തൃശൂര്‍: ലോക്സഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് മുന്‍പേ തന്റെ പേരിലെഴുതിയ ചുവരെഴുത്ത് മായ്പിച്ച് ടിഎന്‍ പ്രതാപന്‍ എംപി. തൃശൂര്‍ വെങ്കിടങ്ങിലാണ് ടിഎന്‍ പ്രതാപനെ വിജയപ്പിക്കണമെന്ന രീതിയില്‍ ചുവരെഴുത്തുകള്‍ പ്രത്യക്ഷപ്പെട്ടത്. ചിഹ്നം മാത്രം വരയ്ക്കാനാണ് പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കിയതെന്ന് ടിഎന്‍ പ്രതാപന്‍ പറഞ്ഞു.
തന്റെ പേരില്‍ പ്രത്യക്ഷപ്പെട്ട ചുവരെഴുത്തുകള്‍ പ്രതാപന്‍ പ്രവര്‍ത്തകരെക്കൊണ്ട് മായ്പിക്കുകയും ചെയ്തു. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാതെ, സ്ഥാനാര്‍ഥികളുടെ പേര് എഴുതാന്‍ പാടില്ലെന്ന കര്‍ശനനിര്‍ദേശം താഴെത്തട്ടിലേക്ക് നല്‍കിയതായും പ്രതാപന്‍ പറഞ്ഞു.
ഇന്ന് രാവിലെയാണ് ജില്ലയിലെ വിവിധ ഇടങ്ങളില്‍ ചുവരെഴുത്തുകള്‍ പ്രത്യക്ഷപ്പെട്ടത്. പ്രദേശത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് സിറ്റിങ് എംപിയെ വിജയിപ്പിക്കാനായി ചുവരെഴുത്ത് നടത്തിയത്. ജില്ലയില്‍ പ്രചാരണം തുടങ്ങാന്‍ പ്രതാപന്‍ ഉള്‍പ്പടെയുള്ള നേതാക്കള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് അഭ്യര്‍ഥിച്ചിരുന്നു. കോണ്‍ഗ്രസിനെ വിജയിപ്പിക്കുക, ഇന്ത്യയെ രക്ഷിക്കുകയെന്നഴുതി ചിഹ്നം വരയ്ക്കാനും സ്ഥാനാര്‍ഥിയുടെ പേര് ഒഴിച്ചിടാനുമായിരുന്നു നേതൃത്വത്തിന്റെ നിര്‍ദേശം.