ന്യൂഡല്‍ഹി: അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കാത്തതില്‍ വിശദീകരണവുമായി പുരി ശങ്കരാചാര്യ. രാമവിഗ്രഹം സ്ഥാപിക്കുന്നത് സംബന്ധിച്ച് പാരമ്പര്യത്തില്‍ നിന്നുണ്ടായ വ്യതിചലനമാണ് തങ്ങളുടെ തീരുമാനത്തിന് കാരണമെന്ന് പുരി ശങ്കരാചാര്യ പീഠത്തിലെ ശങ്കരാചാര്യ സ്വാമി നിശ്ചലാനന്ദ സരസ്വതി മഹാരാജ് പറഞ്ഞു.
”ശങ്കരാചാര്യന്‍മാര്‍ അവരുടേതായ മാന്യത ഉയര്‍ത്തിപ്പിടിക്കുന്നവരാണ്. ഇത് അഹങ്കാരത്തിന്റെ പ്രശ്നമല്ല. പ്രധാനമന്ത്രി രാമവിഗ്രഹ പ്രതിഷ്ഠ നടത്തുമ്പോള്‍ ഞങ്ങള്‍ പുറത്തിരുന്ന് കയ്യടിക്കണമെന്നാണോ പറയുന്നത്? മതേതര സര്‍ക്കാര്‍ എന്നതുകൊണ്ട് പാരമ്പര്യം മായ്ച്ചുകളയുന്നവര്‍ എന്നല്ല അര്‍ഥമാക്കുന്നത്”-പുരി ശങ്കരാചാര്യ പറഞ്ഞു.
ജനുവരി 22-ന് നടക്കുന്ന പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് നാല് ശങ്കരാചാര്യന്‍മാരും നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നു. പണിപൂര്‍ത്തിയാകാത്ത ക്ഷേത്രത്തില്‍ പ്രതിഷ്ഠ നടത്തുന്നതുകൊണ്ടാണ് ശങ്കരാചാര്യര്‍ പങ്കെടുക്കാത്തത്. ശങ്കരാചാര്യന്‍മാര്‍ പങ്കെടുക്കാത്തത് പ്രതിപക്ഷം ആയുധമാക്കിയിരുന്നു. രാമക്ഷേത്രത്തിലെ ചടങ്ങിന് നമ്മുടെ നാല് ശങ്കരാചാര്യന്‍മാരും ഇല്ലെങ്കില്‍ പങ്കെടുക്കുന്നതിന് അത്ര പ്രാധാന്യമില്ലെന്നാണ് സൂചിപ്പിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് അശോക് ഗെലോട്ട് പറഞ്ഞു.