ന്യൂഡല്‍ഹി: ഇന്ത്യയില്‍നിന്നുള്ള ഡോര്‍ണിയര്‍ വിമാനം ഉപയോഗിക്കുന്നതിന് പ്രസിഡന്റ് മുഹമ്മദ് മുയിസു അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് മാലദ്വീപ് സ്വദേശിയായ 14 വയസ്സുകാരന്‍ മരിച്ചെന്ന് പരാതി. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡ് (എച്ച്എഎല്‍) നിര്‍മിച്ച്, ഇന്ത്യ നല്‍കിയ ഡോര്‍ണിയര്‍ വിമാനം മാലദ്വീപില്‍ എയര്‍ ആംബുലന്‍സായി ഉപയോഗിക്കുന്നുണ്ട്.
ഗാഫ് അലിഫ് വില്ലിങ്കിലിയിലെ വിദൂര ദ്വീപായ വില്‍മിങ്ടനില്‍ താമസിക്കുന്ന 14 വയസ്സുകാരനാണ് മരണത്തിനു കീഴടങ്ങിയത്. ബ്രെയിന്‍ ട്യൂമര്‍ ബാധിതനായ കുട്ടിക്ക് കഴിഞ്ഞ ബുധനാഴ്ച രാത്രി മസ്തിഷ്‌കാഘാതം ഉണ്ടായി. ഗുരുതരാവസ്ഥയിലായതിനെ തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി മാലദ്വീപ് തലസ്ഥാനമായ മാലെയിലേക്ക് കൊണ്ടുപോകുന്നതിന് കുടുംബം എയര്‍ ആംബുലന്‍സ് ആവശ്യപ്പെട്ടു.
എന്നാല്‍, 16 മണിക്കൂറിനുശേഷം വ്യാഴാഴ്ച രാവിലെയാണ് എയര്‍ ആംബുലന്‍സിനുള്ള അനുമതി ലഭിച്ചത്. തുടര്‍ന്ന് കുട്ടിയെ മാലെയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അപേക്ഷ ലഭിച്ചയുടന്‍ നടപടിക്രമങ്ങള്‍ ആരംഭിച്ചിരുന്നെന്നും അവസാനനിമിഷമുണ്ടായ സാങ്കേതിക തകരാറിനെ തുടര്‍ന്നാണ് കാലതാമസം ഉണ്ടായതെന്നും മെഡിക്കല്‍ ഇവാക്കുവേഷന്റെ ചുമതലയുള്ള ആസന്ധ കമ്പനി ലിമിറ്റഡ് അറിയിച്ചു.
കുട്ടി മരിച്ചതിനെ തുടര്‍ന്ന് ആശുപത്രിക്കു പുറത്ത് പ്രതിഷേധം നടന്നതായി മാലദ്വീപിലെ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രസിഡന്റിന്റെ ഇടപെടലിനെ തുടര്‍ന്നാണ് എയര്‍ ആംബുലന്‍സിന് അനുമതി ലഭിക്കാതിരുന്നതെന്നും ആരോപണം ഉയര്‍ന്നു. ”ഇന്ത്യയോടുള്ള പ്രസിഡന്റിന്റെ വിരോധം തീര്‍ക്കാന്‍ ആളുകള്‍ അവരുടെ ജീവന്‍ പണയപ്പെടുത്തേണ്ടതില്ല.” മാലദ്വീപ് എംപി മീകെയില്‍ നസീം എക്സില്‍ കുറിച്ചു.
ഇന്ത്യയും മാലദ്വീപും തമ്മിലുള്ള നയതന്ത്രബന്ധം വഷളായ സാഹചര്യത്തിലാണ് സംഭവം. കഴിഞ്ഞ വര്‍ഷം നവംബറില്‍ പ്രസിഡന്റ് മുഹമ്മദ് മുയിസു അധികാരമേറ്റതു മുതല്‍ ഇന്ത്യയുമായി മാലദ്വീപ് അകല്‍ച്ചയിലാണ്. കഴിഞ്ഞ മാസം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷദ്വീപ് സന്ദര്‍ശനത്തെ വിമര്‍ശിച്ചുള്ള മാലദ്വീപ് എംപിമാരുടെ പോസ്റ്റിനു പിന്നാലെ ബന്ധം കൂടുതല്‍ വഷളായി.
ഇതിനു പിന്നാലെ രാജ്യത്തുള്ള 88 ഇന്ത്യന്‍ സൈനികരെ മാര്‍ച്ച് 15ന് മുന്‍പ് പിന്‍വലിക്കണമെന്നു മാലദ്വീപ് ആവശ്യപ്പെട്ടിരുന്നു. ഇന്ത്യന്‍ സൈനികരെ പിന്‍വലിക്കണമെന്ന് നവംബറില്‍, സ്ഥാനമേറ്റതിന്റെ തൊട്ടടുത്ത ദിവസവും പ്രസിഡന്റ് മുഹമ്മദ് മുയിസു ആവശ്യപ്പെട്ടിരുന്നു. ഇന്ത്യ നല്‍കിയ 2 ഹെലികോപ്റ്ററുകളും ഒരു ചെറുവിമാനവും മാലദ്വീപ് ഉപയോഗിക്കുന്നുണ്ട്. 5 വര്‍ഷത്തിനിടെ അഞ്ഞൂറിലേറെ മെഡിക്കല്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ ഇവര്‍ നടത്തി.