തൃശൂര്‍: കൊരട്ടി ഖന്നാ നഗറില്‍ ഭാര്യയെ വെട്ടികൊലപ്പെടുത്തിയ ഭര്‍ത്താവിനെ ട്രയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. കൊഴുപ്പിള്ളി ബിനുവാണ് ഭാര്യ ഷീജയെ വെട്ടി കൊന്നത്. പുലര്‍ച്ചെ അഞ്ചരയോടെ യായിരുന്നു സംഭവം. ബിനുവും ഭാര്യ ഷീജയും ആറാം ക്ലാസിലും എല്‍കെജിയിലും പഠിക്കുന്ന 2 മക്കളും ഖന്നാ നഗറിലാണ് വാടകയ്ക്ക് താമസിച്ചിരുന്നത്.
മത്സ്യ വില്പനയായിരുന്നു ബിനുവിന്റെ ഉപജീവനം. ഷീജ തുന്നല്‍ ജോലി ചെയ്തിരുന്നു. രണ്ടുമാസമായി ബിനു ജോലിക്ക് പോകാത്തതിനെ ചൊല്ലി വീട്ടില്‍ വഴക്കുണ്ടായിരുന്നെന്ന് നാട്ടുകാര്‍ പറയുന്നു. പുലര്‍ച്ചെ അഞ്ചരയോടെ മുറിവേറ്റ ശരീരവുമായി കൂട്ടികള്‍ തൊട്ടടുത്ത ക്ഷേത്ര പരിസരത്തേക്ക് ഓടി എത്തിയപ്പോഴാണ് ഉത്സവത്തിനെത്തിയ നാട്ടുകാര്‍ വിവരമറിയുന്നത്. കുട്ടികളെ ആശുപത്രിയിലേക്ക് വിട്ട ശേഷം വീടു തുറന്ന് നോക്കുമ്പോള്‍ ഷീജ മരിച്ചു കിടക്കുന്നതാണ് കണ്ടത്.
കൊരട്ടി പൊലീസ് ബിനുവിനായി തെരച്ചില്‍ നടത്തുന്നതിനിടെയാണ് ബിനു ട്രയിന്‍ തട്ടി മരിച്ച വിവരം അറിയുന്നത്. കൊരട്ടി കമ്യൂണിറ്റി ഹാളിന് പിന്‍വശത്തെ റെയില്‍വേ ട്രാക്കിലായിരുന്നു മൃതദേഹം. ഭാര്യയെ കൊലപ്പെടുത്തി ബിനു ആത്മഹത്യ ചെയ്തെന്നാണ് പ്രാഥമിക നിഗമനം.