IndiaNEWS

ഇ.ഡിയുടെ പരാതിയില്‍ കെജ്‌രിവാളിന് സമന്‍സ്; 17-ന് കോടതിയില്‍ ഹാജരാകണം

ന്യൂഡല്‍ഹി: മദ്യനയ അഴിമതിക്കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ പരാതിയില്‍ ഫെബ്രുവരി 17-ന് കോടതിയില്‍ ഹാജരാകാന്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് സമന്‍സ്. ഡല്‍ഹി റോസ് അവന്യൂ കോടതിയാണ് ഹാജരാകാന്‍ ആവശ്യപ്പെട്ട് സമന്‍സ് അയച്ചത്. മദ്യനയ അഴിമതിക്കേസില്‍ തങ്ങളയച്ച സമന്‍സുകളില്‍ കെജ്രിവാള്‍ ഹാജരാകുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഇ.ഡി.നല്‍കിയ പരാതിയിലാണ് കോടതിയുടെ നടപടി.

കഴിഞ്ഞ നാലു മാസത്തിനിടെ അഞ്ച് സമന്‍സുകളാണ് ഇ.ഡി. കെജ്രിവാളിന് അയച്ചിരുന്നത്. ഇ.ഡി.സമന്‍സ് നിയമവിരുദ്ധമാണെന്നായിരുന്നു കെജ്രിവാള്‍ ഹാജാരാകാതിരിക്കുന്നത് സംബന്ധിച്ച് വിശദീകരിച്ചത്.

Signature-ad

കേസില്‍ ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ മനീഷ് സിസോദിയയേയും മറ്റൊരു പാര്‍ട്ടി നേതാവും രാജ്യസഭാ എംപിയുമായ സഞ്ജയ് സിങിനേയും ഇ.ഡി.അറസ്റ്റ് ചെയ്തിരുന്നു.

ഡല്‍ഹിയിലെ മദ്യനയവുമായി ബന്ധപ്പെട്ട് സിബിഐ എടുത്ത അഴിമതിക്കേസില്‍ കള്ളപ്പണം വെളുപ്പിക്കലും നടന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഇ.ഡിയുടെ ഇടപെടല്‍. 2022 ജൂലായിയില്‍ സിബിഐയും ഓഗസ്റ്റില്‍ ഇ.ഡിയും മദ്യനയത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തു.

 

Back to top button
error: