CrimeNEWS

ലക്ഷ്യം ബൈക്കില്‍ യാത്ര ചെയ്യുന്ന സ്ത്രീകള്‍, ഒറ്റരാത്രിയില്‍ മൂന്നിടത്ത് മാലപൊട്ടിക്കല്‍; ഒരാഴ്ചയ്ക്കുള്ളില്‍ ‘ഇമ്രാന്‍ ഖാന്‍’ പിടിയില്‍

ആലപ്പുഴ: ഒറ്റരാത്രിയില്‍ മൂന്നിടത്ത് ബൈക്കിലെത്തി മാലപൊട്ടിച്ച പ്രതി ഒരാഴ്ചയ്ക്കുള്ളില്‍ പിടിയില്‍. ഫെബ്രുവരി മൂന്നിനു രാത്രി ആലപ്പുഴ നോര്‍ത്ത്, മണ്ണഞ്ചേരി പൊലീസ് സ്റ്റേഷന്‍ പരിധികളില്‍ മാലപൊട്ടിച്ച ഇമ്രാന്‍ ഖാനാണ് ആലപ്പുഴ നോര്‍ത്ത് പൊലീസിന്റെ പിടിയിലായത്.

ആലപ്പുഴ, എറണാകുളം പാലക്കാട്, തൃശ്ശൂര്‍ എന്നീ ജില്ലകളില്‍ 40ഓളം മാലപൊട്ടിക്കല്‍ കേസില്‍ പ്രതിയാണ് ഇയാള്‍ . രാത്രികാലങ്ങളില്‍ ബൈക്കില്‍ യാത്ര ചെയ്യുന്ന സ്ത്രീകളുടെ മാലപൊട്ടിച്ചെടുക്കുന്നതാണ് പ്രതിയുടെ രീതി. സംഭവദിവസം ബൈക്കിന് പിന്നിലിരുന്ന് യാത്ര ചെയ്തിരുന്നവരാണ് മൂന്ന് സ്ത്രീകളും. ആക്രമണത്തിനിരയായവരില്‍ നിന്ന് പ്രതി കറുത്ത വസ്ത്രമാണ് ധരിച്ചിരുന്നതെന്നും ആഡംബര സ്പോര്‍ട്സ് ബൈക്കാണ് പ്രതി ഉപയോഗിച്ചിരുന്നതെന്നും തിരിച്ചറിഞ്ഞു.

Signature-ad

പ്രദേശത്തെ സിസിടിവി പരിശോധിച്ചതില്‍ ബൈക്കിന്റെ ദൃശ്യങ്ങള്‍ ലഭിച്ചിരുന്നെങ്കിലും നമ്പര്‍പ്ലേറ്റ് മറച്ചിരുന്നതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായില്ല. മാലപൊട്ടിക്കള്‍ സംഭവം വര്‍ധിച്ച പശ്ചാത്തലത്തില്‍ ഓപ്പറേഷന്‍ നൈറ്റ്റൈഡര്‍ എന്നപേരില്‍ പ്രത്യേക അന്വേഷണസംഘം പൊലീസ് രൂപീകരിച്ചു.

പല സംഘങ്ങളായി തിരഞ്ഞ് കിട്ടിയ സൂചനകളുടെ അടിസ്ഥാനത്തില്‍ കേരളത്തിലുടനീളം നടന്ന സമാനസംഭവങ്ങളില്‍ ഉള്‍പ്പെട്ടവരെ കുറിച്ചും ചെയ്ത രീതികളെ കുറിച്ചും സംഘം വിവരം ശേഖരിച്ചു. ബൈക്ക് സഞ്ചരിച്ച വഴികളിലെ കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് പ്രതിയുടെ താമസസ്ഥലം പൊലീസ് തിരിച്ചറിഞ്ഞു. പ്രതി ബൈക്കിലെത്തി മാലപൊട്ടിക്കുന്ന സ്ഥിരം കുറ്റവാളിയാണെന്നും കണ്ടെത്തി.

പ്രതിയുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍ മോഷണങ്ങള്‍ അയാള്‍ തന്നെയാണ് ചെയ്തതെന്ന് വ്യക്തമായി. പ്രതി മോഷണത്തിനായി സഹോദരന്റെ ബൈക്കാണ് ഉപയോഗിച്ചിരുന്നത്. തുടര്‍ന്ന് പ്രതിയെ വീട്ടില്‍ നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു.

 

Back to top button
error: