതിരി പറഞ്ഞു.

വിഗ്രഹം കണ്ടെത്തിയ സ്ഥലത്ത് മുമ്പ് തണ്ടളത്ത് തേവര്‍ എന്നറിയപ്പെട്ടിരുന്ന ശിവക്ഷേത്രവും ആരാധനയും നടന്നിരുന്നു. ഇവിടെ ബലിക്കല്ലും പീഠവും കിണറും ഉണ്ടായിരുന്നതായി കാരണവന്മാര്‍ പറഞ്ഞു കേട്ടിട്ടുള്ളതായി സമീപവാസികള്‍ പറയുന്നു. 100 വര്‍ഷമെങ്കിലും മുമ്പാണ് ഇവിടെ ക്ഷേത്രം ഉണ്ടായിരുന്നത്. ഇപ്പോള്‍ ഉള്ള താമസക്കാരുടെ മുത്തച്ഛന്റെ ചെറുപ്പത്തില്‍ ക്ഷേത്രം ഉണ്ടായിരുന്നു എന്നും ‘തേവര്‍ പുരയിടം’ എന്നാണ് അറിയപ്പെട്ടിരുന്നതെന്നും അവര്‍ പറയുന്നു.
കൂത്താപ്പാടി ഇല്ലം വക വിശാലമായ പുരയിടമായിരുന്നു ഇവിടം. കുത്തകപ്പാട്ടത്തിന് അന്ന് ചില സ്ഥലവാസികള്‍ സ്ഥലം ഏറ്റെടുത്ത് കൃഷിയും മറ്റും നടത്തിവന്നിരുന്നു. പിന്നീട് പാട്ടസ്ഥലം അന്യാധീനപ്പെട്ട് ഇല്ലം ക്ഷയിച്ചതോടെ കുടുംബക്കാര്‍ പാലയ്ക്കാട്ടുമലക്ക് താമസം മാറുകയും പാട്ടസ്ഥലം കൃഷിക്കാരുടെ കൈവശവുമായി. പല കൈവഴിമാറി വെട്ടത്ത് കുടുംബത്തിന്റെ ഉടമസ്ഥതയില്‍നിന്നാണ് അരമന സ്ഥലം വാങ്ങിയതെന്ന് പറയുന്നു. ഇതിനിടയില്‍ അവിടെ ഉണ്ടായിരുന്ന ക്ഷേത്രത്തിനും നാശം സംഭവിച്ചിരുന്നു.
വിവരം അറിഞ്ഞ് നിരവധി ഭക്തജനങ്ങള്‍ സ്ഥലം സന്ദര്‍ശിച്ച് നാമജപവും ആരാധനയും നടത്തി. വിശ്വഹിന്ദുപരിഷത്ത് ജില്ല ഭാരവാഹി മോഹനന്‍ പനയ്ക്കല്‍ ഉള്‍പ്പെടെ നേതാക്കളും സ്ഥലം സന്ദര്‍ശിച്ചു.