
കാസർകോട്: ഉപ്പള ടൗണില്‍വെച്ച് ഇന്നലെ (ചൊവ്വ) രാത്രി കെട്ടിട നിര്‍മാണ മേസ്തിരി വെട്ടേറ്റ് മരിച്ചു. പയ്യന്നൂര്‍ സ്വദേശി സുരേഷ് (45) ആണ് മരിച്ചത്. രാത്രി 10 മണിയോടെയാണ് സംഭവം
ആംബുലന്‍സ് മോഷണം അടക്കം നിരവധി കേസുകളിലെ പ്രതിയും മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുകയും ചെയ്യുന്ന സവാദ് ആണ് വെട്ടിയതെന്ന് ദൃക്‌സാക്ഷികള്‍ പൊലീസിനെ അറിയിച്ചു. വെട്ടേറ്റ് ഗുരുതരമായി പരുക്കേറ്റ സുരേഷിനെ പ്രദേശവാസികള്‍ ചേര്‍ന്ന് ഉപ്പളയിലെ ആശുപത്രിയിലാണ് ആദ്യം പ്രവേശിപ്പിച്ചത്. എന്നാല്‍ ആരോഗ്യനില വഷളായതിനാല്‍ പൊലീസ് എത്തി മംഗ്‌ളൂറിലെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല.

കെട്ടിട നിര്‍മാണ മേസ്ത്രിയായ സുരേഷ് ഉപ്പളയില്‍ നിര്‍മാണം നടക്കുന്ന ഫ്ലാറ്റിന്റെ കാവല്‍ക്കാരനായും ജോലി ചെയ്തു വരികയായിരുന്നു. സുരേഷും സവാദും തമ്മില്‍ ഇതിന് മുമ്പും തര്‍ക്കം നടന്നിരുന്നതായുള്ള വിവരവും പുറത്ത് വരുന്നുണ്ട്.
മഞ്ചേശ്വരം പൊലീസ് സ്ഥലത്തെത്തി പ്രതിക്കായി തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്. മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കമാണ് അക്രമത്തിന് കാരണമെന്നാണ് വിവരം.