തുരങ്കത്തില്‍ വലിയ വിള്ളലുകള്‍ രൂപപ്പെട്ടുവെന്ന് ഡെല്‍ഹി പിഡബ്യുഡി ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഈ തുരങ്കം ഇപ്പോള്‍ അറ്റകുറ്റപ്പണി നടത്താനാകില്ലെന്നും പൂർണമായി പുനർ നിർമിക്കേണ്ടി വരുമെന്നും മുതിർന്ന ഉദ്യോഗസ്ഥർ അറിയിച്ചു.
തുരങ്കം ഇപ്പോള്‍ യാത്രക്കാരുടെ ജീവന് ഭീഷണിയായി മാറിയെന്ന് പൊതുമരാമത്ത് വകുപ്പിൻ്റെ അറിയിപ്പില്‍ പറയുന്നു. കേന്ദ്രമാണ് പദ്ധതിക്ക് പണം അനുവദിച്ചത്. ഗുരുതരമായ സാങ്കേതിക പോരായ്മകള്‍ കാരണം സർക്കാരിന് നഷ്ടം സംഭവിച്ചതായും നോട്ടീസില്‍ പറയുന്നു. പദ്ധതിക്ക് 100 വർഷമോ അതില്‍ കൂടുതലോ ആയുസ് ഉണ്ടാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്.
പ്രഗതി മൈതാനം തുരങ്കം 2022 ജൂണ്‍ 19 ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഉദ്ഘാടനം ചെയ്തത്. ഡെല്‍ഹിയുടെ മധ്യഭാഗത്തെ നഗരത്തിൻ്റെ കിഴക്കൻ ഭാഗങ്ങളുമായും സമീപ നഗരങ്ങളായ നോയിഡ, ഗാസിയാബാദ് എന്നിവയുമായും ബന്ധിപ്പിക്കുന്നതിനാണ് 1.3 കിലോമീറ്റർ നീളമുള്ള ഈ തുരങ്കം നിർമ്മിച്ചത്. 2023 സെപ്തംബറില്‍ ഇന്ത്യയില്‍ നടന്ന ജി20 ഉച്ചകോടി ലക്ഷ്യം വെച്ച് നിർമിച്ച പ്രധാന തുരങ്കവും അഞ്ച് അടിപ്പാതകളും ഈ പദ്ധതിയില്‍ ഉള്‍പ്പെടുന്നു.
2022 ജൂണ്‍ 19ന് ഉദ്‌ഘാടനത്തിന് ശേഷം, ഇത്രയും കുറഞ്ഞ സമയത്തിനുള്ളില്‍ പൂർത്തിയാക്കിയ ‘അത്ഭുതകരമായ തുരങ്കം’ എന്നാണ് പ്രധാനമന്ത്രി പദ്ധതിയെ വിശേഷിപ്പിച്ചത്.2023-ല്‍, കനത്ത മഴയെത്തുടർന്ന് തുരങ്കം വെള്ളത്തിലായതിനാല്‍ അടച്ചിടേണ്ടി വന്നിരുന്നു. വെള്ളം നിറയുന്ന പ്രശ്‌നത്തിന് പുറമെ വിള്ളലുകളും വെളിച്ചക്കുറവും തുടങ്ങി നിരവധി പോരായ്മകളും തുരങ്കത്തില്‍ കണ്ടെത്തിയിരുന്നു.