KeralaNEWS

ഓൺലൈൻ ട്രേഡിംഗിന്റെ പേരിൽ 2.67 കോടി രൂപയുടെ സൈബർ തട്ടിപ്പ്; മലപ്പുറം സ്വദേശികൾ അറസ്‌റ്റിൽ

ആലപ്പുഴ: ഓൺലൈൻ ട്രേഡിംഗിന്റെ പേരിൽ 2.67 കോടി രൂപയുടെ സൈബർ തട്ടിപ്പ് നടത്തിയ മലപ്പുറം സ്വദേശികളായ മൂന്നു യുവാക്കളെ ആലപ്പുഴ ജില്ലാ ക്രൈംബ്രാഞ്ച് അറസ്റ്റുചെയ്തു.
മലപ്പുറം ഏറനാട് കാവന്നൂർ‍
 പഞ്ചായത്ത് ഒന്നാംവാർ‍ഡിൽ എലിയാപറമ്പിൽ വീട്ടിൽ ഷെമീർ പൂന്തല (38), ഏറനാട് കാവന്നൂർ പഞ്ചായത്ത് ഏഴാം വാർഡിൽ വാക്കാലൂർ കിഴക്കേത്തല കടവിനടുത്ത് എടക്കണ്ടിയിൽ വീട്ടിൽ അബ്ദുൾ വാജിദ് (23), കാവന്നൂർ പഞ്ചായത്ത് 12-ാം വാർഡിൽ ചിരങ്ങക്കുണ്ട് ഭാഗത്ത് പൂന്തല വീട്ടിൽ ഹാരിസ് (ചെറിയോൻ-35) എന്നിവരെയാണ് മലപ്പുറം അരീക്കോട്ടുനിന്ന് ഞായറാഴ്ച പിടികൂടിയത്.
ആലപ്പുഴ മാന്നാർ സ്വദേശിയും ഗൾഫിൽ ജോലിചെയ്തിരുന്നയാളുമായ മുതിർന്ന പൗരനെ വാട്സാപ്പിലൂടെ ബന്ധപ്പെട്ടാണ് തട്ടിപ്പു നടത്തിയത്. ഓൺലൈൻ വ്യാപാരം നടത്തി വൻലാഭം നേടാമെന്നു വിശ്വസിപ്പിച്ചശേഷം ഒരു വെബ്സൈറ്റിന്റെ ലിങ്ക് അയച്ചുനൽകി. അതുവഴി വെർച്വൽ അക്കൗണ്ടു തുടങ്ങാനായിരുന്നു നിർദ്ദേശം. പരാതിക്കാരൻ ആദ്യം 50,000 രൂപ നിക്ഷേപിച്ചു. 15 ദിവസമായപ്പോൾ വെർച്വൽ അക്കൗണ്ടിൽ 65,000 രൂപ ആയി ഉയർന്നു. അതോടെ പരാതിക്കാരനു വിശ്വാസമായി. ഇതു മുതലെടുത്ത് വി.ഐ.പി. കസ്റ്റമറായി പരിഗണിച്ച് പ്രതികളിൽ രണ്ടുപേരും പരാതിക്കാരനും മാത്രമുള്ള ഒരു വി.ഐ.പി. വാട്സാപ്പ് ഗ്രൂപ്പ് തുടങ്ങി. പിന്നീട് പരാതിക്കാരൻ ഒരുലക്ഷം രൂപയിട്ടപ്പോൾ വെർച്വൽ അക്കൗണ്ടിൽ ഒരാഴ്ച കഴിഞ്ഞ് 1,92,000 രൂപയായി. ഇടയ്ക്കിടെ പണം നിക്ഷേപിച്ചില്ലെങ്കിൽ കിട്ടിയ ലാഭം പോകുമെന്നു പറഞ്ഞാണ് 26 ഇടപാടുകളിലായി 2.67 കോടി തട്ടിയെടുത്തത്.
വെർച്വൽ അക്കൗണ്ടിൽ ഒൻപതുകോടി രൂപയായപ്പോൾ പണം പിൻവലിക്കണമെന്ന് പരാതിക്കാരൻ ആവശ്യപ്പെട്ടെങ്കിലും പ്രതികരണമുണ്ടായില്ല. അതിനിടെ, വരുമാനനികുതിയുടെ പേരിലും സേവനനിരക്കിന്റെ പേരിലും നല്ലൊരു തുക തട്ടി. അതിനുശേഷം ട്രേഡിങ് നടത്തിയ സൈറ്റും വാട്സാപ്പ് നമ്പരുമെല്ലാം തട്ടിപ്പുകാർ ഒഴിവാക്കി. ഇതേത്തുടർന്നാണ് മാന്നാർ സ്വദേശി സൈബർ പോലീസിനെ സമീപിച്ചത്.
തട്ടിപ്പിലൂടെ ലഭിക്കുന്ന പണം അപ്പോൾത്തന്നെ നെറ്റ് ബാങ്കിങ്ങിലൂടെ കൈമാറുന്നതായിരുന്നു തട്ടിപ്പുകാരുടെ രീതി.
ഒരുകോടി രൂപയ്ക്കു മുകളിൽ പണം നഷ്ടപ്പെട്ട കേസായതിനാലാണ് ജില്ലാ ക്രൈംബ്രാഞ്ചിനു കൈമാറിയത്. ആലപ്പുഴ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. കെ.എസ്. അരുൺ, എസ്.ഐ.മാരായ നെവിൻ ടി.ഡി., മോഹൻകുമാർ, അഗസ്റ്റിൻ വർഗീസ്, എ.എസ്.ഐ. സുധീർ, ഹരികുമാർ, സി.പി.ഒ. ബൈജു സ്റ്റീഫൻ എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.
സൈബർ തട്ടിപ്പിൽ പെട്ടാൽ ആദ്യത്തെ ഒരു മണിക്കൂറിനകം തന്നെ 1930 എന്ന നമ്പറിൽ സൈബർ പോലീസിനെ വിവരം അറിയിക്കുക. ഇത് പണം തിരിച്ചുകിട്ടാൻ നിങ്ങളെ ഏറെ സഹായിക്കും.
#keralapolice

Back to top button
error: