
ദോഹ:എഎഫ്‌സി ഏഷ്യൻ കപ്പിനായി ഖത്തറിലെത്തിയ ഇന്ത്യൻ ഫുട്ബോൾ ടീമിന് ലഭിച്ചത് ആവേശോജ്വലമായ സ്വീകരണം. കഴിഞ്ഞ ദിവസം ഖത്തറിലെ ഹമദ് എയർപോർട്ടിൽ എത്തിയ ഇന്ത്യൻ ടീമിന് ഏഷ്യൻ കപ്പിലെ മറ്റൊരു ടീമിനും അവകാശപ്പെടാൻ കഴിയാത്ത രീതിയിലുള്ള വരവേൽപ്പാണ് ലഭിച്ചത്. നൂറു കണക്കിന് ആരാധകരാണ് ഇന്ത്യൻ ഫുട്ബോൾ ടീമിനെ സ്വീകരിക്കാൻ എയർപോർട്ടിൽ ഉണ്ടായിരുന്നത്.
കേരള ബ്ലാസ്റ്റേഴ്സ് ആരാധകക്കൂട്ടമായ മഞ്ഞപ്പടയുടെ നേതൃത്വത്തിലായിരുന്നു സ്വീകരണം.ഇന്ത്യൻ ഫുട്ബോൾ ടീം എയർപോർട്ടിൽ വന്നിറങ്ങിയതു മുതൽ വലിയ ആരവമാണ് ഉണ്ടായത്. ഓരോ താരങ്ങളെയും ആരാധകർ സ്വീകരിച്ചു. ഖത്തറിലെ മഞ്ഞപ്പട വിങ്ങാണ് ഇത്രയും മികച്ചൊരു സ്വീകരണം ഇന്ത്യൻ ഫുട്ബോൾ ടീമിന് നൽകാൻ മുന്നിൽ നിന്നത്. എയർപോർട്ടിൽ മഞ്ഞപ്പടയുടെ ട്രേഡ്‌മാർക്ക് വൈക്കിംഗ് ക്ലാപ്പ് നടത്തിയത് കൂടുതൽ ആവേശം നൽകി.
ഇഗോർ സ്റ്റിമാച്ച് പരിശീലകനായ ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ ഇരുപത്തിയാറ് പേരടങ്ങിയ സ്‌ക്വാഡാണ് ഖത്തറിൽ എത്തിയിരിക്കുന്നത്. സുനിൽ ഛേത്രി നയിക്കുന്ന ടീമിൽ കേരള ബ്ലാസ്റ്റേഴ്‌സിൽ നിന്നുള്ള മൂന്നു താരങ്ങളാണുള്ളത്. രാഹുൽ കെപി, പ്രീതം കോട്ടാൽ, ഇഷാൻ പണ്ഡിറ്റ എന്നീ താരങ്ങളാണ് ടീമിലുള്ളത്. മുൻ ബ്ലാസ്റ്റേഴ്‌സ് താരമായ സഹലും ഇന്ത്യൻ ടീമിലുണ്ട്.
ജനുവരി പന്ത്രണ്ടു മുതൽ ഫെബ്രുവരി പത്ത് വരെയുള്ള ദിവസങ്ങളിലാണ് ഏഷ്യൻ കപ്പ് ഫുട്ബോൾ ടൂർണമെന്റ് നടക്കുന്നത്. ഇരുപത്തിനാലു ടീമുകൾ കിരീടത്തിനായി പോരാടുന്ന ടൂർണമെന്റിൽ ഇന്ത്യ ഗ്രൂപ്പ് ബിയിലാണ് ഉൾപ്പെട്ടിരിക്കുന്നത്. കരുത്തരായ ഓസ്‌ട്രേലിയക്ക് പുറമെ ഉസ്‌ബെക്കിസ്ഥാൻ, സിറിയ എന്നീ ടീമുകളാണ് ഇന്ത്യൻ ടീമിന്റെ ഗ്രൂപ്പിലുള്ളത്.






