എറണാകുളം ടൗണ്‍, ജംഗ്ഷൻ റെയില്‍വേ സ്‌റ്റേഷനുകളുടെ വികസനം പുരോഗമിക്കയാണെങ്കിലും ട്രാക്കുകളുടെ എണ്ണം വർദ്ധിക്കുന്നില്ല. വലിയ തോതില്‍ വികസനം വേണമെങ്കില്‍ നഗരമദ്ധ്യത്തില്‍ റെയില്‍വേയുടെ ഉടമസ്ഥതയിലുള്ള 110 ഏക്കർ പൊന്നുരുന്നിയിലെ ഭൂമിയില്‍ പുതിയ ടെർമിനല്‍ പണിയണമെന്നാണ് എം.പി. ആവശ്യപ്പെട്ടത്. നിലവില്‍ തീവണ്ടികളുടെ അറ്റകുറ്റപ്പണിക്കും ചരക്കു വണ്ടികളും മറ്റും നിറുത്തിയിടുന്നതിനുമായാണ് ഈ കണ്ണായ സ്ഥലം വിനിയോഗിക്കുന്നത്.
അന്തർദേശിയ നിലവാരത്തിലുള്ള റെയില്‍വെ സ്റ്റേഷനായി പൊന്നുരുന്നിയിലെ മാർഷലിംഗ് യാർഡിനെ മാറ്റാനാകും. 30 വർഷത്തെ റെയില്‍വെ ആവശ്യങ്ങള്‍ നിറവേറ്റാൻ പുതിയ ടെർമിനലിന് കഴിയുമെന്ന റിപ്പോർട്ട് കേരള റെയില്‍ ഡെവലപ്പ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് (കെ. റെയില്‍) കെ. റെയില്‍ ദക്ഷിണ റെയില്‍വേയ്ക്ക് സമർപ്പിച്ചിരുന്നു.
മൂന്ന് വർഷം കൊണ്ട് പദ്ധതി പൂർത്തീകരിക്കാം. 4 പ്ലാറ്റുഫോമുകള്‍, 2 പാർസല്‍ ലൈനുകള്‍, 1 പിറ്റ് ലൈൻ, 2 സ്റ്റേബിളിംഗ് ലൈനുകള്‍, വാഗണ്‍ എക്‌സാമിനേഷൻ ലൈൻ തുടങ്ങിയവയാണ് നിർദ്ദേശിക്കുന്നത്. പ്ലാറ്റ്‌ഫോമുകളുടെ എണ്ണവും വർദ്ധിപ്പിക്കാം.
സ്റ്റേഷൻ വികസനത്തിന് 325 കോടി ഉള്‍പ്പെടെ ആകെ 1654 കോടി രൂപയുടെ നിക്ഷേപമാണ് പ്രതീക്ഷ. ഇതില്‍ സ്റ്റേഷൻ, യാർഡ്, റെസിഡൻഷ്യല്‍ യൂണിറ്റുകള്‍, വാണിജ്യ സമുച്ചയങ്ങള്‍ എന്നിവ ഉണ്ടാകും. ഗുഡ്‌സ് ഷെഡും കോച്ചുകളുടെ അറ്റകുറ്റപ്പണി കേന്ദ്രവുമാണ് ഇവിടെ നിലവിലുള്ളത്. എറണാകുളം സൗത്തില്‍ നിന്ന് ഒന്നര കിലോമീറ്റർ മാത്രമാണ് ദൂരം. പുതിയ പാത നിർമ്മിച്ച് എൻ.എച്ച് 66 ലേക്കുള്ള സർവീസ് റോഡിനെ ബന്ധിപ്പിച്ച് തൊട്ടടുത്തുള്ള വൈറ്റില മൊബിലിറ്റി ഹബ്ബിലേക്കെത്തിക്കാം.