16 ഹൂതി കേന്ദ്രങ്ങളില്‍ 73 വ്യോമാക്രമണങ്ങളാണ് നടത്തിയത്.അഞ്ച് മരണം സ്ഥിരീകരിച്ചിട്ടുണ്ട്.ഗാസയിലെ ഹമാസ് – ഇസ്രയേല്‍ സംഘര്‍ഷം ഇന്ന് നൂറ് ദിവസം തികയുന്നതിനിടെയാണ് പശ്ചിമേഷ്യയെ ആശങ്കയിലാഴ്ത്തി അമേരിക്കയും ബ്രിട്ടന്റെയും തുറന്ന പോരാട്ടം.
2016ന് ശേഷം യെമനില്‍ യു.എസിന്റെ ആദ്യ ആക്രമണമാണിത്. തങ്ങളുടെ അഞ്ച് പേര്‍ കൊല്ലപ്പെട്ടതായും ആറ് പേര്‍ക്ക് പരിക്കേറ്റതായും ഹൂതികള്‍ അറിയിച്ചു. സംഭവത്തിൽ ശക്തമായി തിരിച്ചടിക്കുമെന്ന് ഹൂതി നേതാവ് മുഹമ്മദ് അല്‍ ബുഖൈതി മുന്നറിയിപ്പ് നല്‍കി. യു.എസ് – യു.കെ ആക്രമണത്തെ ഇറാനും അപലപിച്ചു.
യു.എസ്,യു.കെ വിമാനങ്ങള്‍ സംയുക്തമായാണ് ആക്രമണം നടത്തിയെന്നും 30 ഓളം ഇടങ്ങളാണ് ലക്ഷ്യം വെച്ചതെന്നും ഇതിൽ 16 എണ്ണം വിജയകരമായിരുന്നെന്നും പെന്‍റഗണ്‍ വ്യക്തമാക്കിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം ഹുദൈദ, സൻആ തുടങ്ങി പത്തിടങ്ങളില്‍ അമേരിക്കയും ബ്രിട്ടനും ബോംബിട്ടിരുന്നിരുന്നു.അതേസമയം
ഇന്നലെ പുലര്‍ച്ചെയോടെ യു.എസ്, ബ്രിട്ടീഷ് യുദ്ധവിമാനങ്ങള്‍, കപ്പലുകള്‍, അന്തര്‍വാഹിനികള്‍ എന്നിവ തൊടുത്ത മിസൈലുകള്‍ യെമനിലെ 16 ഹൂതി കേന്ദ്രങ്ങള്‍ തകര്‍ത്തു. 73 വ്യോമാക്രമണങ്ങളാണ് നടന്നത്. അമേരിക്ക ജി,. പി. എസ് നിയന്ത്രിത ടോമാഹാക്ക് ക്രൂസ് മിസൈലുകള്‍ ഉള്‍പ്പെടെ നൂറിലേറെ മാരക ആയുധങ്ങള്‍ പ്രയോഗിച്ചു. യെമന്റെ തലസ്ഥാനമായ സനാ, ടൈസ്, ഹാജ എന്നിവിടങ്ങളിലെ ഹൂതി സൈനിക കേന്ദ്രങ്ങളിലും ചെങ്കടലിലെ ഹൂതി നാവിക താവളമായ ഹൊദൈദയിലും സ്ഫോടനങ്ങളുണ്ടായി. ഹൂതികളുടെ റഡാര്‍ ശൃംഖലയും ഡ്രോണ്‍, മിസൈല്‍ സംഭരണ, വിക്ഷേപണ കേന്ദ്രങ്ങളും കമാൻഡ് ആൻഡ് കണ്‍ട്രോള്‍ കേന്ദ്രങ്ങളും തകര്‍ത്തതായി പെന്റഗണ്‍ അവകാശപ്പെട്ടു. നിരവധി ഹൂതി കേന്ദ്രങ്ങള്‍ തങ്ങള്‍ തകര്‍ത്തതായി ബ്രിട്ടനും പറഞ്ഞു.
ഗാസയില്‍ ഇസ്രയേലിന്റെ ആക്രമണത്തിന് തിരിച്ചടിയായാണ് ഇറാൻ പിന്തുണയുള്ള ഹൂതി വിമതര്‍ ചെങ്കടലില്‍ കപ്പലുകളെ ആക്രമിച്ചത്. ആദ്യം ഇസ്രയേല്‍ ബന്ധമുള്ള കപ്പലുകളായിരുന്നു ഉന്നം. പിന്നീട് അന്താരാഷ്ട്ര ചരക്കുകപ്പലുകള്‍ക്കും പാശ്ചാത്യ യുദ്ധക്കപ്പലുകള്‍ക്കും നേരെയായി ആക്രമണം. മിസൈലുകളും ഡ്രോണുകളും ഉൾപ്പെടെയായിരുന്നു ആക്രമണം.
ഇതിനിടെ കഴിഞ്ഞ ചൊവ്വാഴ്ച ചെങ്കടലില്‍ യുദ്ധക്കപ്പലുകള്‍ക്ക് നേരെ പ്രയോഗിച്ച 21 മിസൈലുകളും ഡ്രോണുകളും യു.എസും യു.കെയും വെടിവച്ചിട്ടിരുന്നു.അതിന് മുൻപ് ഹൂതികളുടെ നാലു ബോട്ടുകൾ തകർക്കുകയും പത്തുപേരെ വധിക്കുകയും ചെയ്തിരുന്നു.
യെമനിലെ ന്യൂനപക്ഷമായ ഷിയാ വിഭാഗത്തിന്റെ സായുധ സംഘമാണ് ഹൂതികൾ. ഇറാന്റെ പിന്തുണയോടെ പ്രവർത്തിക്കുന്ന ഇവർ 1990കളില്‍ അന്നത്തെ പ്രസിഡന്റ് അലി അബ്ദുല്ല സാലിഹിന്റെ അഴിമതിക്കെതിരെയാണ് ആദ്യമായി രംഗത്ത് വരുന്നത്.സൗദി പിന്തുണയോടെ സാലിഹ് 2003ല്‍ ഹൂതികളെ ഉന്മൂലനം ചെയ്യാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു
യെമൻ സര്‍ക്കാരിനെതിരെ 2014 മുതല്‍ ആഭ്യന്തര യുദ്ധത്തില്‍ ഏർപ്പെട്ടതോടെയാണ് ഹൂതികൾ വാർത്തയിൽ ഇടം പിടിക്കുന്നത്.