IndiaNEWS

പാര്‍ലമെന്റിലെ സുരക്ഷാവീഴ്ചയില്‍ രാജ്യസഭയില്‍ ബഹളം; പുറത്ത് പ്രതിഷേധിച്ച് പുറത്താക്കപ്പെട്ട എംപിമാര്‍

ന്യൂഡല്‍ഹി: പാര്‍ലമെന്റിലെ സുരക്ഷാവീഴ്ചയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവര്‍ പ്രതികരിക്കണമെന്ന് ആവശ്യപ്പെട്ട് പാര്‍ലമെന്റിന്റെ ഇരുസഭകളിലും പ്രതിപക്ഷ ബഹളം. രാജ്യസഭയില്‍ പ്രതിപക്ഷ ബഹളത്തെത്തുടര്‍ന്ന് സഭ 11.45 വരെ പിരിഞ്ഞു. ലോക്സഭ 12 മണിവരെ നിര്‍ത്തിവച്ചു.

രാജ്യസഭയില്‍ സഭാ നടപടികള്‍ ആരംഭിച്ചപ്പോള്‍ തന്നെ പ്രതിപക്ഷം നടുത്തളത്തിലേക്ക് ഇറങ്ങി. ഇതേത്തുടര്‍ന്ന് രാജ്യസഭാ അധ്യക്ഷന്‍ ജഗ്ദീപ് ധന്‍കര്‍ ക്ഷോഭിച്ച് എംപിമാരോട് ഇരിപ്പിടത്തിലേക്ക് മടങ്ങാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ പ്രതിപക്ഷം ബഹളം തുടര്‍ന്നതോടെയാണ് സഭ നിര്‍ത്തിവച്ചത്.

Signature-ad

ലോക്‌സഭയിലും സഭ തുടങ്ങിയപ്പോള്‍ തന്നെ ബഹളം ആരംഭിക്കുകയായിരുന്നു. പ്രതിപക്ഷത്തുണ്ടായിരുന്ന എ.എം.ആരിഫ്, തോമസ് ചാഴിക്കാടന്‍, ജെഡിയു അംഗങ്ങളായ വിജയ്കുമാര്‍ മാജി, കവിത സിങ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. ഇവരെ പേരെടുത്തു പറഞ്ഞ് സ്പീക്കര്‍ താക്കീത് ചെയ്തു. സഭ ആരംഭിച്ചപ്പോള്‍ 25 മിനിറ്റോളം നടുത്തളത്തിലിരുന്നു പ്രതിഷേധിച്ച ഇവര്‍ സ്പീക്കറുടെ ഡയസിലേക്ക് കയറിയപ്പോഴായിരുന്നു സഭ നിര്‍ത്തിയത്.

പാര്‍ലമെന്റിന് പുറത്ത് ഗാന്ധിപ്രതിമയ്ക്ക് സമീപം പുറത്താക്കപ്പെട്ട എംപിമാരുടെ നേതൃത്വത്തിലും പ്രതിഷേധം തുടരുകയാണ്. ഇവര്‍ കേന്ദ്ര സര്‍ക്കാരിനെതിരെ മുദ്രാവാക്യം മുഴക്കി. ഇതിനിടെ ക്രിമിനല്‍ ബില്‍, ടെലികോം ബില്‍ തുടങ്ങിയ സുപ്രധാന ബില്ലുകള്‍ പാസാക്കാനാണ് കേന്ദ്ര സര്‍ക്കാരിന്റെ നീക്കം. മൂന്ന് ബില്ലുകളില്‍ മറുപടി അമിത് ഷാ ഇന്ന് ലോക്‌സഭയില്‍ നല്‍കുന്നുണ്ട്. സുരക്ഷാ വീഴ്ചയിലും മറുപടി ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അതിനിടെ, ഉപരാഷ്ട്രപതിയെ രാഹുല്‍ ഗാന്ധി അപമാനിച്ചെന്ന് ചൂണ്ടിക്കാട്ടി ഇരുസഭകളിലും ബിജെപി നോട്ടീസ് നല്‍കി. രാഹുല്‍ ഗാന്ധിയുടേയും തൃണമൂല്‍ എംപി കല്യാണ്‍ ബാനര്‍ജിയുടേയും നടപടി പ്രിവിലജ് കമ്മിറ്റി പരിശോധിക്കണമെന്നാണ് ബിജെപി ആവശ്യം

Back to top button
error: