IndiaNEWS

പ്രാണപ്രതിഷ്ഠ ദിനത്തില്‍ കുഞ്ഞ് വേണം; ഇന്ന് പ്രസവിക്കാന്‍ ആശുപത്രികളില്‍ തിരക്ക്

ന്യൂഡല്‍ഹി: അയോധ്യയിലെ ശ്രീരാമക്ഷേത്ര പ്രാണപ്രതിഷ്ഠാച്ചടങ്ങ് നടക്കുന്ന ദിവസം പ്രസവിക്കാന്‍ ആശുപത്രികളില്‍ തിരക്ക്. അയോധ്യയിലെ ശ്രീരാമക്ഷേത്ര പ്രാണപ്രതിഷ്ഠാച്ചടങ്ങ് നടക്കുന്ന ദിവസം സിസേറിയന്‍ നടത്തണമെന്ന ആവശ്യവുമായി നിരവധി ഗര്‍ഭിണികളും കുടുംബവും എത്തുന്നുവെന്നാണ് റിപ്പോര്‍ട്ട്.

രാമക്ഷേത്ര പ്രതിഷ്ഠയുടെ ‘ശുഭ മുഹൂര്‍ത്ത’ത്തില്‍ കുഞ്ഞുവേണം എന്ന ആഗ്രഹം പ്രകടിപ്പിച്ചുകൊണ്ട് ആശുപത്രിയെ സമീപിക്കുന്നവരുടെ എണ്ണം ദിനം പ്രതി കൂടുകയാണ് എന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രാണപ്രതിഷ്ഠ നടക്കുന്ന ജനുവരി 22 ശുഭമുഹൂര്‍ത്തമാണെന്നും, പ്രാണപ്രതിഷ്ഠാ ദിനത്തില്‍ ജനിക്കുന്ന കുഞ്ഞിന് ശ്രീരാമന്റെ എല്ലാ ഗുണങ്ങളും ലഭിക്കുമെന്ന വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ് പ്രസവം 22ന് തന്നെ നടത്തമെന്ന ആവശ്യം ഗര്‍ഭിണികളും കുടുംബവും ഉന്നയിക്കുന്നത്.

Signature-ad

പ്രസവത്തിന് ശുഭ ദിനം ജനുവരി 22 ആണെന്ന് ചില ജോത്സ്യന്‍മാര്‍ മൂഹൂര്‍ത്തം കുറിച്ച് കൊടുക്കുന്നുണ്ട്. ഇക്കാരണം കൊണ്ടും ആവശ്യവുമായി നിരവധി ഗര്‍ഭിണികള്‍ എത്തുന്നുണ്ട്. എന്നാല്‍, ഇത്തരത്തില്‍ മൂഹൂര്‍ത്തം കുറിക്കുന്ന പൂജാരിമാര്‍ക്ക് എതിരെ ആരോഗ്യ വിദഗ്ധര്‍ രംഗത്ത് എത്തുന്നുണ്ട്.

ജനിക്കാന്‍ പോകുന്ന കുഞ്ഞിന് സര്‍വ്വഗുണങ്ങളും ലഭിക്കാന്‍ സിസേറിയന് ജനുവരി 22ന് തന്നെ നടത്താന്‍ ആവശ്യപ്പെടുന്ന കുടുംബങ്ങള്‍ അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യാവസ്ഥയെക്കുറിച്ച് ചിന്തിക്കുന്നില്ലെന്ന് ഗണേഷ് ശങ്കര്‍ വിദ്യാര്‍ഥി മെമ്മോറിയല്‍ മെഡിക്കല്‍ കോളജിലെ ഗൈനക്കോളജി ഡിപ്പാര്‍ട്ട്മെന്റ് ഇന്‍ചാര്‍ജ് സീമ ദ്വിവേദി ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. പ്രസവം നേരത്തെയാക്കുന്നതിന്റെയും വൈകിപ്പിക്കുന്നതിന്റെയും അപകടങ്ങളെക്കുറിച്ച് ആലോചിക്കുന്നില്ലെന്നും സീമ ദ്വിവേദി കൂട്ടിച്ചേര്‍ത്തു.

ജനുവരി 22ന് തങ്ങളുടെ ആശുപത്രിയില്‍ ഒരു ലേബര്‍ റൂമില്‍ മാത്രം 35 സിസേറിയനാണ് നടക്കാന്‍ പോകുന്നതെന്നും അതിനുളള സജ്ജീകരണങ്ങള്‍ നടത്തിവരികയാണെന്നും സീമ ദ്വിവേദി പറഞ്ഞു.

അതേസമയം, നോര്‍മല്‍ പ്രസവം നടക്കേണ്ട പല കേസുകളും പ്രാണപ്രതിഷ്ഠാദിനത്തോടനുബന്ധിച്ച് സിസേറിയനാക്കേണ്ട അവസ്ഥയിലാണ് ഒരു വിഭാഗം ഡോക്ടര്‍മാര്‍. മുഹൂര്‍ത്ത പ്രസവത്തിനായി ആശുപത്രിയെ സമീപിക്കുന്നവരില്‍ ഏറെയും നോര്‍ത്ത് ഇന്ത്യയില്‍ നിന്നുളളവര്‍ തന്നെയാണ്.

Back to top button
error: