ഇടുക്കി: മാങ്കുളത്ത് വനം വകുപ്പും – നാട്ടുകാരും തമ്മിലുണ്ടായ സംഘര്‍ഷം മാങ്കുളം ഡി.എഫ്.ഒ ഉള്‍പ്പെടെയുള്ള വനപാലകര്‍ക്കെതിരെ കേസ്. ജനപ്രതിനിധികളെ മര്‍ദിച്ചെന്ന പരാതിയിലാണ് കേസ്. ഡി.ഫ്.ഒയുടെ പരാതിയില്‍ പ്രതിഷേധത്തില്‍ പങ്കെടുത്ത നാട്ടുകാര്‍ക്കെതിരെയും പൊലീസ് കേസ് എടുത്തു.
പ്രതിഷേധം തുടരാന്‍ ജനകീയ സമര സമതിയുടെ തീരുമാനം. പെരുമ്പന്‍ കുത്ത് വെള്ളച്ചാട്ടത്തോടനുബന്ധിച്ചുള്ള വാച്ച് ടവര്‍ നിര്‍മാണത്തെ ചൊല്ലിയായിരുന്നു തര്‍ക്കം. ദേവികുളം ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് മാങ്കുളം പഞ്ചായത്താണ് വാച്ച് ടവര്‍ നിര്‍മിച്ചത്. നാളെ ഡി.ഫ്.ഒ ഓഫീസിലേക്ക് മാര്‍ച്ച് നടത്താനും നാട്ടുകാര്‍ തീരുമാനിച്ചു.
വനംവകുപ്പ് ഉദ്യോഗസ്ഥരുടെ മര്‍ദനമേറ്റ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിബിന്‍ ജോസഫ്, പഞ്ചായത്തംഗം അനില്‍ ആന്റണി എന്നിവരെ ഇടുക്കി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മര്‍ദിച്ച ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ മണിക്കൂറോളം മാങ്കുളം ഡിഎഫ്ഒ ഉള്‍പ്പെടെയുള്ളവരെ ടൗണില്‍ തടഞ്ഞുവച്ചു. ജനപ്രതിനിധികളെ മര്‍ദിച്ച വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കുമെന്ന പൊലീസിന്റെ ഉറപ്പില്‍ രാത്രി ഏഴോടെയാണു പ്രതിഷേധക്കാര്‍ പിന്‍മാറിയത്.