ഇടുക്കി: മൂലമറ്റത്ത് യുവാവ് ഭാര്യവീട്ടിലേക്ക് ജീപ്പ് ഇടിച്ചുകയറ്റി. ഭാര്യയും കുട്ടികളും ഉള്‍പ്പെടെ വീട്ടിലുള്ളപ്പോഴാണ് യുവാവ് അതിക്രമം നടത്തിയത്.
സംഭവത്തില്‍ പതിപ്പള്ളി സ്വദേശി സൂര്യകുന്നേല്‍ പ്രേംജിത്തിനെ (കണ്ണൻ- 37) പോലീസ് പിടികൂടി.
ഇന്നലെ വൈകിട്ട് കണ്ണന്‍റെ മർദ്ദനത്തില്‍ രക്ഷതേടി ഭാര്യ സ്വന്തം വീട്ടിലെത്തിയിരുന്നു. പിന്നാലെ എത്തിയ കണ്ണനെ കണ്ട് ഭാര്യയും കുട്ടികളും വീട്ടിനുള്ളില്‍ കയറി കതകടച്ചു. ഇതില്‍ ക്ഷുഭിതനായ കണ്ണൻ വീട്ടിലേക്ക് സ്വന്തം ജീപ്പ് ഇടിച്ച് കയറ്റുകയായിരുന്നു.
സംഭവസമയം വീട്ടില്‍ മൂന്നു മുതിർന്നവരും കണ്ണന്‍റെയും ഭാര്യാ സഹോദരിയുടേയും ഉള്‍പ്പടെ അഞ്ചു കുട്ടികളും ഉണ്ടായിരുന്നു. ജീപ്പ് ഇടിച്ചുകയറ്റിയതോടെ ഭയന്ന് വീട്ടിലുണ്ടായിരുന്നവർ കുട്ടികളെയും എടുത്ത് പിൻവാതിലിലൂടെ രക്ഷപ്പെട്ട് അയല്‍വാസികളുടെ വീട്ടില്‍ അഭയം തേടുകയായിരുന്നു.
നാട്ടുകാർ അറിയിച്ചതനുസരിച്ച് കാഞ്ഞാർ പോലീസെത്തി കണ്ണനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.