കോട്ടയം: പി.സി.ജോര്‍ജ് നേതൃത്വം നല്‍കുന്ന ജനപക്ഷം സെക്കുലര്‍ പാര്‍ട്ടി ബിജെപിയിലേക്കെന്ന് സൂചന. ഇതിന്റെ ഭാഗമായുള്ള ചര്‍ച്ചയ്ക്ക് പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള മൂന്നംഗ സമിതി ഡല്‍ഹിയിലെത്തി. പി.സി.ജോര്‍ജ്, ഷോണ്‍ ജോര്‍ജ്, ജോര്‍ജ് ജോസഫ് കാക്കനാട് എന്നിവരാണ് ബിജെപി കേന്ദ്ര നേതൃത്വവുമായി സംസാരിക്കാന്‍ ഡല്‍ഹിയിലെത്തിയത്. പ്രകാശ് ജാവഡേക്കര്‍, വി.മുരളീധരന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തേക്കും. ബിജെപിയില്‍ ചേരണമെന്നാണ് പാര്‍ട്ടി അണികളുടെ പൊതുവികാരമെന്ന് പി.സി.ജോര്‍ജ് പറഞ്ഞു.
കഴിഞ്ഞ കുറച്ചുനാളുകളായി എന്‍.ഡി.എ. അനുകൂല നിലപാടുകളായിരുന്നു പി.സി. ജോര്‍ജിന്റെ ജനപക്ഷം പാര്‍ട്ടയുടേത്. ഘടക കക്ഷിയാവുകയല്ല, മെമ്പര്‍ഷിപ്പെടുത്ത് ബിജെപി പാര്‍ട്ടിയുടെ ഭാഗമാകാനുള്ള ഔദ്യോഗിക തീരുമാനമാണ് എടുത്തിട്ടുള്ളതെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. പാര്‍ട്ടി ഒറ്റക്കെട്ടായി എടുത്ത തീരുമാനമാണിത് എന്നാണ് വിവരം.
”ഇത്രയും പ്രഗത്ഭനായ ഒരു പ്രധാനമന്ത്രി ഇന്ത്യയില്‍ ഉണ്ടായിട്ടില്ല. അദ്ദേഹത്തിന് പിന്തുണ കൊടുക്കുക എന്നതാണ് പാര്‍ട്ടി അണികളുടെ അഭിപ്രായം. ബിജെപിയില്‍ ചേരുക എന്ന അഭിപ്രായമാണ് ഞങ്ങള്‍ക്കുള്ളത്. സീറ്റൊന്നും പ്രശ്‌നമല്ല. ബിജെപിയില്‍ ചേരുക എന്ന അഭിപ്രായം വന്നാല്‍ സീറ്റിന്റെ കാര്യങ്ങള്‍ ബിജെപിയല്ലേ നിശ്ചിക്കുന്നത്? ബിജെപി മത്സരിക്കാന്‍ പറഞ്ഞാല്‍ മത്സരിക്കും, ഇല്ലെങ്കില്‍ ഇല്ല. ലോക്‌സഭ തിരഞ്ഞെടുപ്പിനു മുന്‍പ് തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്” -പി.സി.ജോര്‍ജ് പറഞ്ഞു.
ബിജെപിയുടെ കേന്ദ്ര നേതൃത്വം ഇന്ന് ഡല്‍ഹിയിലെത്താന്‍ ആവശ്യപ്പെട്ടതായി ഷോണ്‍ ജോര്‍ജ് പറഞ്ഞു. ”എന്‍ഡിഎയില്‍ ചേരുന്നതുമായി ബന്ധപ്പെട്ട തീരുമാനമെടുക്കാന്‍ പാര്‍ട്ടിയുടെ സംസ്ഥാന കമ്മിറ്റി അഞ്ചംഗ സമിതിയെ ചുമതലപ്പെടുത്തിയിരുന്നു. അതില്‍ മൂന്നു പേരാണ് ഇന്ന് ഡല്‍ഹില്‍ എത്തിയത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചര്‍ച്ചയാകും. എന്‍ഡിഎ മുന്നണിയുടെ ഭാഗമാകുമോ അതോ ബിജെപിയില്‍ ലയിക്കുമോ എന്ന കാര്യം ചര്‍ച്ചയ്ക്കു ശേഷം തീരുമാനിക്കും.” ഷോണ്‍ ജോര്‍ജ് പറഞ്ഞു.