CrimeNEWS

യുവാവിനെ വിളിച്ചുവരുത്തി മര്‍ദിച്ച് കവര്‍ച്ച, യുവതിക്കൊപ്പം നിര്‍ത്തി വീഡിയോ ചിത്രീകരിച്ചു; യുവതികളടക്കം 7 പേര്‍ പിടിയില്‍

ആലപ്പുഴ: യുവതി ഫോണില്‍ വിളിച്ചുവരുത്തിയ യുവാവിനെ ഒന്‍പതംഗ സംഘം തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണവും ഫോണും തട്ടിയെടുത്ത് യുവതിക്കൊപ്പം നിര്‍ത്തി വീഡിയോ ചിത്രീകരിച്ച സംഭവത്തില്‍ ചേര്‍ത്തല പൊലീസ് ഏഴുപേരെ അറസ്റ്റ് ചെയ്തു. സംഭവത്തില്‍ ഉള്‍പ്പെട്ട രണ്ടുപേര്‍ ഒളിവിലാണ്. ആലപ്പുഴ ആറാട്ടുവഴി സ്വദേശി അഖിലിനെയാണ്(22) കഴിഞ്ഞ മാസം 23ന് തട്ടിക്കൊണ്ടുപോയത്.

ആലുവ തായ്ക്കാട്ടുകര പഴയപറമ്പ് അബ്ദുല്‍ജലീല്‍(32), തായ്ക്കാട്ടുകര ബാര്യത്തുവീട്ടില്‍ ജലാലുദ്ദീന്‍(35), തായ്ക്കാട്ടുകര മാഞ്ഞാലിവീട്ടില്‍ മുഹമ്മദ് റംഷാദ്(25), തായാക്കാട്ടുകര തച്ചാവള്ളത്ത് വീട്ടില്‍ ഫൈസല്‍(32), പള്ളൂരുത്തി കല്ലുപുരക്കല്‍ വീട്ടില്‍ അല്‍ത്താഫ്(29), കരുനാഗപള്ളി ശിവഭവനത്തില്‍ കല്ല്യാണി(20), പാലാക്കാട് വാണിയംകുളം കുന്നുപറമ്പ് വീട്ടില്‍ മഞ്ജു(25) എന്നിവരെയാണ് ആലുവയില്‍ നിന്ന് ഇന്നലെ അറസ്റ്റ് ചെയ്തത്.

Signature-ad

അഖിലും കരുനാഗപ്പള്ളി സ്വദേശിനിയായ യുവതിയും തമ്മില്‍ സൗഹൃദത്തിലായിരുന്നെന്നും എന്നാല്‍ അടുത്തിടെ അഖില്‍ യുവതിയെ ഫോണിലൂടെ അസഭ്യം പറഞ്ഞതിലുള്ള പ്രകോപനമാണ് തട്ടിക്കൊണ്ടുപോകലിനു കാരണമെന്നും പൊലീസ് പറഞ്ഞു. യുവതി കൂട്ടുകാരുമായി ആലോചിച്ച് തന്ത്രപരമായി അഖിലിനെ രാത്രിയില്‍ ചേര്‍ത്തലയിലേക്കു വിളിച്ചുവരുത്തി. തുടര്‍ന്ന് റെയില്‍വേ സ്റ്റേഷനു സമീപത്തു നിന്നു കാറില്‍ തട്ടിക്കൊണ്ടുപോയി എറണാകുളം കാക്കനാട് ഭാഗത്തുവച്ച് മര്‍ദിച്ച് പേഴ്സിലുണ്ടായിരുന്ന 3500 രൂപയും ഫോണും എടുത്തതിനുശേഷം യുവതിയോടൊപ്പം നില്‍ക്കുന്ന വീഡിയോ ചിത്രീകരിച്ച്, അവശനായ അഖിലിനെ വഴിയില്‍ ഇറക്കിവിടുകയായിരുന്നു.

അഖില്‍ ചേര്‍ത്തല പൊലീസില്‍ നല്‍കിയ പരാതിയില്‍ സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ ബി.വിനോദ് കുമാര്‍, എസ്‌ഐ കെ.പി. അനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

Back to top button
error: