കാസര്‍കോട്: യുവാവിന്റെ ഭീഷണിയെ തുടര്‍ന്ന് ആത്മഹത്യയ്ക്കു ശ്രമിച്ച പതിനാറുകാരി മരിച്ചു. കാസര്‍കോട് ബദിയടുക്കയിലാണ് സംഭവം. അടുപ്പം ഉപേക്ഷിച്ചാല്‍ പിതാവിനെ കൊലപ്പെടുത്തുമെന്ന ഭീഷണിയെ തുടര്‍ന്നാണ് പെണ്‍കുട്ടി ആത്മഹത്യയ്ക്കു ശ്രമിച്ചത്. ഭീഷണിപ്പെടുത്തിയ മൊഗ്രാല്‍ സ്വദേശി അന്‍വര്‍ നേരത്തേ അറസ്റ്റിലായിരുന്നു.
അന്‍വറും ബദിയടുക്ക സ്വദേശിയായ പതിനാറുകാരിയും തമ്മില്‍ സമൂഹമാധ്യമത്തിലൂടെയാണ് പരിചയപ്പെട്ടത്. ഇക്കാര്യം അറിഞ്ഞ പെണ്‍കുട്ടിയുടെ കുടുംബം എതിര്‍പ്പ് ഉന്നയിച്ചതോടെ പെണ്‍കുട്ടി ബന്ധത്തില്‍നിന്ന് പിന്‍മാറി.
കഴിഞ്ഞ ദിവസം സ്‌കൂള്‍വിട്ടു വരുന്ന വഴി പെണ്‍കുട്ടിയെ തടഞ്ഞുനിര്‍ത്തിയ അന്‍വര്‍, ബന്ധത്തില്‍നിന്ന് പിന്‍മാറിയാല്‍ പിതാവിനെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. ഭയന്നുപോയ പെണ്‍കുട്ടി വീട്ടിലെത്തിയതിനു പിന്നാലെ വിഷം കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചു.
ഗുരുതരാവസ്ഥയില്‍ മംഗളൂരുവിലെയും ബെംഗളൂരുവിലെയും ആശുപത്രികളില്‍ ചികിത്സയിലായിരുന്നു പെണ്‍കുട്ടി. ഇന്നു രാവിലെയാണ് പെണ്‍കുട്ടി മരണത്തിനു കീഴടങ്ങിയത്. പെണ്‍കുട്ടിയുടെ മൃതദേഹം നിലവില്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയിലാണ് സൂക്ഷിച്ചിരിക്കുന്നത്.
പെണ്‍കുട്ടിയുടെ കുടുംബം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അന്‍വറിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അന്‍വറിന്റെ കൂട്ടാളികളായ രണ്ടു പേര്‍ പൊലീസിന്റെ നിരീക്ഷണത്തിലാണ്.