KeralaNEWS

മരുന്ന് ക്ഷാമം സഭയില്‍ ഉന്നയിച്ച് പ്രതിപക്ഷം; ക്ഷാമമില്ലെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: സര്‍ക്കാര്‍ ആശുപത്രികളിലെ മരുന്ന് ക്ഷാമം നിയമസഭയില്‍ ഉന്നയിച്ച് പ്രതിക്ഷം. ഓര്‍ഡര്‍ ചെയ്ത മരുന്നുകള്‍ 60 ദിവസത്തിനകം എത്തിക്കണമെന്ന കാര്യം നടപ്പിലായില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പറഞ്ഞു. 81 ശതമാനം മരുന്ന് പോലും ഈ കാലയളവില്‍ ആശുപത്രികളില്‍ എത്തിയില്ല.മരുന്നില്ല എന്നത് യാഥാര്‍ഥ്യമാണ്. മരുന്ന് കമ്പനിക്ക് കോടിക്കണക്കിന് രൂപ കൊടുക്കാനുണ്ടെന്നും പ്രതിപക്ഷ അംഗങ്ങളുടെ ചോദ്യത്തിന് കൃത്യമായ മറുപടിയല്ല ആരോഗ്യമന്ത്രി പറയുന്നതെന്ന് സതീശന്‍ ആരോപിച്ചു.

കേരളത്തില്‍ മരുന്ന് ക്ഷാമമില്ലെന്ന് ആരോഗ്യമന്ത്രി വീണാജോര്‍ജ് മറുപടി നല്‍കി. എസന്‍ഷ്യല്‍ ഡ്രഗ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തേണ്ട മരുന്നുകളുടെ എണ്ണം ഓരോ വര്‍ഷവും കൂടിവരുന്നു. എസന്‍ഷ്യല്‍ ഡ്രഗ് ലിസ്റ്റില്‍ ഉള്ള മരുന്ന് ആശുപത്രിയില്‍ ഇല്ലെന്ന് പ്രതിപക്ഷം പറഞ്ഞാല്‍ അത് പരിശോധിക്കാം. സര്‍ക്കാര്‍ ആശുപത്രികളെ ആശ്രയിക്കുന്ന രോഗികളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനവുണ്ടായിട്ടുണ്ട് .പ്രതിപക്ഷം ഇങ്ങനെ പറയുന്നത് ദുഃഖകരമാണെന്നും മരുന്ന് ഉണ്ടെന്ന് സര്‍ക്കാര്‍ ഉറപ്പാക്കുന്നുണ്ടെന്നും ആരോഗ്യമന്ത്രി മറുപടി നല്‍കി.

Back to top button
error: