കൊച്ചി: റെയില്‍വേ പൊലീസ് കഞ്ചാവുമായി പിടികൂടി എക്‌സൈസിനു കൈമാറിയ രണ്ടു പ്രതികള്‍ കസ്റ്റഡിയില്‍നിന്നു ചാടിപ്പോയി. ഇന്നലെ വൈകിട്ട് എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍നിന്ന് റെയില്‍വേ പൊലീസ് അറസ്റ്റ് ചെയ്ത രണ്ടു പേരാണ് ഇന്നു രാവിലെ എക്‌സൈസ് കമ്മിഷണര്‍ ഓഫിസില്‍നിന്ന് ചാടിപ്പോയത്. ഇവരെ പിടികൂടാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതപ്പെടുത്തിയെന്ന് അധികൃതര്‍ അറിയിച്ചു.
കൊല്ലം ഇരവിപുരം പെരുമാതുളി സയിദലി (22), കൊല്ലം തട്ടമല വടക്കേപാലുവള യാസീന്‍ (21) എന്നിവരെ ചൊവ്വാഴ്ച വൈകിട്ട് നാലരയോടെ 3.240 കിലോഗ്രാം കഞ്ചാവുമായി റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് പിടികൂടുകയായിരുന്നു. ഷാലിമാര്‍ തിരുവനന്തപുരം ട്രെയിന്‍ പ്ലാറ്റ്‌ഫോമില്‍ വന്നതിന്റെ പിന്നാലെ രണ്ടു പേര്‍ പുറത്തു ബാഗും തൂക്കി സംശയാസ്പദമായ രീതിയില്‍ നടക്കുന്നത് കണ്ടാണ് റെയില്‍വേ സുരക്ഷാ സേന പരിശോധിച്ചത്. തുടര്‍ന്ന് കഞ്ചാവ് കണ്ടെത്തുകയായിരുന്നു എന്ന് എറണാകുളം എക്‌സൈസ് റേഞ്ചിന്റെ എഫ്‌ഐആറില്‍ പറയുന്നു.
കൊച്ചിയിലെ കച്ചേരിപ്പടിയിലുള്ള എക്‌സൈസ് കമ്മിഷണര്‍ ഓഫീസില്‍ തന്നെയാണ് എക്‌സൈസ് റേഞ്ചിന്റെയും ഓഫീസ്. അറസ്റ്റിലായ ഇരുവരെയും ഇന്ന് കോടതിയില്‍ ഹാജരാക്കാനായി ലോക്കപ്പില്‍ പാര്‍പ്പിച്ചിരിക്കുകയായിരുന്നു. അതിനിടെ രാവിലെ ആറു മണിയോടെ ഇവരെ കാണാതാവുകയായിരുന്നു. ഇവര്‍ യാതൊരു തിടുക്കവുമില്ലാതെ നടന്നു പോകുന്നത് സിസി ടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. എങ്ങനെയാണ് ലോക്കപ്പില്‍നിന്നു പുറത്തുകടന്നത് തുടങ്ങിയ കാര്യങ്ങള്‍ ഇപ്പോഴും വ്യക്തമല്ല. ആര്‍പിഎഫ് പിടികൂടിയ പ്രതികളാണ് എക്‌സൈസിന്റെ പക്കല്‍നിന്ന് ചാടിപ്പോയത് എന്നതിനാല്‍ അന്വേഷണം കാര്യക്ഷമമായിരിക്കുമെന്നാണ് വിവരം.