
പത്തനംതിട്ട: ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെയും ജില്ലാ സെക്രട്ടറി അടക്കമുള്ള നേതാക്കളുടേയും സാന്നിധ്യത്തില്‍ സി.പി.എമ്മില്‍ ചേര്‍ന്ന കാപ്പാ കേസ് പ്രതിയെ ഒരു വര്‍ഷത്തേക്ക് നാടുകടത്തി. ഡി.വൈ.എഫ്.ഐ. മലയാലപ്പുഴ മേഖലാ കമ്മിറ്റി വൈസ് പ്രസിഡന്റായ ശരണ്‍ ചന്ദ്രനെയാണ് നാടുകടത്തി ജില്ലാ പോലീസ് മേധാവി ഉത്തരവായത്. ഫെബ്രുവരി ഏഴാം തീയതി മുതല്‍ ഒരുവര്‍ഷത്തേക്കാണ് നാടുകടത്തിയത്.
കഴിഞ്ഞ ജൂലൈയില്‍ കുമ്പഴയില്‍ നടന്ന പരിപാടിയിലായിരുന്നു ശരണ്‍ അടക്കം 60 പേര്‍ ബി.ജെ.പി. വിട്ട് സി.പി.എമ്മില്‍ ചേര്‍ന്നത്. മന്ത്രി വീണാ ജോര്‍ജാണ് ശരണ്‍ ചന്ദ്രനെ മാലയിട്ട് പാര്‍ട്ടിയിലേക്ക് സ്വീകരിച്ചത്. അന്നത്തെ ജില്ലാസെക്രട്ടറി കെ.പി. ഉദയഭാനു അടക്കമുള്ള നേതാക്കള്‍ ചടങ്ങിലെത്തിയിരുന്നു. പാര്‍ട്ടിയില്‍ ചേരുന്നതിന് ഒന്നരയാഴ്ച മുമ്പായിരുന്നു ശരണ്‍ ജയിലില്‍ നിന്നിറങ്ങിയത്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ഇയാളെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.

പാര്‍ട്ടിയില്‍ ചേര്‍ന്ന ശേഷം മലയാലപ്പുഴയില്‍ പോലീസ് സ്റ്റേഷനടുത്ത് നടുറോഡില്‍ വെച്ച് കേക്ക് മുറിച്ച് ശരണിന്റെ പിറന്നാള്‍ ആഘോഷിച്ചത് വിവാദമായിരുന്നു. അന്നത്തെ ആഘോഷത്തില്‍ പിടികിട്ടാപ്പുള്ളികളടക്കം പങ്കെടുത്തിരുന്നു. അടുത്തിടെ മലയാലപ്പുഴയില്‍ ഉണ്ടായ കേസിലും ശരണിന്റെ പങ്കാളിത്തം ഉണ്ടായിരുന്നതായി പോലീസ് പറഞ്ഞു.
ആര്‍.എസ്.എസിനു വേണ്ടിയാണ് ശരണ്‍ ചന്ദ്രന്‍ കേസുകളില്‍ പ്രതിയായതെന്നും പൊതുപ്രവര്‍ത്തകര്‍ക്കെതിരേ എടുക്കേണ്ട കേസല്ല കാപ്പാ എന്നുമാണ് നേരത്തെ സി.പി.എം. ജില്ലാ സെക്രട്ടറിയായിരുന്ന കെ.പി.ഉദയഭാനു പറഞ്ഞിരുന്നത്. ശരണ്‍ ചന്ദ്രന്‍ സാമൂഹിക വിരുദ്ധനല്ലെന്നും നാടുകടത്തേണ്ട ആവശ്യമില്ലെന്നും അന്ന് ജില്ലാ സെക്രട്ടറി വാദിച്ചിരുന്നു.
ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ സ്വയം തിരുത്തി സി.പി.എമ്മിലേക്ക് വന്നാല്‍ സ്വീകരിക്കുന്നതില്‍ തെറ്റില്ലെന്നായിരുന്നു സിപിഎം നിലപാട്. ജില്ലാ സമ്മേളനത്തിലും ഇതേ നിലപാടാണ് എടുത്തിരുന്നത്. എന്നാല്‍, ശരണ്‍ ചന്ദ്രന്‍ പാര്‍ട്ടിയില്‍ എത്തിയിട്ടും പോലീസിന് തലവേദന ഉണ്ടാക്കുന്നത് പതിവായതോടെ നാടുകടത്തലല്ലാതെ വേറേ വഴിയില്ലാത്ത സ്ഥിതിയിലേക്കെത്തുകയായിരുന്നു. ശരണിനെ നാടുകടത്തിയ സ്ഥിതിക്ക് ഇയാളുടെ പാര്‍ട്ടി അംഗത്വത്തിന്റെ കാര്യത്തില്‍ എന്തു നിലപാടാണ് എടുക്കുക എന്നത് ജില്ലാ നേതൃത്വം വ്യക്തമാക്കേണ്ടിവരും.