IndiaNEWS

20 സീറ്റ് മസ്റ്റ്! മഹാരാഷ്ട്രയില്‍ ഉദ്ധവിന്റെ കടുംപിടിത്തം; ‘ഇന്ത്യ’യില്‍ വീണ്ടും പ്രതിസന്ധിയില്‍

മുംബൈ: മഹാരാഷ്ട്രയില്‍ ഇന്ത്യസഖ്യം ലോക്സഭാസീറ്റുകള്‍ സംബന്ധിച്ച ധാരണ പൂര്‍ത്തിയാക്കാത്ത സാഹചര്യത്തില്‍ ഉദ്ധവ് താക്കറെ ശിവസേന 20 സീറ്റ് വേണമെന്ന ആവശ്യം ശക്തമാക്കി. മഹാരാഷ്ട്രയിലെ 18 ലോക്സഭാമണ്ഡലങ്ങളിലേക്ക് ഉദ്ധവ് ശിവസേന കോ-ഓര്‍ഡിനേറ്റര്‍മാരെ നിയമിച്ചു.

മഹാരാഷ്ട്ര വികാസ് അഘാഡിയിലെ (എം.വി.എ.) നാലാപങ്കാളികള്‍ ഇതുവരെ സീറ്റുപങ്കിടല്‍ സംബന്ധിച്ച് അന്തിമതീരുമാനത്തിലെത്തിയിട്ടില്ല. ഇത് കോ-ഓര്‍ഡിനേറ്റര്‍മാരുടെ ആദ്യപട്ടികയാണെന്നും 20-ലധികം സീറ്റുകളിലേക്ക് പാര്‍ട്ടി സ്ഥാനാര്‍ഥികളെ നിര്‍ത്താന്‍ ഉദ്ദേശിക്കുന്നതിനാല്‍ വരുംദിവസങ്ങളില്‍ നാലോ അഞ്ചോ കോ-ഓര്‍ഡിനേറ്റര്‍മാരെക്കൂടി നിയമിക്കുമെന്നും താക്കറെവിഭാഗം എം.പി. വിനായക് റാവത്ത് പറഞ്ഞു.

മുംബൈ നഗരത്തിലെ മുംബൈ നോര്‍ത്ത് വെസ്റ്റ്, മുംബൈ നോര്‍ത്ത് ഈസ്റ്റ്, മുംബൈ സൗത്ത് സെന്‍ട്രല്‍, സൗത്ത് മുംബൈ എന്നീ നാല് സീറ്റുകള്‍ തങ്ങള്‍ക്ക് വേണമെന്ന ആവശ്യം ശിവസേന ശക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ശിവസേന ടിക്കറ്റില്‍ ജയിച്ച മുംബൈ നോര്‍ത്ത് വെസ്റ്റില്‍നിന്നുള്ള ഗജാനന്‍ കീര്‍ത്തികര്‍, മുംബൈ സൗത്ത് സെന്‍ട്രലില്‍നിന്നുള്ള രാഹുല്‍ ഷെവാലെ എന്നിവര്‍ മുഖ്യമന്ത്രി ഏക്നാഥ് ഷിന്ദേ ശിവസേനയിലാണ്.

നിലവില്‍ ഷിന്ദേയുടെ മകന്റെ കൈവശമുള്ള കല്യാണ്‍ ലോക്സഭാമണ്ഡലത്തിന്റെ പേര് ആദ്യപട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഉദ്ധവ് ശിവസേന, കോണ്‍ഗ്രസ്, എന്‍.സി.പി.യുടെ ശരദ് പവാര്‍ വിഭാഗം, പ്രകാശ് അംബേദ്കറുടെ വഞ്ചിത് ബഹുജന്‍ അഘാഡി എന്നിവരടങ്ങുന്ന എം.വി.എ. നേതാക്കള്‍ ഒരു മാസത്തിലേറെയായി സീറ്റുപങ്കിടല്‍ ചര്‍ച്ചകള്‍ നടത്തുന്നുണ്ടെങ്കിലും ഇതുവരെ സമവായത്തിലെത്തിയിട്ടില്ല. മഹാരാഷ്ട്രയിലെ 39 ലോക്സഭാസീറ്റുകളില്‍ എം.വി.എ.സഖ്യം സമവായത്തിലെത്തിയതായി എന്‍.സി.പി. സ്ഥാപകന്‍ ശരദ് പവാര്‍ പറഞ്ഞു.

Back to top button
error: