KeralaNEWS

പരാതികള്‍ നിഷ്പക്ഷ സമിതി പരിശോധിക്കും; ആത്മഹത്യാ ഭീഷണി മുഴക്കിയ വിദ്യാര്‍ഥികളുടെ സമരം അവസാനിച്ചു

ഇടുക്കി: തൊടുപുഴ കോ ഓപ്പറേറ്റീവ് ലോ കോളജില്‍ ആത്മഹത്യാ ഭീഷണി മുഴക്കിയ വിദ്യാര്‍ഥികളുടെ പ്രതിഷേധ സമരം അര്‍ദ്ധ രാത്രിയോടെ അവസാനിച്ചു. സബ് കളക്ടറുമായി നടത്തിയ ചര്‍ച്ചയില്‍ വിദ്യാര്‍ത്ഥികളുടെ പരാതികള്‍ നിഷ്പക്ഷമായ കമ്മിറ്റി പരിശോധിക്കുമെന്ന് ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് വിദ്യാര്‍ത്ഥികള്‍ സമരം അവസാനിപ്പിച്ചത്.

വിദ്യാര്‍ത്ഥികളുമായി മാനേജ്മെന്റ് നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു. മാര്‍ക്ക് ദാനവുമായി ബന്ധപ്പെട്ട് സമരം ചെയ്ത വിദ്യാര്‍ഥികളെ കോളജില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു. ഇതില്‍ പ്രതിഷേധിച്ച് വിദ്യാര്‍ഥികള്‍ കോളജ് കെട്ടിടത്തിന് മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കുകയായിരുന്നു.

ഇന്നലെ നാലുമണിക്ക് തുടങ്ങിയ സമരം ഏഴുമണിക്കൂറോളമാണ് നീണ്ടത്. പ്രിന്‍സിപ്പല്‍ രാജിവെക്കുക, അനര്‍ഹമായി ഒരുകുട്ടിക്ക് മാത്രം നല്‍കിയ മാര്‍ക്ക് റദ്ദാക്കുക, ഈ ആവശ്യമുന്നയിച്ച് സമരം നടത്തിയ വിദ്യാര്‍ത്ഥികളെ പുറത്താക്കിയ നടപടി പിന്‍വലിക്കുക, റാഗിങ് പരാതി പരിശോധിക്കുക. ഇതില്‍ പ്രിന്‍സിപ്പല്‍ രാജി വെക്കുന്നതൊഴികെ മറ്റെല്ലാം ചെയ്യാമെന്ന് മാനേജുമെന്റ് ഉറപ്പ് നല്‍കിയിരുന്നു.

പക്ഷെ പ്രിന്‍സിപ്പലിന്റെ രാജിയില്ലാതെ പിന്നോട്ടില്ലെന്ന നിലപാടുമായി മൂന്നു നിലക്ക് മുകളില്‍ ആതമഹത്യ ഭീക്ഷണിയോടെ മുപ്പതിലധികം കുട്ടികള്‍ ഉറച്ച് നില്‍ക്കുകയായിരുന്നു. രാത്രി പത്തുമണിയോടെ ഡീന്‍ കുര്യാക്കോസ് എം.പിയും സബ് കളക്ടര്‍ അരുണ്‍ എസ് നായരുമെത്തി കുട്ടികളുമായി ചര്‍ച്ച നടത്തുകയായിരുന്നു.

Back to top button
error: