IndiaNEWS

വോട്ട് പിടിക്കാന്‍ ഗൂഗിളിലും പണം വാരിയെറിഞ്ഞ് ബി.ജെ.പി; ഫെബ്രുവരിയില്‍ പൊടിച്ചത് 30 കോടി

ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പ് തൊട്ടരികെ നില്‍ക്കെ ഇന്റര്‍നെറ്റില്‍ വോട്ടര്‍മാരെ ലക്ഷ്യമിട്ട് കഴിഞ്ഞ ഒരു മാസം മാത്രം ബി.ജെ.പി വാരിയെറിഞ്ഞത് കോടികള്‍. ഗൂഗിളിന്റെയും ആല്‍ഫബെറ്റിന്റെയും വിവിധ പ്ലാറ്റ്ഫോമുകളില്‍ മാത്രം ജനുവരി 29നും ഫെബ്രുവരി 29നും ഇടയില്‍ രാജ്യം ഭരിക്കുന്ന പാര്‍ട്ടി ചെലവാക്കിയത് 29.7 കോടി രൂപയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിച്ഛായ കൂട്ടാനും കേന്ദ്ര സര്‍ക്കാര്‍ പദ്ധതികള്‍ക്കു പ്രചാരം നല്‍കാനുമായാണ് ഇത്രയും ഭീമമായ തുക ഗൂഗിളില്‍ മാത്രം ചെലവിട്ടിരിക്കുന്നത്. മലയാളം ഉള്‍പ്പെടെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ വോട്ടര്‍മാരെയും മുന്നില്‍കണ്ടും കോടികള്‍ മുടക്കിയിട്ടുണ്ടെങ്കിലും ബി.ജെ.പി പരസ്യങ്ങളുടെ പ്രധാന ലക്ഷ്യം ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളായിരുന്നു.

ഗൂഗിള്‍ ആഡ്സ് ട്രാന്‍സ്പരന്‍സി സെന്ററില്‍നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ‘ദി ന്യൂസ് മിനുട്ട്’ റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. ഗൂഗിള്‍ സെര്‍ച്ച്, യൂട്യൂബ് ഉള്‍പ്പെടെയുള്ള പ്ലാറ്റ്ഫോമുകളിലായിരുന്നു ബി.ജെ.പി പരസ്യം നല്‍കിയത്. ലക്ഷക്കണക്കിനു വെബ്സൈറ്റുകള്‍, യൂട്യൂബ് ഉള്‍പ്പെടെയുള്ള വിഡിയോ പ്ലാറ്റ്ഫോമുകള്‍, വിവിധ ആപ്പുകള്‍ എന്നിവയിലൂടെയെല്ലാം വോട്ടര്‍മാരെ സ്വാധീനിക്കാനുള്ള നീക്കമുണ്ടായിട്ടുണ്ട്. 12,600 പരസ്യങ്ങളാണു പ്രസിദ്ധീകരിച്ചത്. ഇതില്‍ 75 ശതമാനവും വിഡിയോകളായിരുന്നു. 2019 ലോക്സഭാ തെരഞ്ഞെടുപ്പ് കാലയളവില്‍ ചെലവാക്കിയതിന്റെ പതിന്മടങ്ങ് പണമാണ് ഇത്തവണ ഗൂഗിള്‍ പരസ്യങ്ങള്‍ക്കായി ചെലവിട്ടത്. 2019 തെരഞ്ഞെടുപ്പിനുമുന്‍പുള്ള നാലു മാത്രം ആകെ 12.3 കോടി രൂപ ചെലവിട്ടിടത്താണ് വെറും ഒരു മാസംകൊണ്ട് 30 കോടി രൂപ പൊടിച്ചിട്ടുള്ളത്.

Signature-ad

കേരളം, തമിഴ്നാട്, തെലങ്കാന, കര്‍ണാടക ഉള്‍പ്പെടെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ സ്വാധീനമുറപ്പിക്കാന്‍ ബി.ജെ.പി പഠിച്ച പണി പതിനെട്ടും പയറ്റുന്നുണ്ടെങ്കിലും തെരഞ്ഞെടുപ്പ് വിളിപ്പാടകലെ നില്‍ക്കെ ഹിന്ദി ഹൃദയഭൂമിയില്‍ തന്നെയാണ് അവര്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നു വ്യക്തമാക്കുന്നതാണു കണക്കുകള്‍. കഴിഞ്ഞ മാസത്തെ കണക്കുകള്‍ പ്രകാരം ഏറ്റവും കൂടുതല്‍ തുക ചെലവിട്ടത് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്കു വേണ്ടിയായിരുന്നു. ഇതില്‍ തന്നെ ബി.ജെ.പി സഖ്യകക്ഷികളോ ഭരിക്കുന്ന സംസ്ഥാനങ്ങളിലാണു പ്രധാന ശ്രദ്ധ നല്‍കിയിട്ടുള്ളത്. ഇതിനു പുറമെ ഡല്‍ഹി, പഞ്ചാബ് ഉള്‍പ്പെടെ പ്രതീക്ഷ വയ്ക്കുന്ന സംസ്ഥാനങ്ങള്‍ക്കായും ലക്ഷങ്ങള്‍ ചെലവാക്കിയിട്ടുണ്ട്.

ജനുവരി 29നും ഫെബ്രുവരി 28നും ഇടയില്‍ ഏറ്റവും കൂടുതല്‍ തുക ചെലവിട്ടിരിക്കുന്നത് ഉത്തര്‍പ്രദേശിലാണ്. 2.34 കോടി രൂപയാണ് യു.പിക്കായി ഒഴുക്കിയത്. തൊട്ടരികെ വരുന്നത് ബിഹാറും ഒഡിഷയും മഹാരാഷ്ട്രയും ഗുജറാത്തുമാണ്. ബിഹാര്‍-1.87 കോടി, ഒഡിഷ-1.85, മഹാരാഷ്ട്ര-1.84, ഗുജറാത്ത്-1.83 എന്നിങ്ങനെയാണു കണക്കുകള്‍. തൊട്ടുപിറകിലുള്ള മറ്റു സംസ്ഥാനങ്ങള്‍ ഇങ്ങനെയാണ്: മധ്യപ്രദേശ്(1.78 കോടി), ഡല്‍ഹി(1.73), രാജസ്ഥാന്‍(1.72) പഞ്ചാബ്(1.58), ഹരിയാന(1.57).

കഴിഞ്ഞ 30 ദിവസത്തിനിടെ 50 വിഡിയോ പരസ്യങ്ങള്‍ക്കായി പത്തു മുതല്‍ 30 ലക്ഷം വരെ പൊടിച്ചിട്ടുണ്ട് ബി.ജെ.പി. 100 വിഡിയോകള്‍ക്ക് അഞ്ചു മുതല്‍ പത്തു ലക്ഷം വരെയും ചെലവിട്ടു. 2.5 മുതല്‍ അഞ്ചു ലക്ഷം വരെ ചെലവഴിച്ച 124ഉം ഒന്നുമുതല്‍ 2.5 ലക്ഷം വരെ ചെലവിട്ട 109 വിഡിയോകളും ഇതിനു പുറമെയും.

2019 മുതല്‍ ഇതുവരെയായി ബി.ജെ.പി ആകെ 52,000 ഗൂഗിള്‍ പരസ്യങ്ങള്‍ക്കായി ചെലവാക്കിയത് 79.16 കോടി രൂപയാണ്. അവിടെയാണ് രാജ്യം തെരഞ്ഞെടുപ്പ് ചൂടിലേക്കു നീങ്ങുമ്പോള്‍ വെറും ഒരു മാസം കൊണ്ട് 30 കോടി പൊടിച്ചിരിക്കുന്നത്. കഴിഞ്ഞ അഞ്ചു വര്‍ഷത്തെ കണക്കില്‍ കര്‍ണാടകയ്ക്കു വേണ്ടിയാണ് മോദിയും കൂട്ടരും ഏറ്റവും തുക ചെലവിട്ടത്; 8.9 കോടി രൂപ.

Back to top button
error: