തിരുവനന്തപുരം: ഗവര്‍ണര്‍ക്കെതിരെ വീണ്ടും സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ ഹരജി നല്‍കി. ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ സമയപരി നിശ്ചയിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹരജി. ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ മാര്‍ഗ്ഗരേഖ എന്നതാണ് കേരളത്തിന്റെ ആവശ്യം. കേരളം നേരത്തെ ഈ ആവശ്യം ഉന്നയിച്ചപ്പോള്‍ ഹരജി പുതുക്കി നല്‍കാന്‍ സുപ്രിംകോടതി നിര്‍ദ്ദേശിച്ചിരുന്നു.
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ സുപ്രിംകോടതി രൂക്ഷവിമര്‍ശനം ഉയര്‍ത്തിയ സാഹചര്യത്തിലാണ് ആവശ്യങ്ങള്‍ പുതുക്കിനല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. സര്‍വകലാശാല ബില്ലുകള്‍ ഉള്‍പ്പെടെ ഓര്‍ഡിനന്‍സ് ആയിരുന്നപ്പോള്‍ ഒപ്പിടുകയും, ബില്ല് ആയപ്പോള്‍ തീരുമാനം എടുക്കാതിരിക്കുകയും ചെയ്യുന്നത് ഇരട്ടത്താപ്പ് ആണെന്ന് സംസ്ഥാനം വിലയിരുത്തുന്നു. 213-ാമത് അനുച്ഛേദ പ്രകാരം, ഓര്‍ഡിനന്‍സ് ആകുമ്പോള്‍ അനുമതി നല്‍കിയത് ബില്ല് ആകുമ്പോള്‍ നിഷേധിക്കാന്‍ പാടില്ലെന്ന് മുതിര്‍ന്ന അഭിഭാഷകനായ കെ.കെ വേണുഗോപാല്‍ ചൂണ്ടിക്കാട്ടുന്നു.
രാഷ്ട്രപതിക്ക് ബില്ല് അയക്കുമ്പോള്‍ മതിയായ കാരണം വ്യക്തമാക്കണം. ഇക്കാര്യത്തില്‍ ഗവര്‍ണര്‍ക്ക് പിഴവുപറ്റി. അതിനാല്‍ കോടതിയില്‍ ചോദ്യംചെയ്യാമെന്ന നിയമോപദേശമാണ് സംസ്ഥാനത്തിന് ലഭിച്ചിരിക്കുന്നത്. പൊതുജനാരോഗ്യ ബില്ലില്‍ ഒപ്പിടുകയും ഏഴ് ബില്ലുകള്‍ രാഷ്ട്രപതിക്ക് അയക്കുകയും ചെയ്തതോടെ നിലവിലെ ഹരജിയിലെ പ്രധാന ആവശ്യങ്ങള്‍ അപ്രസക്തമായി. ഇതോടെയാണ് പുതുക്കിസമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടത്.