IndiaNEWS

ബഹിരാകാശത്ത് വൈദ്യുതിയും ഉല്‍പ്പാദിപ്പിക്കാം; പരീക്ഷണം വിജയിപ്പിച്ച് ഐഎസ്ആര്‍ഒ

ചെന്നൈ: ബഹിരാകാശത്ത് വൈദ്യുതി ഉല്‍പാദിപ്പിക്കുന്ന പരീക്ഷണം വിജയിപ്പിച്ച് ഐഎസ്ആര്‍ഒ. ഫ്യുവല്‍ സെല്‍ പവര്‍ സിസ്റ്റം (എഫ്സിപിഎസ്) പരീക്ഷണമാണ് വിജയം കണ്ടത്. 350 കിലോമീറ്റര്‍ ഉയരത്തില്‍ 180 വാള്‍ട്ട് വൈദ്യുതിയാണ് ഫ്യുവല്‍ സെല്‍ ഉല്‍പാദിപ്പിച്ചത്. ഇസ്റോയുടെ വിക്രം സാരാഭായ് സ്പേസ് സെന്റര്‍ (വിഎസ്എസ്സി) ആണ് ഫ്യുവല്‍ സെല്‍ നിര്‍മിച്ചത്.

ബഹിരാകാശത്തെ പോളിമര്‍ ഇലക്ട്രോലൈറ്റ് മെംബ്രൈന്‍ ഫ്യൂവല്‍ സെല്‍ പ്രവര്‍ത്തനം വിലയിരുത്തുകയും ഭാവി ദൗത്യങ്ങള്‍ക്കായുള്ള സംവിധാനങ്ങളുടെ രൂപകല്‍പ്പന സുഗമമാക്കുന്നതിന് ഡാറ്റ ശേഖരിക്കുകയും ചെയ്യുക എന്നതായിരുന്നു പരീക്ഷണത്തിന്റെ ലക്ഷ്യമെന്ന് ഐഎസ്ആര്‍ഒ ഔദ്യോഗിക പ്രസ്താവനയില്‍ പറഞ്ഞു.

Signature-ad

ഹഡ്രജനും ഓക്സിജനും ഉപയോഗിച്ചാണ് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നതെന്നും ഇതില്‍ നിന്ന് പുറംതള്ളുന്നത് ജലം മാത്രമാണെന്നും മറ്റു തരത്തിലുള്ള ഒരു തരത്തിലുള്ള വാതകവും പുറംതള്ളുന്നില്ലെന്നും ഐഎസ്ആര്‍ഒ വ്യക്തമാക്കി. ഭാവിയില്‍ ബഹിരാകാശ പദ്ധതികളില്‍ ബാക്കപ്പ് സിസ്റ്റമായും ഇത് ഉപയോഗിക്കാന്‍ കഴിയും.

പുതുവര്‍ഷ ദിനത്തില്‍ ദൗത്യം പിഎസ്എല്‍വി സി 58 എക്സ്പോസാറ്റ് (എക്സ്റേ പോളാരിമീറ്റര്‍ സാറ്റലൈറ്റ്) റോക്കറ്റ് വിക്ഷേപിച്ചിരുന്നു. ഈ റോക്കറ്റിന്റെ അവസാന ഭാഗത്ത് പിഒഇഎം എന്ന മൊഡ്യൂളുണ്ടായിരുന്നു. ഈ മൊഡ്യൂളിലാണ് 10 ഉപഗ്രഹങ്ങള്‍ ഉണ്ടായിരുന്നത്. ഇതില്‍ രണ്ടെണ്ണം വിഎസ്എസ്സി ആണ് നിര്‍മിച്ചത്. അതില്‍ ഒന്നാണ് എഫ്സിപിഎസ്. ഇതാണ് വിജയകരമായതായി ഐഎസ്ആര്‍ഒ അറിയിച്ചത്.

 

Back to top button
error: