KeralaNEWS

കൃഷ്ണദാസിനെ വെട്ടി പുതുമുഖ വനിതയെ കളത്തിലിറക്കി ബി.ജെ.പി

കാസർകോട്: സ്ഥാനാർത്ഥിനിർണയത്തിന്റെ അവസാന നിമിഷം വരെ ഉയർന്നുവന്നിരുന്ന ബി.ജെ.പി മുൻ സംസ്ഥാന പ്രസിഡന്റും ദേശീയ ഭാരവാഹിയുമായ പി.കെ കൃഷ്ണദാസിനെ തള്ളി പുതുമുഖത്തെ കളത്തില്‍ ഇറക്കി  ബി.ജെ.പി കേന്ദ്ര, സംസ്ഥാന നേതൃത്വം.

കാസർകോട് മണ്ഡലത്തില്‍ മത്സരിക്കുന്നതിനായി താഴെത്തട്ടില്‍ നിന്നും ബി.ജെ.പി നേതൃത്വം ശേഖരിച്ചത് മൂന്നു പേരുകള്‍ ആയിരുന്നു. പി.കെ കൃഷ്ണദാസ്, നിലവിലുള്ള ജില്ലാ പ്രസിഡണ്ട് രവീശ തന്ത്രി കുണ്ടാർ, എം.എല്‍ അശ്വിനി എന്നിവർ ആയിരുന്നു പ്രാഥമിക പട്ടികയില്‍ ഇടം പിടിച്ചത്.

Signature-ad

പി.കെ കൃഷ്ണദാസ് തന്നെ സ്ഥാനാർത്ഥിയാകുമെന്ന് പാർട്ടി ഘടകങ്ങളും മുന്നണിയുടെ കാസർകോട്ട് നേതൃത്വം ഏറെക്കുറെ ഉറപ്പിച്ചതാണ്. അവസാന നിമിഷം കൃഷ്ണദാസിനെ വെട്ടുകയായിരുന്നു.

ചെറുപ്പക്കാരിയും നിയമസഭ, ലോകസഭാ തിരഞ്ഞെടുപ്പുകളില്‍ പുതുമുഖവുമായ അശ്വിനിയെയാണ് കാസർകോട്  കളത്തിലിറക്കാൻ ബിജെപി തീരുമാനിച്ചിരിക്കുന്നത്. ദേശീയതലത്തില്‍ മഹിളാമോർച്ചയുടെ ശക്തമായ പ്രവർത്തകയാണ് അശ്വിനി. ബി.ജെ.പിയുടെയും എൻ.ഡി.എ ഘടകകക്ഷികളുടെയും യുവനിരക്ക് കൂടുതല്‍ സ്വീകാര്യയാകും ഇവർ എന്നാണ് പ്രതീക്ഷ.

യുവമോർച്ച പ്രവർത്തകരും മഹിളാമോർച്ച പ്രവർത്തകരും അശ്വിനിക്ക് വേണ്ടി ആവേശത്തോടെ രംഗത്തിറങ്ങും എന്നാണ് പാർട്ടി നേതൃത്വവും കണക്കുകൂട്ടുന്നത്. മുതിർന്ന നേതാക്കളെ മുഴുവൻ തഴഞ്ഞു കൊണ്ടുള്ള ഈ നീക്കം എൻ.ഡി.എ മുന്നണിക്ക് ഗുണം ചെയ്തേക്കാം. 2019 ലെ ലോകസഭാ തിരഞ്ഞെടുപ്പില്‍ എൻ.ഡി.എ സ്ഥാനാർഥിയായി മത്സരിച്ച രവീശ തന്ത്രി കുണ്ടാറിന് 1,76,049 വോട്ടാണ് കിട്ടിയത്. യു.ഡി.എഫ് എം.പി രാജ്മോഹൻ ഉണ്ണിത്താൻ 4,74,961 വോട്ടും എല്‍.ഡി.എഫ് സ്ഥാനാർഥി കെ.പി സതീഷ് ചന്ദ്രൻ 4,34,523 വോട്ടും നേടിയിരുന്നു.

Back to top button
error: