KeralaNEWS

തൃശ്ശൂരില്‍ സുനില്‍കുമാറും തിരുവനന്തപുരത്ത് പന്ന്യനും, വയനാട്ടില്‍ സത്യൻ മൊകേരിയും; സി പി ഐ സീറ്റുകളില്‍ ധാരണ 

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള സിപിഐ യുടെ സീറ്റുകളില്‍ ധാരണയായതായി വിവരം. തിരുവനന്തപുരത്ത് പന്ന്യൻ രവീന്ദ്രനും തൃശ്ശൂരില്‍ മുൻമന്ത്രി വി എസ് സുനില്‍കുമാറും സിപിഐ സ്ഥാനാർത്ഥികളാകും എന്നാണ് ലഭിക്കുന്ന വിവരം.

രാഹുല്‍ ഗാന്ധിയുടെ മണ്ഡലമായ വയനാട്ടില്‍ സത്യൻ മൊകേരിയുടെ പേരാണ് ഉയർന്നുവന്നിരിക്കുന്നത്. സിപിഐ യുടെ കണ്ട്രോള്‍ കമ്മീഷൻ അംഗമാണ് സത്യൻ മൊകേരി. രാഹുല്‍ വയനാട്ടില്‍ മത്സരിച്ചാലും ഇല്ലെങ്കിലും സത്യൻ മൊകേരി തന്നെയാവും സിപിഐയുടെ സ്ഥാനാർത്ഥി എന്നാണ് വിവരം.

ബിജെപിയുമായി കടുത്ത പോരാട്ടം പ്രതീക്ഷിക്കുന്ന തൃശ്ശൂരില്‍ നേരത്തേ തന്നെ സുനില്‍കുമാറിന്റെ സ്ഥാനാർത്ഥിത്വം ഏറെക്കുറെ ഉറപ്പിച്ചിരുന്നു. ഒന്നാം പിണറായി സർക്കാരില്‍ കൃഷിവകുപ്പ് മന്ത്രിയായിരുന്ന സുനില്‍കുമാർ സിപിഐ യുടെ ജനകീയ മുഖങ്ങളില്‍ ഒരാളാണ്. 2011 ല്‍ കയ്പ്പമംഗലത്ത് നിന്നും 2016 ല്‍ തൃശ്ശൂരില്‍ നിന്നും നിയമസഭയിലെത്തിയ സുനില്‍കുമാർ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നില്ല.

Signature-ad

 

സുനില്‍കുമാർ പ്രതിനിധീകരിച്ച തൃശ്ശൂരും, കയ്പ്പമംഗലവും ഉള്‍പ്പെടുന്ന ലോക്സഭാ മണ്ഡലമാണ് തൃശ്ശൂർ എന്നതും സുനില്‍കുമാറിന്റെ പേരിലേക്കെത്താനുള്ള കാരണമായി. തൃശ്ശൂരില്‍ ബിജെപി സ്ഥാനാർത്ഥിയായി സുരേഷ് ഗോപി തന്നെ വീണ്ടുമെത്തും എന്ന് ഉറപ്പായിട്ടുണ്ട്. രണ്ട് തവണ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടെത്തിയാണ് തൃശ്ശൂരിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ടത്. ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും സിറ്റിംഗ് എം പി ടി എൻ പ്രതാപൻ തന്നെ തൃശ്ശൂരില്‍ കോണ്‍ഗ്രസ് സ്ഥാനാർത്ഥിയാവും എന്നാണ് വിവരം.

 

തിരുവനന്തപുരത്ത് മറ്റ് പല പേരുകളും ഉയർന്നുവന്നെങ്കിലും പന്ന്യൻ രവീന്ദ്രൻ തന്നെ മതിയെന്ന തീരുമാനത്തിലേക്ക് സിപിഐ എത്തിയിരിക്കുന്നു എന്നതാണ് ലഭിക്കുന്ന വിവരം. മുൻപ് തിരുവനന്തപുരം മണ്ഡലത്തില്‍ നിന്നും വിജയിച്ചിട്ടുള്ള പന്ന്യന്റെ ജനകീയ മുഖമാണ് അദ്ദേഹത്തിന് മുതല്‍കൂട്ടായത്. ഒപ്പം സിപിഎം പ്രവർത്തകർക്കിടയിലുള്ള പന്ന്യന്റെ സ്വീകാര്യതയും സ്ഥാനാർത്ഥി നിർണ്ണയത്തിലെ പ്രധാന ഘടകമായി.

 

പി കെ വാസുദേവൻ നായരുടെ വിയോഗത്തെ തുടർന്ന് 2012 ല്‍ നടന്ന ഉപതിരഞ്ഞെടുപ്പിലാണ് പന്ന്യൻ തിരുവനന്തപുരത്ത് നിന്നും ലോക്സഭയിലെത്തിയത്. പിന്നീട് നടന്ന തിരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും കോണ്‍ഗ്രസ് നേതാവ് ശശി തരൂരിനോട് പരാജയപ്പെടുകയാണുണ്ടായത്.

 

അതേ സമയം വയനാട്ടില്‍ രാഹുല്‍ മത്സരിക്കുമോയെന്ന കാര്യത്തില്‍ ഇതുവരെയും വ്യക്തത വന്നിട്ടില്ല. രാഹുല്‍ ബിജെപി യോട് നേരിട്ട് ഏറ്റുമുട്ടേണ്ടതിന് പകരം കേരളത്തില്‍ വന്ന് മത്സരിക്കുന്നതിനോട് കേരളത്തിലെ ഇടതുമുന്നണിക്കുള്ള എതിർപ്പ് അവർ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ തന്നെ പരസ്യമാക്കിയിരുന്നു. രാഹുല്‍ വന്നാലും ഇല്ലെങ്കിലും വയനാട്ടില്‍ സത്യൻ മൊകേരിയെ കളത്തിലിറക്കി ശക്തമായ പോരാട്ടം നടത്താനാണ് സിപിഐയുടെ തീരുമാനം.

Back to top button
error: