Social MediaTRENDING

കുടുംബം വേണോ? അഭിനയം വേണോ? ഒന്നരക്കൊല്ലം അച്ഛന്‍ മിണ്ടിയിട്ടില്ല; വീഡിയോ വൈറലായപ്പോ ചീത്തപ്പേരായി!

സോഷ്യല്‍ മീഡിയയിലെ മിന്നും താരമാണ് വര്‍ഷ. വെറും വര്‍ഷ എന്ന പേരിലാണ് വര്‍ഷ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുന്നത്. റിലേറ്റബിളായ കണ്ടന്റുകല്‍ലൂടെ വര്‍ഷ വൈറലായി മാറാറുണ്ട്. അവതാരകയായും വര്‍ഷ കയ്യടി നേടിയിട്ടുണ്ട്. ഇപ്പോഴിതാ തന്റെ തുടക്കത്തെക്കുറിച്ചും വീട്ടില്‍ നിന്നും നേരിട്ട എതിര്‍പ്പിനെക്കുറിച്ചുമൊക്കെ സംസാരിക്കുകയാണ് വര്‍ഷ. മാതൃഭൂമിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് വര്‍ഷ മനസ് തുറന്നത്.

”കുട്ടിക്കാലത്ത് എനിക്ക് ഒരുപാട് ആഗ്രഹങ്ങളുണ്ടായിരുന്നു. ക്ലാരിറ്റി ഉണ്ടായിരുന്നില്ല. ശരിക്കും അങ്ങനെ ആകാന്‍ പാടില്ല. എനിക്ക് ക്യാബിന്‍ ക്രൂ ആകണമെന്നും പൈലറ്റ് ആകണമെന്നും സിവില്‍ സര്‍വ്വീസ് എഴുതണം എന്നുമുണ്ടായിരുന്നു. പക്ഷെ അന്നും ഇന്നും കൂടെയുള്ളത് അഭിനയിക്കണം എന്ന ആഗ്രഹമാണ്. ഇപ്പോളും നടിയായി എന്ന് പറയത്തക്ക കഥാപാത്രമൊന്നും ചെയ്തിട്ടില്ല. ബൊഗെയ്ന്‍വില്ല, ഐഡന്റിറ്റി, ലൈവ്, ഒരു ജാതി ജാതകം, വരാനുള്ള ഗെറ്റ് സെറ്റ് ബേബി അങ്ങനെ പതുക്കെ വരുന്നതേയുള്ളൂ. പക്ഷെ പണ്ട് സ്വപ്നം കണ്ടത് പലതിലൂടേയും ഇന്ന് ജീവിക്കുമ്പോള്‍ ഭയങ്കര സന്തോഷമുണ്ട്.” വര്‍ഷ പറയുന്നു.

Signature-ad

ഇതൊരു പ്രൊഫഷണ്‍ ആക്കണമെന്ന് കരുതിയല്ല തുടങ്ങിയത്. അത്രയും അറിവുണ്ടായിരുന്നില്ല. റേഡിയോയില്‍ വര്‍ക്ക് ചെയ്ത സമയത്ത് എന്റെ പ്രോഗ്രം ഹെഡ് പറഞ്ഞതിനാലാണ് കണ്ടന്റ് ഉണ്ടാക്കി തുടങ്ങിയത്. അതിന് മുമ്പൊരു മീഡിയ കമ്പനിയില്‍ നിന്നപ്പോള്‍ അവരുണ്ടാക്കിയിട്ടുണ്ട്, പക്ഷെ ഞാനായിട്ട് ഒന്നും ചെയ്തിട്ടില്ല. റേഡിയോയില്‍ നിന്നും ഇറങ്ങിയപ്പോഴാണ് ആദ്യത്തെ കൊളാബ് വരുന്നത്. അപ്പോഴാണ് തിരിച്ചറിയുന്നത് വീട്ടില്‍ ഇരുന്ന് തന്നെ വരുമാനമുണ്ടാക്കാന്‍ സാധിക്കുമെന്ന്. ഇതൊരു കരിയര്‍ ആയി കരുതാതിരുന്നതു കൊണ്ട് തന്നെ ടെന്‍ഷനുണ്ടായിരുന്നില്ല. തുടങ്ങിയിട്ട് രണ്ട് വര്‍ഷമായി. ഒന്നര രണ്ട് മാസം മുമ്പാണ് ടെന്‍ഷന്‍ അടിച്ചു തുടങ്ങിയതെന്നും വര്‍ഷ പറയുന്നു. പിന്നാലെ തന്റെ വീട്ടുകാരുടെ പ്രതികരണത്തെക്കുറിച്ചും താരം മനസ് തുറക്കുന്നുണ്ട്.

”വീട്ടില്‍ ഞാന്‍ പറഞ്ഞിരുന്നില്ല. എന്റെ വീഡിയോ കണ്ടിട്ടാണ് ഇവള്‍ക്ക് ഇതാണ് പരുപാടിയെന്ന് അച്ഛനൊക്കെ മനസിലാക്കുന്നത്. ബാംഗ്ലൂരിലെ ജോലി രാജി വച്ച് എറണാകുളത്ത് വരുമ്പോള്‍ അച്ഛനോട് പറഞ്ഞിരുന്നത് എച്ച്ആര്‍ ആയിട്ടാണ് ജോയിന്‍ ചെയ്യുന്നത് എന്നായിരുന്നു. പക്ഷെ അച്ഛന്‍ സുഹൃത്തുക്കളെ വച്ച് അന്വേഷിച്ചപ്പോഴാണ് അഭിനയിക്കാനാണ് വന്നതെന്ന് അറിയുന്നത്. അത് വീട്ടില്‍ പ്രശ്നമായി. എന്റെ തീരുമാനത്തില്‍ അച്ഛന്‍ ഒട്ടും സന്തുഷ്ടനായിരുന്നില്ല. അച്ഛന്‍ കരുതിയത് എംബിഎ കഴിഞ്ഞ ശേഷം കുറച്ച്നാള്‍ എവിടെയെങ്കിലും വര്‍ക്ക് ചെയ്യുക, എന്നിട്ട് സൗദിയില്‍ അച്ഛന്റെ അടുത്തേക്ക് കൊണ്ടു പോകണം എന്നായിരുന്നു.” താരം പറയുന്നു.

അച്ഛന്‍ ഒന്നരക്കൊല്ലം മിണ്ടിയില്ല. പിന്നീട് റേഡിയോയില്‍ കയറിയ ശേഷമാണ് മിണ്ടുന്നത്. അമ്മ അന്നും ഇന്നും സപ്പോര്‍ട്ടാണ്. നീ പൊക്കോ എന്ന് പറഞ്ഞ് പൈസ തന്ന് എറണാകുളത്തേക്ക് വിട്ടത്. പക്ഷെ കുടുംബക്കാരൊക്കെ ഭയങ്കര മോശമായിട്ട് സംസാരിച്ചു തുടങ്ങിയപ്പോള്‍ ഒരു ദിവസം അമ്മ വിളിച്ച് നീ നിര്‍ത്തി പോന്നാള് എന്ന് പറഞ്ഞു. പക്ഷെ ഇനി എന്തായാലും നിര്‍ത്തി വരില്ലെന്ന് ഞാന്‍ പറഞ്ഞു. എങ്ങനെയെങ്കിലും കരകയറണമായിരുന്നുവെന്നും വര്‍ഷ പറയുന്നു. നേരത്തെ മാതൃഭൂമിയുടെ ക സാഹിത്യോത്സവത്തില്‍ പങ്കെടുത്ത് സംസാരിക്കവെ തന്റെ ആദ്യത്തെ വൈറല്‍ വീഡിയോയെക്കുറിച്ചും താരം സംസാരിച്ചിരുന്നു.

”ടിക് ടോക്കില്‍ ഭയങ്കരമായി വൈറലായിരുന്നു. പക്ഷെ എനിക്ക് ടിക് ടോക്ക് ഇല്ല. അതിനാല്‍ ആളുകള്‍ കാണുന്നതൊന്നും ഞാന്‍ അറിഞ്ഞിരുന്നില്ല. എന്റെ നാട്ടില്‍ വീഡിയോ വൈറലല്ല, ചീത്തപ്പേരാണ് ആയത്. അച്ഛന്റെ ഒരു ചേച്ചിയുണ്ട്. വല്യമ്മയ്ക്ക് 22 വയസുള്ളപ്പോഴാണ് അച്ഛന്‍ ജനിക്കുന്നത്. അത്രയ്ക്ക് പ്രായ വ്യത്യാസമുണ്ട്. ഒരു ദിവസം വന്നിട്ട് എന്നോട് ഇയ്യ് ഇപ്പോ ഏതോ താടിക്കാരന്റെ കൂടെ ആണല്ലേ എന്ന് ചോദിച്ചു. ഷാരിഖിനെക്കുറിച്ചാണ്. ഞാന്‍ ഒന്നും മിണ്ടാന്‍ പോയില്ല. ഓരോട് വര്‍ത്താനം പറഞ്ഞ് നില്‍ക്കാനാകില്ല.” താരം പറയുന്നു.

അച്ഛന് ഒട്ടും ഇഷ്ടമായിരുന്നില്ല ഞാന്‍ വീഡിയോയില്‍ അഭിനയിക്കുന്നത്. അച്ഛന്റെ സുഹൃത്തുക്കളൊക്കെ എ്ംഎന്‍സികളില്‍ വര്‍ക്ക് ചെയ്യുകയാണ്. അച്ഛന്‍ എന്നെ വിളിച്ചിട്ട് ചോദിച്ചത്, എന്റെ മോള്‍ എന്ത് ചെയ്യുകയാണെന്നാണ് ഞാന്‍ പറയേണ്ടത്, വീഡിയോയില്‍ അഭിനയിച്ച് നടക്കുകയാണെന്നോ എന്നായിരുന്നു. എനിക്ക് അച്ഛനോട് പറയാന്‍ മറുപടിയില്ലായിരുന്നു. അച്ഛന് ഒരു തരത്തിലും എന്നെ കണ്‍വിന്‍സ് ചെയ്യാന്‍ പറ്റാതായതോടെ അതുവരെ വിളിക്കാത്ത ബന്ധുക്കളെക്കൊണ്ട് എന്നെ വിളിപ്പിക്കാന്‍ തുടങ്ങിയെന്നാണ് വര്‍ഷ പറയുന്നത്.

ഒരു ദിവസം അച്ഛന്‍ വിളിച്ചിട്ട്, ഒന്നെങ്കില്‍ നീ അഭിനയം നിര്‍ത്തണം. അല്ലെങ്കില്‍ കുടുംബവുമായുള്ള ബന്ധം നിര്‍ത്തണം എന്ന് പറഞ്ഞു. ആ സമയത്ത് ഞാന്‍ ആകെ കണ്‍ഫ്യൂസ്ഡ് ആയിരിക്കുകയാണ്. ഞാന്‍ അദ്ദേഹത്തോട് എന്നാല്‍ ഞാന്‍ കുടുംബവുമായുള്ള ബന്ധം നിര്‍ത്താം എന്ന് പറഞ്ഞുവെന്നാണ് വര്‍ഷ പറയുന്നത്. അതായിരുന്നു ജീവിതത്തില്‍ ആദ്യമായി എടുത്ത തീരുമാനം. അച്ഛന്‍ ഫോണ്‍ കട്ട് ചെയ്തു. ഒന്നരക്കൊല്ലം എന്നോട് മിണ്ടിയിട്ടില്ലെന്നും താരം പറഞ്ഞിരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: