IndiaNEWS

അപകടത്തിനിടെ എയര്‍ബാഗുകള്‍ പ്രവര്‍ത്തിച്ചില്ല; 32.07 ലക്ഷം നഷ്ടപരിഹാരം നല്‍കാന്‍ വിധി

ന്യൂഡല്‍ഹി: അപകടത്തനിടെ എയര്‍ ബാഗുകള്‍ പ്രവര്‍ത്തിക്കാത്ത സംഭവത്തില്‍ ഉപഭോക്താവിന് 32.07 ലക്ഷം നഷ്ടപരിഹാരം നല്‍കാന്‍ ദേശീയ ഉപഭോക്ത്യ തര്‍ക്ക പരിഹാര കമ്മീഷന്റെ ഉത്തരവ്. അപകടസമയത്ത് ടൊയോട്ട ഇന്നോവയുടെ മുന്നിലെ എയര്‍ബാഗ് തുറന്നില്ലെന്നാണ് പരാതി. ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോഴ്സും ബംഗളൂരുവിലെ കാര്‍ ഡീലര്‍ഷിപ്പായ നന്ദി ടൊയോട്ട മോട്ടോര്‍ വേള്‍ഡുമാണ് 15 ലക്ഷം രൂപയും അതിന്റെ 12 വര്‍ഷത്തെ ഒമ്പത് ശതമാനം പലിശയും നല്‍കേണ്ടത്. പലിശ മാത്ര ഏകദേശം 17 ലക്ഷം വരും. നഷ്ടപരിഹാരം നല്‍കാത്തപക്ഷം പുതിയ വാഹനം നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു.

2011 മാര്‍ച്ച് 11നാണ് സുനില്‍ റെഡ്ഡി എന്നയാള്‍ ടൊയോട്ട ഇന്നോവ വാഹനം വാങ്ങുന്നത്. 2011 ആഗസ്റ്റ് 16 നായിരുന്നു അപകടം. ആന്ധ്രാപ്രദേശിലെ കുര്‍ണൂല്‍ ജില്ലയിലെ ഉലിന്ദകൊണ്ട ഗ്രാമത്തിന് സമീപം ഓട്ടോറിക്ഷയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഈ സമയത്ത് വാഹനത്തിന്റെ മുന്നിലെ എയര്‍ബാഗുകള്‍ പ്രവര്‍ത്തിച്ചില്ല.

Signature-ad

അപകടശേഷം റെഡ്ഡി വാഹനം ബംഗളൂരുവിലെ നന്ദി ടൊയോട്ട മോട്ടോര്‍ വേള്‍ഡ് സര്‍വീസ് സെന്ററില്‍ സര്‍വീസിനായി നല്‍കി. കൂടാതെ എയര്‍ബാഗ് പ്രവര്‍ത്തിക്കാത്തതിന് കമ്പനിയോട് നഷ്ടപരിഹാരം ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍, കമ്പനി തെറ്റ് അംഗീകരിക്കാനോ നഷ്ടപരിഹാരം നല്‍കാനോ വിസമ്മതിച്ചതോടെ റെഡ്ഡില്‍ വക്കീല്‍ നോട്ടീസ് അയച്ചു. ഇതിനും മറുപടി ലഭിച്ചില്ല. തുടര്‍ന്ന് ജില്ലാ ഉപഭോക്തൃ ഫോറത്തെ സമീപിച്ചു. അപകട സമയത്ത് എയര്‍ബാഗുകള്‍ തുറന്നില്ലെന്നും വാഹനത്തിന്റെ മുന്‍ഭാഗത്ത് കാര്യമായ കേടുപാട് സംഭവിച്ചതായും യാത്രക്കാര്‍ക്ക് പരിക്കേറ്റതായും പരാതിയില്‍ ഉന്നയിച്ചു.

നിരവധി വാദപ്രതിവാദങ്ങള്‍ക്കൊടുവില്‍ 2014 നവംബറില്‍ റെഡ്ഡിക്ക് അനുകൂലമായ ഉത്തരവ് വന്നു. പുതിയ വാഹനം നല്‍കാനോ അതല്ലെങ്കില്‍ ഏകദേശം 15 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനോ വിധിച്ചു. എന്നാല്‍, ഇതിനെതിരെ ടൊയോട്ട സംസ്ഥാന ഉപഭോക്തൃ കമ്മീഷനില്‍ അപ്പീല്‍ നല്‍കി. അപ്പീല്‍ തള്ളിയ സംസ്ഥാന കമ്മീഷന്‍, ജില്ല ഫോറത്തിന്റെ വിധി അംഗീകരിക്കുകയും ചെയ്തു.

വാഹനത്തിന്റെ ഇടത് ഭാഗത്താണ് ഓട്ടോറിക്ഷ ഇടിച്ചതെന്നും ഇതിനാല്‍ മുന്നിലെ എയര്‍ബാഗുകള്‍ പ്രവര്‍ത്തിക്കില്ലെന്നുമായിരുന്നു ടൊയോട്ടയുടെ വാദം. വാഹനത്തിന്റെ വശത്തോ പിന്നിലോ കൂട്ടിയിടിച്ചാലും തലകീഴായി മറിഞ്ഞാലും മുന്നിലെ എയര്‍ ബാഗുകള്‍ പ്രവര്‍ത്തിക്കില്ല. കൂടാതെ മുന്നില്‍ കുറഞ്ഞ വേഗതയില്‍ ആഘാതം സംഭവിച്ചാലും എയര്‍ ബാഗ് പ്രവര്‍ത്തിക്കില്ലെന്നും ടൊയോട്ടയും അഭിഭാഷകന്‍ വാദിച്ചു. എന്നാല്‍, വാദപ്രതിവാദങ്ങള്‍ക്ക് ഒടുവില്‍ മുന്നിലാണ് കൂട്ടിയിടി നടന്നതെന്ന നിഗമനത്തിലെത്തി.

ഇതിനെതിരെ ടൊയോട്ട ദേശീയ ഉപഭോക്ത്യ തര്‍ക്ക പരിഹാര കമ്മീഷന് മുന്നില്‍ അപ്പീല്‍ നല്‍കി. ഇന്നോവയില്‍ ഉപയോഗിച്ചിരിക്കുന്ന സാങ്കേതിക വിദ്യ അന്താരാഷ്ട്ര ഗുണമേന്‍മയുള്ളതാണെന്നും ഓട്ടോമോട്ടീവ് റിസര്‍ച്ച് അസോസിയേഷന്‍ ഓഫ് ഇന്ത്യ അംഗീകാരം നല്‍കിയിട്ടുണ്ടെന്നും ദേശീയ കമ്മീഷന് മുന്നില്‍ ടൊയോട്ട വ്യക്തമാക്കി. പ്രസ്തുത വാഹനം നന്നാക്കിയപ്പോള്‍ എയര്‍ബാഗ് വിന്യസിക്കാനാവശ്യമായ സെന്‍സറുകള്‍ക്ക് പ്രശ്‌നമൊന്നും സംഭവിച്ചിട്ടില്ലെന്നും തെളിവുകള്‍ പുനഃപരിശോധിക്കണമെന്നും ആവശ്യപ്പെട്ടു.

തുടര്‍ന്ന് വാഹന ഉടമ റെഡ്ഡി നിശ്ചയിച്ച വിദഗ്ധനായ പ്രശാന്ത് കുമാറിന്റെയും ടൊയോട്ടയിലെ വിദഗ്ധന്‍ വി. കാര്‍ത്തികേയന്റെയും സാക്ഷ്യങ്ങള്‍ കമ്മീഷന്‍ കേട്ടു. മുന്‍വശത്താണ് കൂട്ടിയിടിച്ചത് എന്നതിന് തെളിവുണ്ടെന്നും ഇതിനാല്‍ എയര്‍ബാഗുകള്‍ വിന്യസിക്കേണ്ടാതായിരുന്നുവെന്നും പ്രശാന്ത് കുമാര്‍ വ്യക്തമാക്കി. 2011ല്‍ താന്‍ വാഹനം പരിശോധിച്ചപ്പോള്‍ വശത്താണ് കൂട്ടിയിടി നടന്നതെന്നും അതിനാലാണ് എയര്‍ബാഗുകള്‍ പ്രവര്‍ത്തിക്കാത്തതെന്നും കാര്‍ത്തികേയന്‍ ദേശീയ കമ്മീഷന്‍ മുമ്പാകെ മൊഴി നല്‍കി.

അപകടത്തില്‍ ഓട്ടോ ഡ്രൈവര്‍ക്കും യാത്രക്കാര്‍ക്കും പരിക്കേറ്റിരുന്നു. ഇക്കാര്യം എഫ്.ഐ.ആറിലുണ്ട്. കാര്‍ ഡ്രൈവര്‍ വേഗത്തില്‍ വാഹനം ഓടിക്കുകയും ഓട്ടോയുമായി മുന്‍വശത്ത് കൂട്ടിയിടിക്കുകയും ഓട്ടോ മറിയുകയും ചെയ്തതായി എഫ്.ഐ.ആറില്‍ പറയുന്നുണ്ട്. ഇതും ദേശീയ കമ്മീഷന്‍ തെളിവായി പരിഗണിച്ചു. തുടര്‍ന്നാണ് നഷ്ടപരിഹാരമോ പുതിയ വാഹനമോ നല്‍കണമെന്ന് കാണിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്.

 

Back to top button
error: